ടി.നന്ദകുമാർ എഴുതിയ ‘കേരള കർഷകരുടെ ആ‘പത്ത്’ വർഷങ്ങൾ’ എന്ന ലേഖനവും ‘കർഷകർക്കൊപ്പം സർക്കാർ ഉണ്ടാകണം’ എന്ന മനോരമ മുഖപ്രസംഗവും പഠനാർഹമായ ചില കാര്യങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. കേരളം കഴിഞ്ഞ പതിറ്റാണ്ടിൽ പച്ചക്കറി ഉൽപാദനത്തിൽ ശ്രദ്ധേയമായി മുന്നേറിയെങ്കിലും മറ്റു പ്രധാനവിളകളിൽ പ്രതീക്ഷിച്ച വളർച്ച കൈവരിച്ചിട്ടില്ല. കർഷകരുടെ വരുമാനം ഉയർത്താൻ പുതിയനയങ്ങളും പദ്ധതികളും അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, മൂല്യവർധിത വ്യവസായങ്ങൾ, മെച്ചപ്പെട്ട വിപണന-വായ്പാ സൗകര്യങ്ങൾ എന്നിവയിലൂന്നിയാണ് കേരളം മുന്നേറേണ്ടത്.  
  
 -  Also Read  ഹെലിപാഡിൽ തെരുവുനായ, നിലയ്ക്കലിൽ മൺതിട്ട ഇടിഞ്ഞുവീണു, പമ്പയിൽ മരം കടപുഴകി; കാത്തുനിന്ന് രാഷ്ട്രപതി   
 
    
 
ലോകബാങ്ക് സഹായത്തോടെയുള്ള ‘കേര’ പോലുള്ള പദ്ധതികൾ ശരിയായ ചുവടുവയ്പുകളാണ്. മാറുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന പുത്തൻ ഇനങ്ങൾ വികസിപ്പിക്കാൻ കേരള കാർഷിക സർവകലാശാലയും മനിലയിലെ രാജ്യാന്തര നെല്ലു ഗവേഷണകേന്ദ്രവും സഹകരിക്കുന്നുണ്ട്. കാർഷിക വിജ്ഞാനവ്യാപന സങ്കേതങ്ങളെ മിഷിഗൻ സ്റ്റേറ്റ് സർവകലാശാല സഹായിക്കുന്നു. നബാർഡിന്റെ സഹായത്തോടെ ‘കതിർ’ ഡിജിറ്റൽ സംവിധാനംവഴി 25 ലക്ഷം കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വായ്പ, വിള ഇൻഷുറൻസ് എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും പലിശനിരക്ക് കുറയ്ക്കാനും ഇതു സഹായിക്കും. 7 അഗ്രോപാർക്കുകളും പൊതു സംസ്കരണകേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭൂമി കൈമാറി നിർമാണം ആരംഭിക്കാൻ രണ്ടരവർഷത്തോളം വേണം. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം ഫണ്ട് ലഭ്യമായ ഈ പദ്ധതിയെ വിലയിരുത്താൻ സമയമായിട്ടില്ല.  
  
 -  Also Read  ആറളത്ത് മഞ്ഞൾക്കൃഷിയും നശിപ്പിച്ച് കാട്ടാനക്കൂട്ടം   
 
    
 
രൂക്ഷമായ ധനപ്രതിസന്ധി 
  
 2016നും 2025നും ഇടയിൽ നിയമസഭ പാസാക്കി യ 10 ബജറ്റുകളിലെ വിഹിതത്തിൽനിന്ന് 1125 കോടി രൂപ വെട്ടിക്കുറച്ചാണ് കൃഷിവകുപ്പിനു ലഭിച്ചത്. നിലവിൽ 490 കോടിയോളം രൂപ കർഷകർക്കും കരാറുകാർക്കും സർക്കാർ നൽകാനുണ്ട്. പത്തു വർഷം മുൻപ് 250 കോടി വരെ ലഭിച്ചിരുന്ന കേന്ദ്ര സഹായം സംസ്ഥാനവിഹിതം സമയബന്ധിതമായി ലഭിക്കാത്തതിനാൽ 98 കോടിയായി ചുരുങ്ങി. കാർഷിക സർവകലാശാലയിൽ മാത്രം വിരമിക്കൽ ആനുകൂല്യങ്ങളിലായി 226 കോടി രൂപ കുടിശികയാണ്.  
  
