ന്യൂഡൽഹി ∙ ബിഹാറിൽ എല്ലാം ശരിയെന്ന് എൻഡിഎ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ആവർത്തിക്കുമ്പോഴും ബിജെപി ഒഴികെ എല്ലാ ക്യാംപിലും അതൃപ്തിയാണ്. ‘ഇത്തവണ എൻഡിഎയിൽ ഒന്നും ശരിയല്ല’ എന്നു പറഞ്ഞാണ് രാഷ്ട്രീയ ലോക് മോർച്ച നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര ഖുശ്‌വാഹ നിരാശ തുറന്നുപറഞ്ഞത്. വൈശാലി ജില്ലയിലെ മഹുവ സീറ്റ് ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) നൽകിയതാണ് ആർഎൽപിയെ പ്രകോപിപ്പിച്ചത്.
- Also Read ബിഹാർ: സീറ്റ് ധാരണയായില്ല; ഇന്ത്യാസഖ്യത്തിൽ കല്ലുകടി
ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതിൻ റാം മാഞ്ചിയും നിരാശ പരസ്യമാക്കിയിരുന്നു. ബോധ് ഗയ, മഖ്ദുംപൂർ മണ്ഡലങ്ങളിൽ 2 സീറ്റുകളിൽ എച്ച്എഎം സ്ഥാനാർഥികളെ നിർത്തുമെന്ന് മാഞ്ചി പറഞ്ഞു.
243 അംഗ നിയമസഭയിൽ 101 സീറ്റുകൾ വീതം ജെഡിയുവും ബിജെപിയും പങ്കിട്ടപ്പോൾ ചിരാഗ് പാസ്വാൻ നയിക്കുന്ന ലോക് ജനശക്തിക്ക് 29 സീറ്റുകളാണ് നൽകിയത്.
സിറ്റിങ് സീറ്റുകളിൽ ചിലത് ചിരാഗിന് നൽകേണ്ടി വരുമെന്നതിൽ ജെഡിയുവിലും കടുത്ത അമർഷമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ചിരാഗിന്റെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ എങ്കിലും ജെഡിയുവിന്റെ ഒട്ടേറെ സീറ്റുകൾ നഷ്ടപ്പെടുത്താൻ കാരണമായിരുന്നു. കഴിഞ്ഞ ദിവസം 71 സ്ഥാനാർഥികളെ നിശ്ചയിച്ച ബിജെപി ഇന്നലെ 12 പേരുടെ പട്ടിക കൂടി പുറത്തുവിട്ടു. ജെഡിയു 57 പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് ഖുശ്‌വാഹ മഹ്നാർ മണ്ഡലത്തിൽ പത്രിക നൽകി.
തേജസ്വിക്കെതിരെ മത്സരിക്കാനില്ലെന്ന് പ്രശാന്ത് കിഷോർ
പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവിനോട് ഏറ്റുമുട്ടാനുള്ള നീക്കത്തിൽ നിന്നു ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പിന്മാറി. തേജസ്വി യാദവിന്റെ സിറ്റിങ് സീറ്റായ രാഘോപുരിൽ മത്സരിക്കുമെന്നു പ്രശാന്ത് കിഷോർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാഘോപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയായി ചഞ്ചൽ സിങിനെ തീരുമാനിച്ചു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാതെ സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധിക്കാനാണു തീരുമാനമെന്നു പ്രശാന്ത് കിഷോർ അറിയിച്ചു.\“ English Summary:
Bihar Election: Seat-Sharing Tensions Erupt in Bihar NDA, Jitan Ram Manjhi & Upendra Kushwaha Express Dissatisfaction. |