ബെംഗളൂരു∙ ശബരിമല ശ്രീകോവിലിന്റെ വാതിൽപാളികളിലും കട്ടിളയിലും പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖേന ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ 512 ഗ്രാം സ്വർണം നൽകിയ ഗോവർധൻ ബെള്ളാരിയിലെ റൊഡ്ഡാം ജ്യൂവൽസിന്റെ ഉടമ. 2018 നവംബറിലോ ഡിസംബറിലോ ആണ് വാതിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി തന്നെ സമീപിച്ചതെന്നു ഗോവർധൻ പറഞ്ഞു. 2012–13 കാലഘട്ടത്തിൽ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്ര സന്ദർശനത്തിനിടെയാണ് അവിടെ കീഴ്ശാന്തിയായിരുന്ന പോറ്റിയെ പരിചയപ്പെട്ടത്.  
  
 -  Also Read  തട്ടിപ്പ് രണ്ട് കിലോ സ്വർണത്തിന്   
 
    
 
2019 മാർച്ച് 1ന് 200 ഗ്രാം, മാർച്ച് 4ന് 125.5 ഗ്രാം എന്നിങ്ങനെ 325. 5 ഗ്രാമാണു നൽകിയത്. ഇതിൽ 321.6 ഗ്രാം സ്വർണമാണ് വാതിൽപാളികൾ പ്ലേറ്റ് ചെയ്യാൻ ഉപയോഗിച്ചത്. തുടർന്നു വാതിലിന് ഇരുവശവും കട്ടിളയുടെ 7 പാളികളിലും പൂശാനായി 2019 ജൂൺ 10ന് 186.587 ഗ്രാം സ്വർണവും ഗോവർധൻ നൽകി. ഇതിൽ 184 ഗ്രാം സ്വർണമാണു പൂശിയത്. വാതിൽപാളികളും കട്ടിളയും ഗോവർധന്റെ പേരിലാണ് ഗോൾഡ് സർട്ടിഫിക്കറ്റ് സഹിതം സ്മാർട്ട് ക്രിയേഷൻസ് കൈമാറിയത്.  
  
 -  Also Read  ശബരിമല സ്വർണക്കവർച്ച: കട്ടിളയിലെ മോഷണത്തിന് പ്രത്യേക കേസ്   
 
    
 
അതിനിടെ, സ്വർണം പൂശാനെന്ന വ്യാജേന ബെംഗളൂരു ജാലഹള്ളി സ്വദേശി അജികുമാറിൽനിന്ന് 35 ലക്ഷം രൂപ ഉണ്ണിക്കൃഷ്ണൻ പോറ്റി സംഭാവനയായി വാങ്ങിയതായും സൂചനയുണ്ട്. ഇതിന്റെ ഉപകാരസ്മരണയെന്ന രീതിയിൽ സ്വർണം പൂശിയ വാതിലുകൾ അജികുമാറിന്റെ വീട്ടിലും പിന്നീട് ഗോവർധന്റെ ബെള്ളാരിയിലെ വീട്ടിലുമെത്തിച്ചു പൂജ നടത്തിയിരുന്നു. എന്നാൽ, അജികുമാറിൽനിന്നു കൈപ്പറ്റിയ സംഭാവന പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപങ്ങൾ നിർമിച്ച ശേഷം മണികൾ സ്ഥാപിക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രയോജനപ്പെടുത്തിയത്.  
 
ജാലഹള്ളി ക്ഷേത്രവാതിലും സ്വർണംപൂശി 
  
 ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്ര ശ്രീകോവിലിന്റെ വാതിലിൽ സ്വർണംപൂശിയതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ്. 2019 മാർച്ചിൽ ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണംപൂശി സമർപ്പിച്ചതിനു പിന്നാലെയായിരുന്നു ഇത്. ശബരിമല ക്ഷേത്രവാതിൽ നിർമിച്ച ഗുരുവായൂർ സ്വദേശി എളവള്ളി നന്ദൻ തന്നെയാണ് ഇവിടെയും വാതിൽ നിർമിച്ചത്. സ്വർണം പൂശിയത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ തന്നെയാണ്.  
 
ക്ഷേത്രഭണ്ഡാരത്തിലും മറ്റും ഭക്തർ സമർപ്പിച്ച 820 ഗ്രാം സ്വർണമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അന്നത്തെ ഭാരവാഹികൾ കൈമാറിയതെന്ന് ജാലഹള്ളി ക്ഷേത്ര പ്രസിഡന്റ് ജെ.സി.വിജയൻ പറഞ്ഞു. മേൽശാന്തിയായിരുന്ന ജി.ശങ്കര നാരായണൻ പോറ്റിയാണ് (ജി.എസ്.എൻ.പോറ്റി) ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തിയത്. അതല്ലാതെ ജാലഹള്ളി ക്ഷേത്രത്തിൽ പരികർമിയായോ ശാന്തിക്കാരനായോ ഉണ്ണിക്കൃഷ്ണൻ പോറ്റി ജോലി ചെതിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  
 
സമർപ്പണച്ചടങ്ങിനുമെത്തി 
  
 ശബരിമലയിലെ സ്വർണവാതിൽ മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ സ്പോൺസറായി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരാണുള്ളതെങ്കിലും സ്വർണവാതിൽ സമർപ്പണച്ചടങ്ങിൽ പങ്കെടുത്തത് സ്പോൺസറെന്ന പേരിൽ ഗോവർധൻ അടക്കം 5 പേർ. ഗോവർധൻ, വ്യവസായി രമേശ് റാവു, ഉണ്ണിക്കൃഷ്ണൻ പോറ്റി, അജിത് ബെംഗളൂരു, പള്ളിക്കത്തോട് സ്വദേശിയായ വ്യവസായി വാസുദേവൻ എന്നിവരാണു സ്പോൺസർമാരായി ചടങ്ങിനെത്തിയത്.  
 
