കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണക്കവർച്ചക്കേസിൽ യാഥാർഥ്യത്തിന്റെ ചെമ്പ് കൂടുതൽ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നാൾക്കുനാൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ ഇടംപിടിക്കുന്ന പുതിയ കഥാപാത്രങ്ങളും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളും തട്ടിപ്പിന്റെ വിവിധ വഴിത്തിരിവുകളുമൊക്കെ കണ്ടും കേട്ടും അന്തംവിട്ടിരിക്കുകയാണു കേരളം.  
  
 -  Also Read  ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം, ബോർഡ് പിരിച്ചു വിടണം: ഗവർണറെ കണ്ട് ബിജെപി നേതൃത്വം   
 
    
 
സ്വർണക്കവർച്ചക്കേസിൽ ഉദ്യോഗസ്ഥർക്കൊപ്പം 2019ലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തതോടെ സർക്കാരും സിപിഎമ്മും സിപിഐയും കുരുക്കിലായിരിക്കുന്നു. രാഷ്ട്രീയനിയമനം നേടിയ ദേവസ്വം ബോർഡ് അംഗങ്ങളെ സംരക്ഷിക്കാനായി സർക്കാർ തീർത്ത വാദങ്ങളുടെ മുനയൊടിക്കുന്ന ഈ കണ്ടെത്തൽ സർക്കാരിനും ഇടതു മുന്നണിക്കും കനത്ത രാഷ്ട്രീയാഘാതമാകുകയാണ്.  
 
ദ്വാരപാലക ശിൽപങ്ങളിലെയും വാതിലിലെയും ലോഹപാളികൾ നിയമവിരുദ്ധമായി സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ രണ്ടു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ, ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണം കവർന്ന കേസിലാണ് എട്ടാം പ്രതിയായി ദേവസ്വം ബോർഡുമുള്ളത്. സിപിഎം പ്രതിനിധികളായ പ്രസിഡന്റ് എ.പത്മകുമാർ, എൻ.വിജയകുമാർ, സിപിഐ പ്രതിനിധി കെ.പി.ശങ്കരദാസ് എന്നിവരായിരുന്നു അന്ന് ബോർഡ് അംഗങ്ങൾ. അന്വേഷണം ഉദ്യോഗസ്ഥരിലേക്കും ഇടനിലക്കാരിലേക്കും ഒതുങ്ങാതെ ഈ രാഷ്ട്രീയ പ്രതിനിധികളിലേക്കുകൂടി വളർന്നത് കേസിന് അതീവ ഗുരുതരമാനമാണു നൽകിയിരിക്കുന്നത്.  
  
 -  Also Read  ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഹൈദരാബാദ് സ്വദേശിയിലേക്ക്, പോറ്റിയെ ചോദ്യം ചെയ്യും, അടിച്ചുമാറ്റിയത് 200 പവനിലേറെ?   
 
    
 
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന നിയമവിരുദ്ധ ഇടപാട് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്നു കരുതാനാവില്ലെന്നാണ് ദേവസ്വം വിജിലൻസ് ഹൈക്കോടതിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിനുപിന്നിൽ ബോർഡ് അധികൃതരുടെ പ്രേരണയോ സമ്മർദമോ നിർദേശമോ ഉണ്ടായിരുന്നുവെന്നത് വസ്തുതയാണെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, ആ കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും നിർദേശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ ബോർഡിനെയും കേസിൽ പ്രതിചേർത്തിരിക്കുന്നത്.  
 
ശബരിമല പോലെ ഒരു മഹാക്ഷേത്രത്തിൽ ആസൂത്രിതമായ വൻ തട്ടിപ്പു നടന്നിട്ടും സംസ്ഥാനത്തെയോ ദേവസ്വത്തിലെയോ വിജിലൻസ്-ഇന്റലിജൻസ് സംവിധാനങ്ങൾക്ക് അതു കണ്ടെത്താനായില്ലെന്നതു ദുരൂഹമാണ്. തട്ടിപ്പിനു ചുക്കാൻ പിടിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലെ വിശ്വാസപരമായ കാര്യങ്ങൾ പോലും യഥേഷ്ടം കൈകാര്യം ചെയ്യാനാവുന്നവിധം സ്വാധീനമുള്ളയാളാക്കിയത് ആരെന്ന നിർണായക ചോദ്യവും ഉയരുന്നു.  
 
