ന്യൂഡൽഹി ∙ ഹരിയാനയിൽ ജാതിവിവേചനം ആരോപിച്ച് ഐജി ജീവനൊടുക്കിയ കേസ് പുതിയ വഴിത്തിരിവിൽ. ആത്മഹത്യ ചെയ്ത ഐജി വൈ. പുരൻ കുമാറിനെതിരായ അഴിമതി ആരോപണം അന്വേഷിച്ചിരുന്ന സൈബർ സെൽ എഎസ്ഐ സന്ദീപ്കുമാർ വീട്ടിൽ സ്വയം വെടിവച്ചു മരിച്ചു.  
  
 -  Also Read  ‘ആരെല്ലാം എത്തുമെന്ന് അറിയണം’; മരിച്ചെന്ന് അറിയിപ്പ്, വിലാപയാത്ര, പക്ഷേ...; ‘വ്യാജ സംസ്കാരം’ നടത്തി 74കാരൻ   
 
    
 
പുരൻ കുമാർ അഴിമതിക്കാരനാണെന്നും അറസ്റ്റ് ഭയന്നു ജീവനൊടുക്കുകയായിരുന്നുവെന്നും സന്ദീപിന്റെ ആത്മഹത്യക്കുറിപ്പിൽ ആരോപിക്കുന്നു. കൃത്യമായ തെളിവുകളുണ്ടെങ്കിലും ജാതിവിവേചനം ഉന്നയിച്ച് അതെല്ലാം അട്ടിമറിക്കാനാണു പുരൻ ശ്രമിച്ചതെന്നും ശരിയായ അന്വേഷണത്തിനുവേണ്ടി താൻ ജീവൻ ബലി നൽകുകയാണെന്നും സന്ദീപിന്റെ കുറിപ്പിൽ പറയുന്നു. മദ്യ വ്യവസായിയോട് പുരൻ കുമാറിനു വേണ്ടിയെന്നു പറഞ്ഞ് 2.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ ഹെഡ് കോൺസ്റ്റബിൾ സുശീൽ കുമാർ മുൻപ് അറസ്റ്റിലായിരുന്നു. ഈ അറസ്റ്റിൽ സന്ദീപിനു നിർണായക പങ്കുണ്ടായിരുന്നുവെന്നു മറ്റുദ്യോഗസ്ഥർ പറയുന്നു.  
  
 -  Also Read  മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം, സഹായം വൈകിപ്പിച്ച് ഇസ്രയേൽ; ഗാസയിൽ പിടിമുറുക്കി ഹമാസ്, 7 പേരെ വധിച്ചു   
 
    
 
ഈമാസം ഏഴിനാണ് ചണ്ഡിഗഡിലെ വീട്ടിൽ പുരൻ കുമാർ സുരക്ഷാ ജീവനക്കാരന്റെ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചത്. മരണത്തിന് ഉത്തരവാദികളെന്നു പറഞ്ഞ് 8 സഹപ്രവർത്തകരുടെ പേരുകൾ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. ഹരിയാന ഡിജിപി ശത്രുജീത് കപൂറും റോത്തക് മുൻ എസ്പി നരേന്ദ്ര ബിജാർണിയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതുവരെ പുരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ അംനീത് പി. കുമാറിന്റെ നിലപാട്. പോസ്റ്റ്മോർട്ടം നടത്താതെ പുരന്റെ മരണം സംബന്ധിച്ച അന്വേഷണം മുന്നോട്ടുനീങ്ങില്ലെന്നു ചണ്ഡിഗഡ് പൊലീസും പ്രത്യേക അന്വേഷണ സംഘവും പറയുന്നു. English Summary:  
Shocking Twist: ASI Probing IG Puran Kumar\“s Corruption Kills Himself, Citing \“Sacrifice for Justice\“  |