LHC0088 • 2025-10-28 09:31:01 • views 1099
ആ അടിസ്ഥാനചോദ്യത്തിൽനിന്നു തുടങ്ങാം: കേരളത്തിലെ കർഷകർ എന്തിനുവേണ്ടിയാണു കൃഷി ചെയ്യുന്നത്? പരിഹാരമില്ലാത്ത അടിസ്‌ഥാനപ്രശ്‌നങ്ങൾ ജീവിതം ദുസ്സഹമാക്കിയിട്ടും നമ്മുടെ കർഷകർ മണ്ണിനെ വിശ്വസിച്ചു മുന്നോട്ടുപോകുന്നതു വരുമാനത്തിനുവേണ്ടി മാത്രമാണെന്നു കരുതുന്നെങ്കിൽ തെറ്റി. കഴിഞ്ഞ 10 വർഷംകൊണ്ടു കേരളത്തിന്റെ വികസനസൂചികയും ആളോഹരി വരുമാനവുമൊക്കെ വർധിച്ചിട്ടും കർഷകർക്ക് അതൊക്കെ ദൂരെനിന്നു നോക്കിക്കാണാൻ മാത്രമാണു വിധി.
കേരളത്തിലെ കർഷകർക്കു വളരെക്കാലമായി വരുമാനം നാമമാത്രമായിപ്പോലും വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ സ്രോതസ്സുകളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ ഇനിയും ഇങ്ങനെത്തന്നെയാണോ ഇവർ മുന്നോട്ടുപോകേണ്ടതെന്ന ചോദ്യം മുന്നിലെത്തുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര കാർഷിക, ഭക്ഷ്യ സെക്രട്ടറിയും നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ് അധ്യക്ഷനുമായിരുന്ന ടി.നന്ദകുമാർ കഴിഞ്ഞ ദിവസം മലയാള മനോരമയിൽ എഴുതിയ ലേഖനം ഈ ആകുലതകളും പരിഹാരസാധ്യതകളുമാണു പങ്കുവച്ചത്. നിതി ആയോഗ് അംഗമായ രമേഷ് ചന്ദ് തയാറാക്കിയ ‘കൃഷിമേഖലയുടെ പ്രകടനം 2014-24’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽകൂടിയാണു ലേഖനം.
കേരളത്തിലെ കർഷകരുടെ 10 വർഷത്തെ വരുമാനനില നോക്കിയാൽ ആശങ്കാജനകമാണു സ്ഥിതി. ഭൂരിഭാഗം പേരുടെയും പ്രധാന വരുമാനമാർഗം കൃഷിയല്ലാതായിക്കഴിഞ്ഞു. ശരാശരി കേരള കർഷകന്റെ മൊത്തം വരുമാനത്തിന്റെ 20% മാത്രമാണു കൃഷിയിൽനിന്നുള്ളത്. മൃഗപരിപാലനംകൂടി ചേർത്താലും വരുമാനം 26% മാത്രം. വരുമാനത്തിന്റെ പകുതിയെങ്കിലും കൃഷിയിൽനിന്ന് (വിളകൾ, മൃഗപരിപാലനം, മത്സ്യക്കൃഷി) സമ്പാദിക്കുന്നയാൾ എന്നു കർഷകരെ നിർവചിച്ചാൽ, സംസ്ഥാനത്ത് അങ്ങനെയുള്ള എത്ര പേരുണ്ടാകും? അവരുടെ വരുമാനത്തിന്റെ പകുതിയിലധികവും (57%) ശമ്പളത്തിൽനിന്നും കൂലിയിൽനിന്നുമാണെന്നതു കേട്ടുമറക്കേണ്ട കണക്കല്ല.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഓഗസ്റ്റിൽ കർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുപറഞ്ഞത് കേരളത്തിന്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചു എന്നുമാണ്. കർഷക വരുമാനത്തിൽ 50% വർധനയ്ക്കുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും മിഷൻ 2026 എന്ന ഹ്രസ്വകാല കാർഷികപദ്ധതിയും മിഷൻ 2033 എന്ന ദീർഘകാല പദ്ധതിയും ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെടുന്നു. ‘കേര’ പദ്ധതിയെക്കുറിച്ചും മുഖ്യമന്ത്രി എടുത്തുപറയുകയുണ്ടായി.
പഴയതും ‘കേര’ പോലെ പുതിയതുമായ പദ്ധതികളുടെ ഗുണം യഥാർഥത്തിൽ നമ്മുടെ കർഷകർക്കു ലഭിച്ചുവോ, ലഭിക്കുന്നുണ്ടോ എന്ന ആത്മപരിശോധനയ്ക്കുകൂടി സർക്കാർ സമയം കണ്ടെത്തേണ്ടതല്ലേ? പദ്ധതിപ്പെരുമഴയിൽ അങ്ങനെ സുസ്ഥിര വരുമാനം ലഭിക്കുന്ന കർഷകരെയാണോ ഇവിടെ കാണാൻ കഴിയുന്നത്? 10 വർഷമായി കർഷകർ ഒരേ വരുമാനനിലവാരത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, ഇതു സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ടൊരു ആശങ്കയാകേണ്ടതല്ലേ എന്നു ടി.നന്ദകുമാർ ചോദിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണ വകുപ്പുകളുടെ ഓരോ വർഷവും ഏറുന്ന, മൊത്തം ചെലവിനെത്തന്നെ ഇതു ചോദ്യം ചെയ്യുകയാണ്. പദ്ധതികൾ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നില്ലെങ്കിൽ, പിന്നെ അവകൊണ്ട് എന്തു നേട്ടം?
ബഹുവിള കൃഷിരീതികളിലേക്കും ഉദ്യാനക്കൃഷിയിലേക്കും മറ്റും കർഷകർ തിരിയുമ്പോൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ കൃഷിഭവനുകൾക്കു കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സർക്കാർ രൂപീകരിച്ച അതോറിറ്റികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും എണ്ണം പെരുകുമ്പോഴും ഇവ യഥാർഥത്തിൽ കർഷകരെ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യവും ബാക്കിയാകുന്നു. വിളവില്ലാതെയും വിളയ്ക്കു ന്യായവില കിട്ടാതെയും ബാങ്ക് വായ്പയുടെ തിരിച്ചടവു മുടങ്ങിയുമൊക്കെ നമ്മുടെ കർഷകരിൽ വലിയൊരു പങ്കും എങ്ങനെ ജീവിതത്തെയും കൃഷിയെയും നേരിടണമെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കും മുഴക്കമേറുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ കർഷകരെ രക്ഷിക്കാൻ കേരളത്തിലെ കാർഷികനയങ്ങളും നിയന്ത്രണങ്ങളും പദ്ധതികളും പൂർണമായി പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നതിൽ സംശയമില്ല.
കർഷകരുടെ വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇനിയെങ്കിലും കർഷകരെ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവാക്കണമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുമ്പോൾ അതു സർക്കാർ കേൾക്കാതിരുന്നുകൂടാ. അസംഘടിതരായതുകൊണ്ട് കർഷകർക്കുവേണ്ടി ശബ്ദമുയർത്താൻപോലും ആരുമില്ലെന്നത് അവരുടെ ആവശ്യങ്ങളെ ദുർബലമാക്കാനുംപാടില്ല. English Summary:
Government Schemes Fail to Boost Farmer Income in Kerala: An Analysis |
|