‘‘ എന്തിനാ മുനീറ മക്കൾ കരയുന്നത്’’ എന്ന് അയൽവീട്ടിലെ സ്ത്രീ ചോദിച്ചപ്പോൾ വിശന്നിട്ടാണെന്നു പറയാൻ അവൾ മടിച്ചു. ഭർത്താവ് ഉപേക്ഷിച്ചപ്പോൾ മൂന്നുമക്കളെയും കൂട്ടി ഉമ്മയുടെ വാടക ക്വാർട്ടേഴ്സിലേക്കു  വന്നതാണ്. കൊല്ലങ്ങൾക്കു മുൻപ് ഉപ്പ അവളെയും ഉമ്മയെയും ഉപേക്ഷിച്ചു പോയതായിരുന്നു. വീട്ടുജോലിയെടുത്ത് ജീവിക്കുന്ന പ്രായമായ ഉമ്മയ്ക്കു തന്നെയും മക്കളെയും സംരക്ഷിക്കാനുള്ള പ്രാപ്തിയില്ലെന്നു മുനീറയ്ക്ക് അറിയാം. പക്ഷേ, വേറെ ഗതിയില്ല.  
  
 -  Also Read  ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് കവി പി.പി.രാമചന്ദ്രൻ   
 
    
 
‘‘ ഈ പണം കൊണ്ടു കുട്ടികൾക്കെന്തെങ്കിലും വാങ്ങിക്കൊടുക്ക്’’ എന്നു പറഞ്ഞ് ആ  സ്ത്രീ കുറച്ചു പണം കൊടുത്തു. അന്നു കുട്ടികൾ ഭക്ഷണം കിട്ടിയ സന്തോഷത്തിൽ ഉറങ്ങി. രാത്രി അവർ വീണ്ടുമെത്തി. ഒരു ജോലി വാങ്ങി കൊടുക്കാം എന്നു പറഞ്ഞായിരുന്നു അത്. മക്കളെ ഉമ്മയുടെ അടുത്താക്കി മുനീറ അടുത്തദിവസം അവർക്കൊപ്പം പുറപ്പെട്ടു. നഗരത്തിലെ ഒരു  വർക്‌ഷോപ്പിലേക്കായിരുന്നു യാത്ര.  
 
 വർക്‌ഷോപ് ഉടമയോട് എന്തൊക്കെയോ സംസാരിച്ചു 150 രൂപ വാങ്ങി മുനീറയ്ക്കു നൽകി അയൽക്കാരി സ്ഥലംവിട്ടു. പക്ഷേ, അന്നവിടെ സംഭവിച്ചതു വേറെ ചിലതായിരുന്നു. അയാൾ നൽകിയതു മുനീറയുടെ ശരീരത്തിനുള്ള വിലയായിരുന്നു. വീട്ടിലെ ദാരിദ്ര്യത്തിന്റെ പേരിൽ മുനീറയ്ക്ക് അയാൾക്കു വഴങ്ങിക്കൊടുക്കേണ്ടി വന്നു. അതൊരു തുടക്കമായിരുന്നു.  
 
ഇരുൾ വഴികൾ 
  
 നഗരത്തിലെ ഇരുളടഞ്ഞ സ്ഥലങ്ങളിൽനിന്നാണ് വി.പി.മുനീറ ജീവിതം പഠിച്ചത്. തന്നെപ്പോലുള്ളവരെക്കുറിച്ചു ചിന്തിച്ചതും അവിടെ വച്ചാണ്.  ലൈംഗികത്തൊഴിലാളികളുടെ ജീവിതം, അതിജീവനം, മക്കളുടെ പഠനം എന്നിവയ്ക്കൊക്കെയായി മുനീറ ചോലയെന്ന സംഘടനയുടെ അമരത്ത് എത്തിയിട്ട് ഒന്നര പതിറ്റാണ്ടായി. ഇപ്പോൾ പ്രായം 52 വയസ്സ്. ഭർത്താവും നാലു മക്കളുമായി ജീവിക്കുന്നു.  
 
പട്ടിണികിടന്നു ചത്താലും മകൾ കൊണ്ടുവരുന്ന പണം കൊണ്ടു ജീവിക്കണ്ട എന്നായിരുന്നു ഉമ്മ ആമിനയുടെ നിലപാട്. മുനീറയുടെ മക്കളെയും കൊണ്ട് അവർ വാടകവീട്ടിൽ നിന്നിറങ്ങി. മൂന്നുപേരെയും കണ്ണൂരിലെ  മൂന്ന് അനാഥാലയങ്ങളിലാക്കി. അതോടെ മക്കളുമായുള്ള ബന്ധം നിലച്ചു. വാടകവീട്ടിൽനിന്നും പുറത്തായതോടെ മുനീറ കണ്ണൂർ നഗരത്തിലെത്തി. അവിടെ തന്നെപ്പോലുള്ള കുറെയാളുകളെ കണ്ടെത്തി. അവിടെയുണ്ടായിരുന്ന ശാന്തയെന്ന സ്ത്രീയാണ് ഫാ.പള്ളത്തിനെക്കുറിച്ചു പറഞ്ഞത്.  
 
 ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യപ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജീവന സംസ്കൃതിയെന്ന സന്നദ്ധ സംഘടന നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.  ലൈംഗികത്തൊഴിലാളികൾ ജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ, രോഗങ്ങൾ എന്നിവയെക്കുറിച്ച് അവിടെനിന്നാണ് മനസ്സിലാക്കുന്നത്. ഏറ്റവും വലിയ പ്രയാസം പ്രായമാകുമ്പോൾ നേരിടുന്ന ഉപേക്ഷിക്കപെടലാണ്.  
 
 പരിചയമുള്ളവർ പോലും തിരിഞ്ഞു നടക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ചു പലരും മനസ്സുതുറന്നു. ജീവിതത്തിന്റെ മറ്റൊരു വശമായിരുന്നു അത്. ആരും കാണാത്ത ഇരുണ്ട വശം. ഇരുളിൽ കാണുന്ന നഗരം പോലെ.  
 
അജ്ഞാത ജീവിതങ്ങൾ 
  
 ‘‘ എൽസിചേച്ചി ബാറിനു മുന്നിൽ മരിച്ചു കിടക്കുന്നുണ്ട്. നമ്മളിലാരോടെങ്കിലും അവിടേക്കു ചെല്ലാൻ പൊലീസ് വിളിച്ചുപറഞ്ഞു’’– ജീവന സംസ്കൃതിയിൽ ഒരുച്ചയ്ക്കു ഫോൺ വന്നപ്പോൾ മുനീറ അങ്ങോട്ടു ചെന്നു. ചെറുപ്രായത്തിൽ നഗരത്തിലെത്തിയതായിരുന്നു എൽസി. ഇപ്പോൾ അനാഥയായി റോഡരികിൽ കിടക്കുന്നു. അവരുടെ മുഖത്ത് തന്നെത്തന്നെയാണ് മുനീറ കണ്ടത്.  
 
 താനുമിതു പോലെ അനാഥയായി കിടക്കേണ്ടി വരുമല്ലോയെന്നോർത്ത് സങ്കടപ്പെട്ട നാളുകൾ. എൽസിയെപ്പോലെ അനാഥയായി മരിക്കേണ്ട ഗതികേട് ആർക്കുമുണ്ടാവരുതെന്ന് ഒപ്പമുള്ളവർ പറഞ്ഞപ്പോഴാണ് ചോലയെന്ന സംഘടന രൂപീകരിക്കുന്നത്. 2004ൽ ചോല രൂപീകരിച്ചപ്പോൾ മുനീറ അതിന്റെ മുഴുവൻ സമയ പ്രവർത്തകയായി.  
 
 നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെയായിരുന്നു പ്രവർത്തനം. ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസമായിരുന്നു വലിയ വെല്ലുവിളി. സമൂഹത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടവരായിരുന്നു ആ കുട്ടികൾ. പലരും വിദ്യാലയങ്ങളിലൊന്നും പോകാതെ വഴിതെറ്റി സഞ്ചരിക്കുന്നവർ. അവർക്കു കൗൺസലിങ് നൽകി വിദ്യാലയങ്ങളിലേക്കു തിരികെ കൊണ്ടുവന്നു.  
 
‘‘ വലിയൊരു വെല്ലുവിളിയായിരുന്നു അത്. ലൈംഗികത്തൊഴിലാളിയുടെ മക്കളാണെന്നു തിരിച്ചറിയുന്നതോടെ സമൂഹം  അപ്രഖ്യാപിത വിലക്കേർപ്പെടുത്തും. പരിഹാസവും കുറ്റപ്പെടുത്തലും. അതോടെ പലരും ഉൾവലിയാൻ തുടങ്ങും. അവരെയൊക്കെ പറഞ്ഞു ബോധ്യപ്പെടുത്തി മുൻനിരയിലേക്കു കൊണ്ടുവരാൻ നല്ല പ്രയാസമായിരുന്നു’’–ചോലയുടെ തുടക്കക്കാലത്ത് അനുഭവിച്ച വെല്ലുവിളികളെക്കുറിച്ചു മുനീറ പറഞ്ഞു.  
 
‘‘ മക്കളെ കൈവിട്ടു പോയൊരു ഉമ്മയായിരുന്നു ഞാൻ. പലതവണ അവർ പഠിക്കുന്ന യത്തീംഖാനയിൽ പോയപ്പോഴൊന്നും കാണാൻ സാധിച്ചിരുന്നില്ല. എന്നെ കാണിക്കരുതെന്ന് ഉമ്മ തന്നെ പറഞ്ഞിരുന്നു. എന്റെ മക്കൾ അനുഭവിക്കുന്ന പ്രയാസങ്ങളെത്രയാണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു. അതുതന്നെയായിരിക്കുമല്ലോ മറ്റു മക്കളും നേരിടേണ്ടി വന്നിരിക്കുക’’.  
 
