തിരുവനന്തപുരം ∙ കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസിലെ തുടർനടപടികളിൽ സംഭവിച്ചത് അസാധാരണ നിശ്ചലാവസ്ഥ. രണ്ടര വർഷം മുൻപ് നൽകിയ സമൻസ് ഇപ്പോഴും ഇ.ഡിയുടെ വെബ്സൈറ്റിൽ തുടരുമ്പോഴാണ് അതു കിട്ടിയതായി മകൻ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടെ, സമൻസിൽ എന്തു സംഭവിച്ചുവെന്നതിൽ ദുരൂഹത തുടരുന്നു.
- Also Read ശബരിമല: കോൺഗ്രസ് ജാഥകൾക്ക് തുടക്കം
ഇ.ഡിയുടെ നടപടിക്രമം പ്രകാരം സമൻസ് നൽകി ഹാജരായില്ലെങ്കിൽ തുടർച്ചയായി സമൻസുകൾ അയയ്ക്കും. വിവേകിന്റെ കാര്യത്തിൽ അതുണ്ടായില്ല. ആദ്യ സമൻസിൽ ഹാജരാകാതിരുന്ന വിവേകിനെ പിന്നീട് കേസന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി വിളിച്ചതായി അറിവില്ല.
സമൻസിലുണ്ടാകുന്ന തുടർനടപടികളെക്കുറിച്ച് നിയമവിദഗ്ധർ പറയുന്നതിങ്ങനെ – സമൻസ് ലഭിക്കുന്നയാൾ നേരിട്ടു ഹാജരാകണം, ഹാജരാകാത്തപക്ഷം അതിനുള്ള കാരണം രേഖാമൂലം അറിയിക്കണം, തന്നെ ഒഴിവാക്കുന്നതിനുള്ള കാരണങ്ങൾ രേഖാമൂലം വിശദീകരിക്കണം. അതു തൃപ്തികരമല്ലെങ്കിൽ തുടർ സമൻസുകൾ അയയ്ക്കും. എന്നിട്ടും ഹാജരായില്ലെങ്കിൽ ഇ.ഡിക്കു കോടതിയെ സമീപിക്കാം; റെയ്ഡ് നടത്താം; അറസ്റ്റിലേക്കു നീങ്ങാം.
വിശദീകരണം തൃപ്തികരമാണെങ്കിൽ സമൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് ഇ.ഡിക്കു കടക്കാം. പക്ഷേ, സമൻസ് കിട്ടിയതായി അറിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ, ഇ.ഡിക്കു വിവേക് ഏതെങ്കിലും തരത്തിൽ വിശദീകരണം നൽകിയിട്ടില്ലെന്നു കരുതാം. വിശദീകരണം ലഭിക്കാതെ തുടർനടപടികൾ ഒഴിവാക്കാനാവില്ല. ആ സാഹചര്യത്തിൽ സമൻസ് റദ്ദാവില്ല.
അതിൽ തുടർ നടപടി സ്വീകരിക്കേണ്ടതുണ്ട്. സമൻസിൽ പേരുള്ളയാൾ വിദേശത്താണു താമസിക്കുന്നതെങ്കിൽ, നാട്ടിലെത്തുംവരെ നടപടി നിർത്തിവയ്ക്കാനാവില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരാഞ്ഞ് ആ രാജ്യത്തിന് കത്തയയ്ക്കുകയാണു (ലെറ്റർ റൊഗേറ്ററി) ഇ.ഡിയുടെ നടപടിക്രമം.
സമൻസിൽ രേഖപ്പെടുത്തിയ കേസ് നമ്പർ ലാവ്‌ലിനുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും വിവേകിനോട് ഹാജരാകാൻ ആവശ്യപ്പെട്ട ദിവസം ഇ.ഡി നടത്തിയിരുന്ന അന്വേഷണം ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ലൈഫ് മിഷൻ കേസന്വേഷിച്ച ഇ.ഡി അസി.ഡയറക്ടർ പി.കെ.ആനന്ദ് ആണ് സമൻസ് അയച്ചത്.
ലൈഫ് മിഷൻ കേസിലെ പ്രതി എം.ശിവശങ്കറിനെ ചോദ്യംചെയ്തുകൊണ്ടിരുന്ന അതേ സ്ഥലത്തേക്ക് എത്താനാണ് ആവശ്യപ്പെട്ടതും. വിവേകിന്റെ സാമ്പത്തിക ഇടപാടുകളിലുള്ള സമഗ്ര പരിശോധനയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് സമൻസ് നിശ്ചലമായെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. English Summary:
ED Summons to CM\“s Son Vivek Kiran: The Unexplained Stalemate in Money Laundering Probe |