കൊല്ലം∙ വിദേശത്തു നിന്നു മുട്ടയ്ക്കാവിലെത്തുന്ന എംഡിഎംഎയ്ക്ക് വിൽപനക്കാർ ഇട്ടിരിക്കുന്ന പേരാണ് ‘ഒമാൻ കല്ല്’. വില കൂടുതലാണെങ്കിലും ഇതിന് ആവശ്യക്കാർ ഏറെയാണ്. കഴിഞ്ഞ ദിവസം പിടിയിലായ സാബിർ അറൂഫ് വിദേശത്തു നിന്ന് എംഡിഎംഎ എത്തിച്ചിരുന്ന സംഘത്തിലെ പ്രധാനി ആണെന്നാണ് പൊലീസിനു ലഭിച്ച രഹസ്യ വിവരം. വിദേശത്തു നിന്നു നാട്ടിലേക്കു വരുന്നവർ വഴിയാണ് ഇവർ ഒമാനിൽ നിന്ന് എംഡിഎംഎ കൊണ്ടു വന്നിരുന്നത്. ഇത്തരത്തിൽ മറ്റു ജില്ലകളിലുള്ള എംഡിഎംഎ മൊത്ത വിൽപനക്കാരും വിദേശത്തു നിന്ന് എംഡിഎംഎ കൊണ്ടു വരുന്നുണ്ട്.
അത്തരത്തിൽ എംഡിഎംഎ കൊണ്ടു വന്ന ഒരു സ്ത്രീയാണ് ആറ്റിങ്ങലിൽ വച്ച് 3 മാസം മുൻപ് പിടിയിലായത്. ഇവർ പിടിയിലായതോടെയാണ് മുട്ടയ്ക്കാവിലെ വിൽപന സംഘം ഒമാനിൽ നിന്നുള്ള എംഡിഎംഎ എത്തിക്കുന്നത് താൽക്കാലികമായി നിർത്തി വച്ചത്. പിന്നീട് ഇവർ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടു വന്നു തുടങ്ങി. എംഡിഎംഎ കച്ചവടത്തിൽ നിന്നു നല്ല വരുമാനം ലഭിക്കുന്നതിനാൽ ആഡംബര ജീവിതമാണ് സാബിർ അറൂഫിന്റേത്.
25 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
കൊല്ലം∙ കാറിൽ കൊണ്ടു വന്ന 25 ലക്ഷം രൂപ വില വരുന്ന 295.96 ഗ്രാം എംഡിഎംഎയുമായി 2 പേരെ കൊട്ടിയം പൊലീസും കൊല്ലം ഡാൻസാഫ് സംഘവും ചേർന്നു പിടികൂടി. കണ്ണനല്ലൂർ നെടുമ്പന മുട്ടയ്ക്കാവ് സബീർ മൻസിൽ സാബിർ അറൂഫ്(39), നെടുമ്പന മുട്ടയ്ക്കാവ് നജ്മ മൻസിലിൽ നജ്മൽ(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കൾ പുലർച്ചെ 4ന് മൈലാപ്പൂര് തൈക്കാവ് ജംക്‌ഷനിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്. 2 ദിവസം മുൻപാണ് സാബിർ അറൂഫിന്റെ കാറിൽ നജ്മലുമായി ബെംഗളൂരുവിലേക്ക് പോയത്.
ഇവർ സ്ഥിരമായി എംഡിഎംഎ വൻതോതിൽ കച്ചവടം ചെയ്യുന്നവരാണെന്നു പൊലീസ് പറഞ്ഞു. വിദേശത്തു നിന്നും ഇവർ നേരത്തേ എംഡിഎംഎ എത്തിച്ചുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്ഐമാരായ സായ്സേനൻ, കണ്ണൻ, കൊട്ടിയം എസ്ഐ നിഥിൻ നളൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
MDMA seizure in Kollam leads to the arrest of two individuals with 295.96 grams of MDMA worth 25 lakh rupees. The arrested individuals were involved in smuggling and trading MDMA, bringing it from Bangalore and previously from overseas, using a code name \“Oman Kallu\“. |