വർക്കല ∙ ചെറുന്നിയൂർ വെള്ളിയാഴ്ചക്കാവ് ക്ഷേത്രത്തിനു സമീപത്തു കുന്നിടിക്കലിനെതിരെ ആശങ്ക . ചട്ടങ്ങളും നടപടിക്രമവും മറികടന്നു നൽകിയ പെർമിറ്റിന്റെ മറവിൽ നടക്കുന്നത് വ്യാപകമായ കുന്നിടിക്കലെന്നാണ് പരാതി. ഒന്നര ഏക്കറിലേറെ വരുന്ന കുന്നിൻ പ്രദേശത്ത് നൂറുകണക്കിന് ലോഡ് മണ്ണ്  നീക്കം ചെയ്തു കഴിഞ്ഞെന്നാണ് സൂചന.  കനത്ത മഴയുണ്ടായാൽ പ്രദേശത്തു വ്യാപകമായ മണ്ണൊലിപ്പുണ്ടാകും. ഇത് കുന്നിനു മുകളിൽ ശേഷിക്കുന്ന വീടുകളെയും താഴ്ഭാഗത്തെ വീടുകളെയും  പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.  
 
കുന്നിടിച്ചെടുക്കുന്നമണ്ണ് പഞ്ചായത്തിൽ വയൽ നികത്താൻ ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മൂന്നു മാസമായി മണ്ണ് കൊള്ളയ്ക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും കുന്നിടിക്കലിനു പിന്നിൽ അഴിമതിയാണെന്നും അന്വേഷണം വേണമെന്നും ഡിസിസി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര ആവശ്യപ്പെട്ടു. കുന്നിടിക്കലിനെതിരെ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ കൃഷ്ണനും പറഞ്ഞു.   
 
അതേസമയം വീട് നിർമാണത്തിന് അതതു സ്ഥല ഉടമസ്ഥർ നിയമപ്രകാരമുള്ള അനുമതികൾ നേടിയ ശേഷമാണ് ഇവിടെ നിർമാണ പ്രവൃത്തി നടത്തുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല പറഞ്ഞു. മണ്ണെടുപ്പ് സ്കൂളിന് ഭീഷണിയാണെന്ന വാദം ശരിയല്ല. മൂന്നു മാസമായി നടക്കുന്ന പ്രവൃത്തി ഇപ്പോൾ വിവാദമാക്കുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലെന്നും ഇവർ പറഞ്ഞു. English Summary:  
Hill cutting near Varkala raises environmental concerns. Allegations of illegal soil removal and potential landslides are being investigated, impacting local residents and properties. |