ന്യൂഡൽഹി ∙ ഇരട്ടിത്തീരുവയിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് കാലിടറുന്നു. ഇരട്ടിത്തീരുവ പൂർണമായും ബാധകമായിരുന്ന സെപ്റ്റംബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ജൂലൈയെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ ഇടിവുണ്ടായി. ജൂലൈയിൽ 801.2 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള കയറ്റുമതിയെങ്കിൽ സെപ്റ്റംബറിൽ ഇത് 546.56 കോടി ഡോളറായി കുറഞ്ഞു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കയറ്റുമതിയാണു സെപ്റ്റംബറിലേതെന്നു കണക്കുകളിൽ നിന്ന് വ്യക്തമാണ്.
- Also Read റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകി; റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവയ്‌പ്: ട്രംപ്
ഓഗസ്റ്റ് 7 നു ചുമത്തിയ 25% പകരം തീരുവയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്. ഇരട്ടിത്തീരുവ ഭാഗികമായി ചുമത്തപ്പെട്ട ഓഗസ്റ്റിൽ 686 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള ചരക്കുകയറ്റുമതി. ഓഗസ്റ്റുമായി താരതമ്യം ചെയ്താൽപോലും സെപ്റ്റംബറിലെ ഇടിവ് 20 ശതമാനമാണ്. ഒക്ടോബറിലായിരിക്കും ഇരട്ടിത്തീരുവയുടെ കൂടുതൽ പ്രത്യാഘാതം വെളിവാകുകയെന്നാണ് വാണിജ്യകാര്യമന്ത്രാലയത്തിന്റെ നിഗമനം.
ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ ഒഴികെയുള്ള മാസങ്ങളിൽ 790 കോടി ഡോളറിൽ കുറയാതെ കയറ്റുമതി നടന്നിരുന്നു. യുഎസ് ഏറ്റവും ഉയർന്ന തീരുവ ചുമത്തിയ രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യ മാറിയത് ഓഗസ്റ്റിലാണ്. പകരം തീരുവ ഇരട്ടിയാക്കിയതോടെ യുഎസിലേക്കുള്ള 66% കയറ്റുമതിക്കും ഉയർന്ന തീരുവ ബാധകമായ സ്ഥിതിയാണ്.
യുഎസുമായുള്ള തുടർ ചർച്ചകൾക്കായി വാണിജ്യകാര്യ മന്ത്രാലയം സെക്രട്ടറി രാജേഷ് അഗൾവാൾ ഇന്ന് യുഎസിലേക്കു പോകും. ഇന്ത്യയുടെ ഒരു പ്രതിനിധി സംഘം അവിടെയുണ്ട്. യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നേക്കും. ഒരുകാലത്ത് 2,500 കോടി ഡോളറായിരുന്ന ഇറക്കുമതി ഇപ്പോൾ 1,300 കോടി ഡോളർ മാത്രമാണ്. അതിനാൽ 1,500 കോടി ഡോളറിന്റെ അധിക ഇറക്കുമതിക്ക് തടസ്സമില്ലെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ നിരീക്ഷണം.
മൊത്തം കയറ്റുമതിയിൽ 3.6% ഇടിവ്
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയുടെ മൊത്തം ചരക്കുകയറ്റുമതിയിൽ 3.6 ശതമാനത്തിന്റെ ഇടിവുണ്ടായി. ഓഗസ്റ്റിൽ 3,510 കോടി ഡോളറായിരുന്ന കയറ്റുമതി സെപ്റ്റംബറിൽ 3,638 കോടി ഡോളറായി കുറഞ്ഞു. അതേസമയം, 2024 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 6% വർധനയുണ്ട്.
യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി
(തുക കോടി ഡോളറിൽ)
ജനുവരി 844
ഫെബ്രുവരി 791
മാർച്ച് 1014
ഏപ്രിൽ 841
മേയ് 883
ജൂൺ 829
ജൂലൈ 801
ഓഗസ്റ്റ് 686
സെപ്റ്റംബർ 546 English Summary:
Exports hit by US tariffs: Commerce Ministry Secretary to US today for talks |