 -  Also Read   ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ   
 
    
         
  
 -    ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ  
 
        
  -    മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി  
 
        
  -    അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി  
 
        
   MORE PREMIUM STORIES  
  
 
40,000 കോടി രൂപ സംസ്ഥാനത്തു നിക്ഷേപിച്ച കിഫ്ബി, കാർഷികമേഖലയിൽ നടത്തിയത് വെറും 22 കോടിയുടെ നിക്ഷേപമാണ്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൃഷിമേഖലയ്ക്കായി നീക്കിവയ്ക്കുന്നതിന്റെ അഞ്ചിലൊന്നു തുക മാത്രമാണ് കേരളം ചെലവഴിക്കുന്നത്.  
 
നെല്ലുസംഭരണം മെച്ചപ്പെടുത്താൻ കൃഷിവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ വേഗം നടപടി തുടങ്ങാനായില്ല. 2024-25ൽ 50% പദ്ധതിവിഹിതം കൃഷിവകുപ്പിൽനിന്നും വെട്ടിക്കുറച്ചു. കാര്യമായ ധനലഭ്യതയുണ്ടായില്ലെങ്കിൽ കൃഷിക്കാർക്കും കരാറുകാർക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും നൽകാനുള്ള കുടിശികയിൽ 500 കോടി രൂപയെങ്കിലും 2026ലും നിലനിൽക്കും.  
 
കർഷകക്ഷേമനിധി ബോർഡ് മൂന്നുവർഷമായി ധനവകുപ്പിന്റെ പരിഗണനയിലാണ്. 2019ലെ നിയമത്തിലെ ചില പാളിച്ചകൾ തിരുത്തി ക്ഷേമ പദ്ധതി വിജ്ഞാപനം ചെയ്യുകയായിരുന്നു ലക്ഷ്യം. പദ്ധതിയിൽ 10 ലക്ഷം പേർ അംഗത്വമെടുത്താൽ നടത്തിപ്പിനു പ്രതിവർഷം 300 കോടി രൂപ വേണം. കൃഷി വകുപ്പിന്റെ വാർഷിക അടങ്കൽ ആകെ 700 കോടിയേ വരൂ. അതുപോലും ലഭിക്കുന്നുമില്ല. ‘ഒരു ലക്ഷം പേർക്കു തൊഴിൽ’ പദ്ധതിയിൽ ബാധ്യത 40 കോടി രൂപയായി. സർക്കാർ ഗ്രാന്റില്ലാതെ മുന്നോട്ടു പോകാനാകില്ല. ധനസ്ഥിതി പരിഗണിക്കാതെ വരുത്തിവച്ച പല ബാധ്യതകളും എങ്ങനെ നിറവേറ്റും എന്നറിയില്ല.  
 
വസ്തുതകൾ മറക്കരുത് 
  
 കൃഷിവകുപ്പിൽ മൂന്നരവർഷം പൂർത്തിയാക്കുമ്പോൾ തൃപ്തിതരുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഡിജിറ്റൽവൽക്കരണത്തിലടക്കം ഏറെ മുന്നോട്ടുപോയി. പദ്ധതിബാഹുല്യവും സാങ്കേതിക സങ്കീർണതയും കണക്കാക്കിയാൽ ഉദ്യോഗസ്ഥ തുടർച്ചയും ധനലഭ്യതയും നയമാറ്റവും അനിവാര്യമായ വർഷങ്ങൾ. കൃഷിവകുപ്പിൽ മൂന്നു വർഷത്തിനിടെ 5 ഡയറക്ടർമാരാണ് മാറിവന്നത്. ശരാശരി 6-7 മാസം മാത്രം ലഭിക്കുന്ന മേധാവിക്ക് 6500 ജീവനക്കാരുള്ള വകുപ്പിനെ ഫലപ്രദമായി നയിക്കാനാകുമോ? സമാന സാഹചര്യം സപ്ലൈകോയിലുമുണ്ട്.  
 