എയ്ഡ്സ് ബോധവൽക്കരണമായിരുന്നു മറ്റൊരു പ്രവർത്തനം.  2007ൽ മുനീറ ചോലയുടെ സെക്രട്ടറിയായി. 2011ൽ പ്രസിഡന്റും. റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയൊന്നുമില്ലായിരുന്നു കൂട്ടത്തിലെ പലർക്കും. റേഷൻ കാർഡ് ഇല്ലാത്തതുകൊണ്ടുതന്നെ സർക്കാരിൽനിന്നുള്ള  ഒരാനുകൂല്യവും ലഭിക്കുമായിരുന്നില്ല. ഇതിനൊക്കെ മാറ്റം വരുത്തി.  
 
 ജീവിക്കാൻ പ്രയാസമായവർക്ക് അത്യാവശ്യം വേണ്ട മരുന്നും പണവും എത്തിച്ചുകൊടുക്കും. സന്നദ്ധ സംഘടനകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇതിനൊക്കെ ഉപയോഗിക്കുന്നത്. സാമൂഹികനീതി വകുപ്പും വനിതാ ശിശു വികസന വകുപ്പും സഹായം നൽകുന്നുണ്ട്’’– മുനീറ പറഞ്ഞു.  
 
കൂടാനൊരു കുടുംബം 
  
 ‘‘ ഉമ്മ 10 കൊല്ലം മുൻപു മരിച്ചു. മരിക്കുന്നതിനു മുൻപ് ഉമ്മയൊരു നല്ല കാര്യം ചെയ്തു. എന്റെ മക്കളെക്കണ്ട് അവരുടെ ഉമ്മയെ സ്വീകരിക്കണമെന്നു പറഞ്ഞു. അങ്ങനെ മൂന്നുപേരെയും എന്റെയരികിലെത്തിച്ചു. അവരൊക്കെ വലിയ ആളുകളായിരുന്നു. എന്റെ ജീവിതം മനസ്സിലാക്കിയൊരാൾ എന്നെ ഒപ്പം കൂട്ടിയിരുന്നു. അതിലൊരു മകനുമുണ്ട്. അങ്ങനെ നാലുമക്കളും ഭർത്താവുമൊത്ത്  ജീവിക്കുന്നു. പെൺകുട്ടികളൊക്കെ വിവാഹിതരായി. ’’– മുനീറ  പറഞ്ഞു.  
 
‘‘ കുറച്ചുകാലം  മുൻപാണ്, കണ്ണൂർ നഗരത്തിലെ നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിലൊരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞപ്പോൾ പൊലീസ് ചോലയുടെ ഓഫിസിലേക്കു വിളിച്ചു. റസിയയെ ആരോ കൊണ്ടുപോയി കൊന്നതായിരുന്നു. ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്നു കൊലപാതകം ചെയ്തവർക്കറിയാമായിരുന്നു. കേസന്വേഷണമൊന്നും എവിടെയും എത്തിയില്ല. ഇതു പോലെ കുറെയാളുകൾ മരിച്ചിട്ടുണ്ട്. ഇനിയുമൊരാൾക്ക് ഇത്തരം ഗതികേടുണ്ടാകാതിരിക്കാനുള്ള ബോധവൽക്കരണത്തിലാണ് ഞങ്ങൾ ശ്രദ്ധയൂന്നുന്നത്.  
 
 ലൈംഗികത്തൊഴിലാളികൾക്ക് നിയമപരമായ ആവശ്യങ്ങൾ, എച്ച്ഐവി പരിശോധന, ലൈംഗികരോഗ പരിശോധന എന്നിവയൊക്കെ ചോല ചെയ്യുന്നുണ്ട്. ഇപ്പോൾ ഇതര സംസ്ഥാനത്തുള്ള യുവതികളാണ് ഈ രംഗത്തേക്കു കൂടുതൽ വരുന്നത്. അവരുടെ ഭാഷയൊരു പ്രശ്നമാണ്. എങ്കിലും അവർക്കിടയിലൊക്കെ ബോധവൽക്കരണം നടത്തുന്നുണ്ട്.  
 
ലൈംഗികത്തൊഴിലാളിയായിരുന്ന ബേബി എന്ന സ്ത്രീ മരിച്ചപ്പോൾ മരണാനന്തര ചടങ്ങുകൾ ചെയ്യാൻ ആരുമില്ല. പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹമെത്തിച്ചപ്പോൾ ആരുമില്ലാത്തൊരാളായി ബേബിചേച്ചിയെ സംസ്കരിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. മകളുടെ സ്ഥാനത്തുനിന്ന് ഞാൻ കർമങ്ങളൊക്കെ ചെയ്തു. ബേബി ചേച്ചിയെ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. പക്ഷേ, മരണത്തോടെയാണ് അവർ ഒറ്റയ്ക്കാണെന്നു ബോധ്യമായത്. ഇനിയുമങ്ങനെയൊരാൾ ഉണ്ടാകരുതെന്ന് ഞങ്ങൾ ചോല പ്രവർത്തകർ ആഗ്രഹിക്കുന്നു...’’.  English Summary:  
 From Darkness to Light: Munira\“s Inspiring Fight for Sex Worker Rights |