ആസൂത്രിതമായ സ്വർണത്തട്ടിപ്പിൽ ദേവസ്വം ബോർഡിനു വീഴ്ചയില്ലെന്നു വാദിച്ചുപോന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി വി.എൻ.വാസവന്റെയും മറ്റും നിലപാടുകൾകൂടിയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. അതേസമയം, രണ്ടാമത്തെ എഫ്െഎആറിൽ എട്ടാം പ്രതിയായി 2019ലെ ദേവസ്വം ബോർഡിനെയും പ്രതിചേർത്തുവെന്നുമാത്രം ഇന്നലെ പറഞ്ഞ പാർട്ടിപത്രം, ഉദ്യോഗസ്ഥ വീഴ്ചയും ഗൂഢാലോചനയും വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്നു കാര്യകാരണസഹിതം വിശദീകരിക്കുന്നതു കൗതുകകരമാണ്.  
  
 -  Also Read  സ്വർണംപൂശൽ: യഥാർഥ സ്പോൺസർ ബെള്ളാരി സ്വദേശി; പോറ്റി വഴി സ്വർണം നൽകിയത് സ്ഥിരീകരിച്ച് ഗോവർധൻ   
 
    
 
ഈ കേസിലുൾപ്പെട്ട രാഷ്ട്രീയക്കാരെ ഇപ്പോഴും സംരക്ഷിക്കുന്നവരിൽ മന്ത്രിമാർപോലുമുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി കുളംകലക്കി മീൻപിടിക്കാൻ ശ്രമമെന്ന് ഒരു മന്ത്രി പറഞ്ഞപ്പോൾ മറ്റൊരാൾ പറഞ്ഞത് ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും കൊള്ള നടന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്നാണ്.  
 
 സ്വർണക്കൊള്ളയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നപ്പോഴും, കഴിഞ്ഞ മാസം പമ്പയിൽ സംഘടിപ്പിച്ച അയ്യപ്പസംഗമം പൊളിക്കാനുള്ള ഗൂഢാലോചനയാണ് ഈ വിവാദത്തിനു പിന്നിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണത്തെയും പൊളിക്കുന്നതാണ്.  
 
വെള്ളപൂശലുകൾക്കും അവകാശവാദങ്ങൾക്കുമൊക്കെ അപ്പുറത്താണു സത്യം. എത്രകാലം ഒളിപ്പിച്ചുവച്ചാലും അതു പുറത്തുവരികതന്നെ ചെയ്യും. ഈ കേസിൽ പ്രതിപ്പട്ടികയിലെത്തിയവർ കുറ്റം ചെയ്തുവെന്നോ ചെയ്തിട്ടില്ലെന്നോ കൂടുതൽ അന്വേഷണത്തിലൂടെയേ വ്യക്തമാകുകയുള്ളൂ.   
 
എങ്കിലും, വിശ്വാസം മറയാക്കി, ശബരിമല അയ്യപ്പസ്വാമിയുടെ സ്വർണം ഇത്രയും വലിയൊരു തട്ടിപ്പിലൂടെ സ്വന്തമാക്കിയവരെയെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടത് വിശ്വാസിസമൂഹത്തിന്റെയാകെ ആവശ്യമാണ്. ഉദ്യോഗസ്ഥ തലത്തിനപ്പുറത്ത്, ഭരിക്കുന്ന കക്ഷികളുടെ രാഷ്ട്രീയത്തണൽകൂടി ഈ ആസൂത്രിത തട്ടിപ്പിനു കിട്ടിയിട്ടുണ്ടെന്നുവന്നാൽ അതു വളരെ ഗുരുതരമാകും. അതുകൊണ്ടുതന്നെ, സത്യസന്ധമായും സുതാര്യവുമായും ഈ വിഷയം സർക്കാർ കൈകാര്യം ചെയ്യേണ്ടതുണ്ട്.  
 
തട്ടിപ്പു നടന്ന കാലത്തെ ദേവസ്വം ഭരണാധികാരികൾക്ക് ഈ കേസിലുള്ള ധാർമിക ഉത്തരവാദിത്തം സിപിഎമ്മും സിപിഐയും മറക്കാനും പാടില്ല. എതിർകക്ഷിയിൽപെട്ടവർ ദേവസ്വം ഭരിക്കുന്ന കാലത്തായിരുന്നു ഈ തട്ടിപ്പെങ്കിൽ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ഇപ്പോഴത്തേതു തന്നെയായിരിക്കുമോ എന്നു ചിന്തിക്കുന്നതും നല്ലതാണ്. English Summary:  
Sabarimala Gold Robbery: Political Patronage Exposed as Devaswom Board Named Accused |