അന്റനാനാരിവോ ∙ നേപ്പാൾ മാതൃകയിലുള്ള ജെൻ സീ പ്രക്ഷോഭത്തെത്തുടർന്ന് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിലെ പ്രസിഡന്റ് അൻഡ്രി രജോലിന (51) രാജ്യം വിട്ടു. സൈന്യം പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നതിനെ തുടർന്ന് ഫ്രഞ്ച് സൈനിക വിമാനത്തിലാണ് ഞായറാഴ്ച പ്രസിഡന്റ് രാജ്യം വിട്ടത്. മുൻ ഫ്രഞ്ച് കോളനിയാണ് മഡഗാസ്കർ. കഴിഞ്ഞമാസം നേപ്പാളിൽ ജെൻ സീ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി രാജിവച്ചിരുന്നു.   
  
 -  Also Read  ഗാസയുടെ പുനർനിർമാണത്തിന് വേണ്ടത് 6.9 ലക്ഷം കോടി രൂപ; ഉടൻ വേണ്ടത് 1.74 ലക്ഷം കോടിയെന്ന് യുഎൻ   
 
    
 
ജീവനു ഭീഷണിയുള്ളതിനാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറേണ്ടിവന്നുവെന്ന് തിങ്കളാഴ്ച അജ്ഞാത കേന്ദ്രത്തിൽ നിന്ന് സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് അറിയിച്ചു. മഡഗാസ്കറിനെ നശിക്കാൻ അനുവദിക്കില്ലെന്നും പാർലമെന്റായ നാഷനൽ അസംബ്ലി പിരിച്ചുവിട്ടതായും പ്രഖ്യാപിച്ചു. ഭരണം സൈന്യം ഏറ്റെടുത്തു.   
 
പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ഉടമ്പടി ഉണ്ടാക്കിയ ശേഷമാണ് അൻഡ്രി രജോലിന രാജ്യം വിട്ടതെന്ന് ഫ്രഞ്ച് റേഡിയോ വ്യക്തമാക്കി. സെപ്റ്റംബർ 25ന് തുടങ്ങിയ പ്രക്ഷോഭത്തിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടു. വെള്ളം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി തുടങ്ങിയ പ്രക്ഷോഭം വ്യാപിക്കുകയും അഴിമതിയും ദുർഭരണവും ഉന്നയിച്ച് കൂടുതൽ ശക്തമാകുകയും ചെയ്തു. പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.   
 
3 കോടി ജനങ്ങൾ; നാലിൽ മൂന്നും ദരിദ്രർ 
  
 ∙ വിസ്തീർണത്തിൽ ലോകത്തെ നാലാമത്തെ വലിയ ദ്വീപാണ് മഡഗാസ്കർ. 2009 ൽ സൈന്യത്തിന്റെ പിന്തുണയോടെ പ്രസിഡന്റായിരുന്ന മാർക് രവലോമനാനയെ അട്ടിമറിച്ചാണ് അൻഡ്രി രജോലിന അധികാരത്തിലെത്തിയത്.  
 
3 കോടിയോളം ജനസംഖ്യയുള്ള രാജ്യത്തെ നാലിൽ 3 പേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 1960ൽ സ്വതന്ത്രമായ ശേഷം 2020ആയപ്പോൾ ജിഡിപി 45% ഇടിഞ്ഞതായാണ് ലോകബാങ്ക് കണക്ക്. സ്വാതന്ത്ര്യത്തിനു ശേഷം നിരവധി ഭരണകൂട അട്ടിമറികൾ രാജ്യത്ത് നടന്നു. English Summary:  
Madagascar on Edge: Gen Z Protests Force Madagascar President Andry Rajoelina to Flee Amid Military Takeover  |