ശബരിമല ∙ തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ശ്രീകോവിലിലെ ദീപം തെളിക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക.
- Also Read ശബരിമല സ്വർണക്കവർച്ച: ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ, നിർണായക വിവരങ്ങൾ ലഭിച്ചു
നാളെ തുലാമാസ പുലരിയിൽ ഉഷപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയിൽ സുരക്ഷാ പരിശോധന തുടങ്ങി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, നിലയ്ക്കൽ ഹെലിപാഡ് എന്നിവിടങ്ങളിൽ കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ഇന്റലിജൻസ് എസ്പി, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധന നടത്തി. വനമേഖലയിലും കുണ്ടാർ ഡാമിന്റെ സമീപത്തും അധികൃതർ പരിശോധന നടത്തി.
- Also Read രാഷ്ട്രപതിക്കൊപ്പം ശബരിമല കയറുന്നവരുടെ പട്ടിക കൈമാറി; യാത്ര ഗൂർഖ എമർജൻസി വാഹനത്തിൽ
22ന് ഉച്ചയ്ക്ക് 11.50ന് രാഷ്ട്രപതി ദ്രൗപദി മുർമു ദർശനത്തിനായി സന്നിധാനത്ത് എത്തും. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള രാഷ്ട്രപതിയുടെ യാത്ര പ്രത്യേക വാഹനത്തിലാണ്. സുരക്ഷയ്ക്കായി 6 വാഹനങ്ങൾ ഒപ്പമുണ്ടാകും. ഇവയുടെ ട്രയലും ഉണ്ടാകും. ദർശനത്തിനു ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഷ്ട്രപതി ഉച്ചകഴിഞ്ഞ് 3ന് മടങ്ങും. English Summary:
Sabarimala temple is set to open for the Thulam Pooja: The temple opening marks the start of the pilgrimage season, with special poojas and security arrangements in place for the upcoming visit of President Murmu. |