വാർത്തകളാൽ നിറഞ്ഞ ദിനമായിരുന്നു ഇന്ന്. രാജ്യാന്തര തലത്തിൽ അടക്കം ശ്രദ്ധേയമായ സംഭവവികാസങ്ങൾ നടന്ന ദിവസം. അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു, ഹിന്ദി വിരുദ്ധ ബില്ലുമായി സ്റ്റാലിൻ, കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു, തന്നെ ഉപദേശിക്കാൻ മന്ത്രി സജി ചെറിയാൻ വരേണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ, വിദ്യാർഥിനി ഹിജാബ് ധരിച്ചു സ്കൂളിലെത്തിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അധികൃതർ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.   
 
വിദ്യാർഥിനി ഹിജാബ് (ശിരോവസ്ത്രം) ധരിച്ചു സ്കൂളിലെത്തിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അധികൃതർ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസിൽ കയറ്റാതിരുന്നിട്ടില്ലെന്നും ഇക്കാര്യം വ്യക്തമാക്കി സർക്കാരിനു രേഖാമൂലം മറുപടി നൽകിയെന്നും സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന വ്യക്തമാക്കി.  
 
അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു സൈന്യങ്ങളും ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു. ഇന്നു രാവിലെയുണ്ടായ ശക്തമായ വെടിവയ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ ടാങ്കും അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.  
 
നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ പുതിയ നീക്കവുമായി ഡിഎംകെ. തുടർഭരണം ലക്ഷ്യമിട്ട് ഹിന്ദി വിരുദ്ധ ബിൽ നിയസഭയിൽ അവതരിപ്പിക്കാനാണു നീക്കം. തമിഴ്നാട്ടിലാകമാനം ഹിന്ദി ഹോർഡിങ്ങുകളും ഹിന്ദി സിനിമകളും നിരോധിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്നാണു സൂചന. ബിൽ ഈ നിയമസഭയുടെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തന്നെ അവതരിപ്പിക്കും. ഇതോടെ ‘ഹിന്ദി വിരുദ്ധത’ തന്നെയായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണായുധം എന്നു വ്യക്തമാകുകയാണ്.  
 
തന്നെ ഉപദേശിക്കാൻ മന്ത്രി സജി ചെറിയാൻ വരേണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ. ഉപദേശിക്കാനുള്ള അർഹതയോ, പ്രായമോ, ബോധമോ സജിക്കില്ല. അദ്ദേഹം സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാൻ സജി വരേണ്ട. അങ്ങനെ വന്ന ആരും ജയിച്ചിട്ടില്ലെന്നും ജി.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.  
 
കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക (80) കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. English Summary:  
Today\“s Recap: 15-10-2025 |   
                
                                                    
                                                                
        
 
    
                                     
 
 
 |