പത്തനംതിട്ട / തിരുവനന്തപുരം ∙ ആരാണ് പോറ്റിയുടെ സ്പോൺസർ? ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ നടത്തിയത് ഒട്ടേറെ സ്പോൺസർഷിപ് പദ്ധതികളും വഴിപാടുകളും. എന്നാൽ, ഇതിനു തക്ക വരുമാനം പോറ്റിക്ക് ഇല്ലെന്നാണ് ആദായനികുതി രേഖകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ദേവസ്വം വിജിലൻസിനു ബോധ്യപ്പെട്ടത്. അങ്ങനെയെങ്കിൽ ആരാണ് പോറ്റിയുടെ സാമ്പത്തിക സ്രോതസ്സ്, ഏതു മേഖലകളിൽ നിന്നാണ് പണം ലഭിക്കുന്നത് എന്ന അന്വേഷണത്തിലാണ് പ്രത്യേകസംഘം.
ഭക്തർ വർഷങ്ങളോളം കാത്തിരുന്നു ബുക്ക് ചെയ്തു നടത്തുന്ന പല വഴിപാടുകളും പോറ്റി ഒരു ദിവസം തന്നെ ശബരിമലയിൽ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ചില സ്പോൺസർഷിപ്പുകളുടെ പിന്നിലാരെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ, കണ്ടെത്തിയ ആളുകൾ തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണ്.
തിരുവനന്തപുരം പുളിമാത്ത് ആണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വദേശം. പത്താംക്ലാസ് പഠനത്തിന് ശേഷം നാടുവിട്ടു. കുറച്ചുകാലം കഴിഞ്ഞ് താൻ ബെംഗളൂരുവിൽ ഉണ്ടെന്നും ജോലി കിട്ടിയെന്നും അമ്മയെ അറിയിച്ചു. പിന്നീടു സമ്പന്നനായാണ് പോറ്റി നാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. പുളിമാത്ത്, കാരേറ്റ് പ്രദേശങ്ങളിലായി വീടു വച്ചുനൽകാനും വീട് അറ്റകുറ്റപ്പണിക്കുമായി ഇയാൾ പലർക്കും പണം നൽകിയിട്ടുണ്ട്. അമ്മയുടെ പേരിൽ കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.
ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. ആലപ്പുഴ സ്വദേശിയായ കീഴ്ശാന്തിയുടെ സഹായി ആയാണ് തുടക്കം. കീഴ്‌ശാന്തിമാരുടെ സഹായികളായി എത്തുന്നവർ പലപ്പോഴും പരിചയത്തിന്റെയും ശുപാർശയുടെയും പേരിലാണ് എത്തുന്നത്. ഇവർക്ക് ദേവസ്വം ബോർഡ് ശമ്പളം നൽകുന്നില്ല. കരാറുകളൊന്നുമില്ല.
കീഴ്‌ശാന്തിമാർ ഓരോ വർഷവും മാറിയപ്പോഴും മാറ്റമില്ലാതെ ഉണ്ണിക്കൃഷ്ണൻ പോറ്റി 4 വർഷം സന്നിധാനത്ത് തുടർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് കർണാടകയിൽ നിന്നുള്ള ഭക്തരെ ബന്ധിപ്പിക്കുന്ന കണ്ണിയായി പോറ്റി മാറി. ‘ബാംഗ്ലൂർ ഉണ്ണി’ എന്ന പേരിലാണ് ഇയാൾ ശബരിമലയിൽ അറിയപ്പെട്ടിരുന്നതെന്ന് പഴയ ചില ഉദ്യോഗസ്ഥർ പറയുന്നു. കർണാടകയിൽ നിന്നുള്ള ധനികരായ ചില ഭക്തരോട് വ്യക്തിബന്ധം സ്ഥാപിച്ച രീതിയിൽ ആരോപണങ്ങൾ വന്നപ്പോഴാണ് ഒഴിവാക്കിയത്.
വീണ്ടും പോറ്റി ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ശബരിമലയിൽ ദർശനം നടത്തുന്നവർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്ന ഇടനിലക്കാരനായി മാറി. ഇതിനു ശേഷം 2016 മുതൽ ശബരിമലയിൽ സംഭാവനകൾ നൽകുന്ന നിലയിലേക്കു വളർന്നു. ഇതിൽ മിക്കവയും സമ്പന്നരായ ഭക്തരെ മുൻ നിർത്തിയായിരുന്നു.
ദേവസ്വം ബോർഡുമായി ചർച്ച നടത്തുന്നതും രേഖകളിൽ പേരു വരുന്നതും പോറ്റിയുടെ. എന്നാൽ പണം മുടക്കുന്നത് മറ്റുള്ളവരാകും. വഴിപാട് കൃത്യമായി നടക്കുന്നതിനാൽ ഇതിന്റെ രേഖകളൊന്നും ആരും തിരക്കില്ല. ഇതു മുതലെടുത്താണു പോറ്റി പലരെയും കബളിപ്പിച്ചത്.
പോറ്റിയുടെ ഇടപാടുകൾ
2016 ഓഗസ്റ്റ് : തിടപ്പള്ളി ഉൾപ്പെടെ 4 വാതിലുകൾ പിച്ചള പൊതിഞ്ഞു. മറ്റൊരു സ്പോൺസറുടെ കൂടെ സഹായത്താൽ.
2017 : 8.20 ലക്ഷത്തിന്റെ ചെക്ക്, 17 ടൺ അരി, 30 ടൺ പച്ചക്കറി.
2017 ജൂൺ : ക്ഷേത്ര അലങ്കാരം, ഉദയാസ്തമയ പൂജ.
2019 മാർച്ച് : ശ്രീകോവിലിന്റെ വാതിൽ മാറ്റി പുതിയതു നിർമിച്ച് സ്വർണം പൂശി നൽകി (യഥാർഥ സ്പോൺസർ ബെള്ളാരി സ്വദേശി ഗോവർധൻ)
2019 മേയ് : ശ്രീകോവിലിന്റെ കട്ടിള പുറത്തു കൊണ്ടുപോയി സ്വർണം പൂശി (യഥാർഥ സ്പോൺസർ ബെംഗളൂരു മലയാളി അജികുമാർ)
2019 ജൂലൈ : ദ്വാരപാലക ശിൽപങ്ങൾ പുറത്തു കൊണ്ടു പോയി സ്വർണം പൂശി
2025 ജനുവരി : അന്നദാനം, ഉദയാസ്തമയ പൂജ
2025 ജനുവരി : അന്നദാനത്തിന് 6 ലക്ഷം
2025 ജനുവരി : മകരവിളക്കിന് 10 ലക്ഷം, അന്നദാന മണ്ഡപത്തിൽ ലിഫ്റ്റ് നിർമാണത്തിന് 10 ലക്ഷം, പതിനെട്ടാം പടിക്ക് ഇരുവശവും മണി മണ്ഡപവും മണികളും നിർമിച്ചു നൽകി English Summary:
Sabarimala Sponsorship Scandal: Vigilance Probes Unnikrishnan Potti\“s Mystery Income |