തിരുവനന്തപുരം∙ ഈ വർഷത്തെ നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത്. പ്രധാന വേദിയായ ശംഖുമുഖത്ത് ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയേക്കും. ആഘോഷത്തിന് സൗകര്യമൊരുക്കാൻ 14 കോടി രൂപ ചെലവിൽ ശംഖുമുഖത്ത് 360 മീറ്റർ കടൽഭിത്തി പുതുതായി നിർമിക്കും. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാർഥമാണു ദിനാഘോഷം. സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന ആഘോഷം 2022 മുതലാണ് മറ്റിടങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചത്.
വിശാഖപട്ടണം, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് , ഒഡീഷയിലെ പുരി എന്നിവിടങ്ങളിലായിരുന്നു മുൻവർഷങ്ങളിലെ ദിനാഘോഷം. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം വേദിയാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തേക്കെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും. English Summary:
Indian Navy Day celebrations are set to take place in Thiruvananthapuram. The event, featuring naval exercises and a defense exhibition at Shankumugham Beach, will host Prime Minister Narendra Modi as the chief guest. |
|