വകുപ്പുമായി ബന്ധമില്ലാത്ത പ്രശ്നങ്ങളിൽ സ്പെഷൽ സെക്രട്ടറി സസ്പെൻഷനിലായി. കാർഷികോൽപാദന കമ്മിഷണറെ (ലേഖകൻ) അടിയന്തരമായി തദ്ദേശഭരണ നിയമം, പദ്ധതി, ഡിജിറ്റൽവൽക്കരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ പഠിക്കാനുള്ള ഏകാംഗ കമ്മിഷനാക്കി. ട്രൈബ്യൂണൽ ഇതു റദ്ദാക്കിയതോടെ കമ്മിഷൻ പ്രവർത്തിച്ചതുമില്ല. അധികച്ചുമതലയിൽ നടക്കുന്നതല്ല കൃഷി പോലൊരു സങ്കീർണ വകുപ്പ്.  
 
ഇതൊക്കെ വകുപ്പിലെ കേന്ദ്ര ഏകോപനം വേണ്ട പദ്ധതികളെ ബാധിക്കില്ലേയെന്നു നമ്മൾ ചിന്തിക്കണം. അതു നടക്കുന്നില്ലെന്നായപ്പോൾ ‘കേര’ പദ്ധതിയെക്കുറിച്ചു വിവാദങ്ങൾ പ്രത്യക്ഷപ്പെട്ടു. ഓഗസ്റ്റ് ഒടുവിലും സെപ്റ്റംബറിലും പൊതുമേഖലാ കമ്പനി എംഡിയായും പഴ്സനൽ ഭരണവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും മാറ്റി വ്യത്യസ്ത ഉത്തരവുകളിറങ്ങി. പ്രഥമദൃഷ്ട്യാ നിയമവിധേയമല്ലാത്തതിനാൽ നിലവിൽ വ്യവഹാരത്തിലാണ്. അതിനാൽ പരാമർശിക്കുന്നില്ല. അർഹമായ തസ്തികയിൽ ഇരിക്കാനും അധ്വാനിക്കേണ്ട അവസ്ഥ!  
 
എത്ര കഠിനാധ്വാനം ചെയ്താലും കൊള്ളരുതാത്തവനെന്നു മുദ്രകുത്തി പുറത്താക്കാൻ വെമ്പുന്ന ചില ദൈവങ്ങൾക്കു പക്ഷേ, നാട്ടിൽ കുറവില്ല. കൃഷി അങ്ങനെ നന്നാക്കേണ്ട എന്നൊരു പിടിവാശി കടന്നുവന്നുവോ? അവർ മനസ്സിലാക്കേണ്ട കാര്യമുണ്ട്; കൃഷിവകുപ്പിന്റെ ആവശ്യങ്ങളോടു കുറെക്കൂടി സർഗാത്മകമായി പ്രതികരിച്ചിരുന്നെങ്കിൽ കർഷകർക്ക് ഇതിലും മികച്ച നേട്ടങ്ങൾ ലഭിക്കുമായിരുന്നു. വികസനത്തിന് വകുപ്പുകളുടെ കൂടുതൽ ഏകോപനം അനിവാര്യമാണ്. വസ്തുതകളെയും കുറവുകളെയുമാണ് നമ്മൾ അഭിസംബോധന ചെയ്യേണ്ടത്. കർഷകരെ കൂടുതൽ കരുതാമായിരുന്നു എന്നതിൽ തർക്കമില്ല. ഇനിയും കൂടുതൽ ഉണർന്നു പ്രവർത്തിച്ചാൽ നേട്ടങ്ങൾ കൈവരിക്കാനും കർഷകരുടെ വിശ്വാസം നേടാനും സാധിക്കും. ഈ കാര്യങ്ങൾ കൂട്ടിച്ചേർക്കാതെ കൃഷിവകുപ്പിലെ സേവനം പൂർണമാകില്ലെന്നാണ് ബോധ്യം.  
 
