ബുദ്ധിശക്തിയുള്ള ഏലിയൻ സമൂഹങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ സേർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് (സേറ്റി) എന്ന പേരിൽ അറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ വിവിധ പദ്ധതികളുണ്ടായിട്ടുണ്ട്.1960ൽ കോർണൽ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്ക് പ്രോജക്ട് ഓസ്മ എന്ന പേരിൽ ആദ്യ സേറ്റി പരീക്ഷണ പദ്ധതി നടത്തി. റേഡിയോ സന്ദേശങ്ങൾ അയച്ചും ഭൂമിയിലേക്കു വരുന്ന റേഡിയോ സന്ദേശങ്ങൾ പിടിച്ചെടുത്തു പരിശോധിച്ചുമാണ് സേറ്റി പ്രവർത്തിക്കുന്നത്.  
  
 -  Also Read  രാത്രി കഴിഞ്ഞും ജീവിതം; ഇരുളിൽനിന്ന് പഠിച്ച ജീവിതപാഠങ്ങൾ വെളിച്ചത്തിലേക്കു പകർത്തി മുനീറ   
 
    
 
1973ൽ ‘ബിഗ് ഇയർ’ എന്നു വിളിപ്പേരുള്ള വമ്പൻ ടെലിസ്‌കോപ്പുമായി ഒഹായോ സ്റ്റേറ്റ് സേറ്റി പദ്ധതി നിലവിൽ വന്നു.  1977 ഓഗസ്റ്റ് 15ന് സജിറ്റേറിയസ് നക്ഷത്രസമൂഹത്തിൽ നിന്ന് ദുരൂഹമായ ഒരു സിഗ്‌നൽ ഈ ടെലിസ്കോപ്പിലേക്കു എത്തി. 72 സെക്കൻഡുകളായിരുന്നു ദൈർഘ്യം. 1420 മെഗാഹെർട്സ് എന്ന ഫ്രീക്വൻസിയിലുള്ള സിഗ്നൽ ആശയവിനിമയത്തിനുപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. ജെറി എഹ്മാൻ എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് അപ്പോൾ ടെലിസ്കോപ് നിയന്ത്രിച്ചിരുന്നത്. അദ്ദേഹം ഒരു പേപ്പറിൽ അദ്ഭുതപൂർവം ‘വൗ(WOW)’ എന്നെഴുതി. പിന്നീടു ശാസ്ത്രലോകം ഈ സിഗ്‌നലിനെ വൗ എന്ന പേരിൽ വിളിച്ചു തുടങ്ങി.  
 
പല കാരണങ്ങൾ ഈ സിഗ്‌നലിനായി പ്രവചിക്കപ്പെട്ടു. പ്രപഞ്ചത്തിലെ ഹൈഡ്രജൻ മേഘങ്ങളിൽ നിന്നു പൊടുന്നനെ പുറപ്പെട്ടതാകാം ഇതെന്നായിരുന്നു ഒരു വാദം. സജിറ്റേറിയസ് നക്ഷത്രസമൂഹത്തിനടുത്തുകൂടി കടന്നുപോയ ഒരു വാൽനക്ഷത്രത്തിന്റേതായിരുന്നു ശബ്ദമെന്നത് മറ്റൊരു വാദമാണ്. എന്നാൽ ചിലർ ഇത് അന്യഗ്രഹജീവി സമൂഹങ്ങളിൽ ഏതോ അയച്ചതാണെന്നും വാദിക്കുന്നു.   
 
എന്നാൽ ഇതിന്റെ മൂന്നിൽ രണ്ട് ഫ്രീക്വൻസിയുള്ള മറ്റൊരു സിഗ്നൽ 2020ൽ പ്രോക്സിമ സെഞ്ചറി നക്ഷത്രത്തിന്റെ ദിശയിൽനിന്നും ലഭിച്ചു.  ബിഎൽസി വൺ എന്നു പേരു നൽകപ്പെട്ട ഈ സിഗ്നലും ദുരൂഹമായി തുടരുന്നു. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സമൂഹങ്ങളിൽ നിന്നാണ് ഇത്തരം സിഗ്നലുകൾ വരികയെന്നു പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷകൻ ജേസൺ റൈറ്റിനെപ്പോലുള്ളവർ അന്നു പ്രസ്താവിച്ചിരുന്നതു കൗതുകം കൂട്ടി.  
 
ഇത്തരം ദുരൂഹസിഗ്നലുകൾ സയൻസ് ഫിക്‌ഷൻ നോവലുകളുടെയും സിനിമകളുടെയുമൊക്കെ ഇഷ്ടവിഷയങ്ങളാണ്. 1985ൽ പ്രശസ്ത ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ രചിച്ച ‘കോൺടാക്ട്’ എന്ന നോവലിന്റെ ഇതിവൃത്തം ഇതാണ്. ‘കോയി മിൽ ഗയ’ തുടങ്ങിയ ഇന്ത്യൻ സിനിമകളിലും ഇത്തരം സിഗ്നലുകൾ പ്രമേയമായി  എത്തിയിട്ടുണ്ട്. English Summary:  
Decoding the Cosmos: The Unexplained \“Wow! Signal\“ and Humanity\“s Search for ET  |