ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ വോട്ടവകാശയാത്രയിൽ കാട്ടിയ ഒത്തൊരുമ സീറ്റ് ചർച്ചയിൽ പ്രകടമാകാതെ വന്നതോടെ, ഇന്ത്യാസഖ്യത്തിൽ കല്ലുകടി. സീറ്റ് ധാരണയുണ്ടാക്കുന്നതിലെ വീഴ്ച സഖ്യത്തിന് ഗുണത്തെക്കാൾ ദോഷമാകുമോ എന്ന ആശങ്ക നേതാക്കൾ പങ്കിടുന്നു. സീറ്റ് ധാരണ പൂർത്തിയാക്കി, ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കഴിയുമെന്നായിരുന്നു ഇന്ത്യാസഖ്യം സൂചിപ്പിച്ചത്. സ്വന്തം തട്ടകമായ രാഘോപുരിൽ പത്രിക നൽകുന്ന തിരക്കിലായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവ്.
- Also Read എൻഡിഎ ക്യാംപിലും തർക്കം; അതൃപ്തി പരസ്യമാക്കി മന്ത്രി ജിതിൻ റാം മാഞ്ചി, ഒന്നും ശരിയല്ലെന്ന് ഖുശ്‌വാഹ
സീറ്റുകളുടെ കാര്യത്തിൽ ധാരണയായിട്ടില്ലെങ്കിലും പാർട്ടികൾ സ്വന്തം നിലയിൽ സ്ഥാനാർഥി നിർണയം ഏറക്കുറേ പൂർത്തിയാക്കി. അന്തിമ ചിത്രമാകുന്നതിനു പിന്നാലെ സ്ഥാനാർഥി പട്ടികയും ഇറക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് പത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കും. രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ 20 വരെയാണ് സമയം.
സഖ്യത്തിലെ അനിശ്ചിതത്വം സ്ഥാനാർഥിത്വം പ്രതീക്ഷിക്കുന്നവരുടെ പ്രചാരണത്തെയും ബാധിക്കുന്നു. 65 വരെ സീറ്റ് വേണമെന്ന വാശിയും ഏതാനും സീറ്റുകൾ വേണ്ടിയുള്ള ഉറച്ച നിലപാടും കോൺഗ്രസ് സ്വീകരിച്ചതാണ് ചർച്ച വഴിമുട്ടിച്ചത്. സിപിഐ എംഎല്ലും പുതുതായി മുന്നണിയിലെത്തിയ വികാസ്‌ശീൽ ഇൻസാൻ പാർട്ടിയും വഴങ്ങിയിട്ടില്ല. English Summary:
Bihar Seat-Sharing Deadlock: INDIA Alliance Faces Internal Friction |