കൃഷി മേഖലയിൽ ഉടൻ നടപ്പാക്കേണ്ടവ 
  
 ⏩ മൂല്യവർധിത ഉൽപന്നങ്ങൾക്കായി 2023ൽ രൂപീകരിച്ച ‘കാബ്കോ’ എന്ന സംയുക്ത സംരംഭത്തിനു സർക്കാർ ഓഹരിയായി നൽകേണ്ട ഭൂമി രണ്ടു വർഷമായിട്ടും കൈമാറിക്കിട്ടിയിട്ടില്ല. നടപടി വേഗത്തിലാക്കണം. 
  
 ⏩ കിഫ്ബി സഹായത്തോടെ തൃശൂരിൽ പൂർത്തിയാക്കിയ ബനാന-ഹണി പാർക്കിന്റെ കൈമാറ്റവും രണ്ടു വർഷത്തോളം വൈകി. റവന്യു മന്ത്രിയുടെ മണ്ഡലത്തിലായിട്ടും ചുവപ്പുനാടയിൽപെട്ടു. 
  
 ⏩ ഹ്രസ്വകാല വിളകൾക്കു ഭൂമി പാട്ടത്തിനു നൽകാൻ സഹായിക്കുന്ന ‘ക്രോപ് കൾട്ടിവേറ്റേഴ്സ് ലൈസൻസ് ബിൽ’ രണ്ടു വർഷത്തിലേറെയായി കാത്തുകിടക്കുന്നു. ഇതു ബാങ്കിങ്, ഇൻഷുറൻസ് മേഖലകളുടെ ദീർഘകാല ആവശ്യമാണ്. 
  
 ⏩ ലോകബാങ്കിൽനിന്നു കുറഞ്ഞ പലിശയ്ക്കു കിട്ടുമായിരുന്ന 400-500 കോടി രൂപയുടെ സഹായത്തിനു രണ്ടാം കുട്ടനാട് പാക്കേജിന്റെ നടത്തിപ്പിലുണ്ടായ കാലതാമസം മൂലം അപേക്ഷിക്കാൻ കഴിഞ്ഞില്ല. കൃഷിവകുപ്പുമായി ഒരു മണിക്കൂർ ചർച്ചചെയ്താൽ തീർക്കാമായിരുന്ന വിഷയം മൂലം പദ്ധതി വൈകിയതു രണ്ടരവർഷമാണ്. നിർവഹണസമിതി യോഗങ്ങൾ പലതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഇതുടൻ കർമപഥത്തിൽ എത്തിക്കണം. 
  
 ⏩ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിച്ച് 50,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാൻ ലക്ഷ്യമിട്ട വൈവിധ്യവത്കരണ പദ്ധതി റവന്യു, വനം വകുപ്പുകൾ സഹകരിച്ചാലേ മുന്നോട്ടുപോകൂ. മാറ്റത്തെ അനുകൂലിക്കുന്ന നിലപാട് വേണം. 
  
 ⏩ നെൽസംഭരണ മാതൃക കുറവുകൾ തീർത്തു നവീകരിച്ചാൽ കർഷകർക്കു വലിയ ആശ്വാസമാകും. 
  
 (കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം) English Summary:  
Kerala agriculture: Kerala agriculture faces numerous challenges, including budget cuts and delayed project implementations, hindering farmer welfare and agricultural development. Addressing these issues through policy changes, financial support, and streamlined processes is crucial to revitalizing the sector and building trust with farmers. |