സ്വർണവാതിലിനു തേക്കുമരം സംഭാവന ചെയ്ത കോട്ടയം പള്ളിക്കത്തോട് സ്വദേശി അജികുമാറിന്റെ ആവശ്യപ്രകാരം കോട്ടയത്തുനിന്നു വാതിൽ സമർപ്പണ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നതായി ശിൽപി എളവള്ളി നന്ദൻ പറഞ്ഞു. രഥഘോഷയാത്രയായി ശബരിമലയിൽ സ്വർണവാതിൽ എത്തിക്കുമ്പോഴും ഇവർ ഒപ്പമുണ്ടായിരുന്നു.  
 
ശബരിമലയിൽ നിന്ന് ചെന്നൈയിൽ  എത്തിയപ്പോൾ ആവിയായി 4.5 കിലോ 
  
 2019 ജൂലൈ 19ന് ശബരിമലയിൽ നിന്ന് അഴിച്ചെടുത്ത ദ്വാരപാലക ശിൽപ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിയപ്പോൾ ആവിയായത് 4.541 കിലോ. 2019 ഓഗസ്റ്റ് 29നാണ് സ്മാർട്ട് ക്രിയേഷനിൽ അന്നത്തെ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തിൽ പാളികളുടെ ഭാരം പരിശോധിച്ചത്. ചെമ്പ് ഉരുപ്പടികൾ ശുദ്ധി ചെയ്തു ഹാജരാക്കിയെന്നാണ് അന്നത്തെ മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  ശുദ്ധീകരണം കഴിഞ്ഞ പാളികളാണു തിരുവാഭരണം കമ്മിഷണർ കണ്ടത്.   
 
ശുദ്ധീകരണത്തിനു മുൻപുള്ള ഭാരം സ്മാർട്ട് ക്രിയേഷൻസോ ദേവസ്വം ബോർഡ് മഹസറിലോ രേഖപ്പെടുത്തിയിട്ടില്ല. ചെന്നൈയിൽ ശുദ്ധീകരണം നടത്തിയ പാളികളുടെ ഭാരമാണ് സ്മിത്തിന്റെ പരിശോധനയ്ക്കു ശേഷം തിരുവാഭരണം കമ്മിഷണർ തയാറാക്കിയത്. 394.9 ഗ്രാം സ്വർണമുപയോഗിച്ച് ജോലികൾ പൂർത്തിയാക്കി.   
 
പാളി മാറ്റം കോടതിയെ അറിയിച്ചില്ല 
  
  2019–ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശണമെന്നു മുരാരി ബാബു, ഡി.സുധീഷ്കുമാർ എന്നിവർ അയച്ച ശുപാർശക്കത്ത് ബോർഡിലേക്ക് സമർപ്പിച്ച ദേവസ്വം കമ്മിഷണറുടെ ചുമതല വഹിച്ച ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ (ഫിനാൻസ് ഇൻസ്പെക്‌ഷൻ) ഭാഗത്ത് വീഴ്ചയുണ്ടെന്നും തുടരന്വേഷണം വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ട് ആവശ്യപ്പെടുന്നു. 2025 ൽ പാളികൾ കൊണ്ടുപോയതിലും വീഴ്ച സംഭവിച്ചു.  
 
സ്പെഷൽ കമ്മിഷണറെ അറിയിച്ച് കോടതിയിൽനിന്ന് ഉത്തരവു വാങ്ങണമെന്ന വിവരം  അറിയില്ലായിരുന്നുവെന്നാണ് ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴി. ശബരിമല സംബന്ധിച്ച എല്ലാ വിധികളെയും ഉത്തരവുകളെയും കുറിച്ച് ദേവസ്വം ബോർഡിനും ബോർഡിലെ നിയമവകുപ്പിനും ധാരണ ഉണ്ടാകണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.  
 
ശ്രീകോവിലിന്റെ വാതിലിലെ  കട്ടിളപ്പടിയിലെ സ്വർണക്കവർച്ച കേസ് പ്രതിപ്പട്ടിക  
 
1. ഉണ്ണിക്കൃഷ്ണൻ പോറ്റി 
  
 2. കൽപേഷ് 
  
 3. 2019ലെ ദേവസ്വം കമ്മിഷണർ 
  
 4. 2019ലെ തിരുവാഭരണ കമ്മിഷണർ 
  
 5. 2019ലെ എക്സിക്യൂട്ടീവ് ഓഫിസർ 
  
 6. 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ 
  
 7. 2019ലെ അസിസ്റ്റന്റ് എൻജിനീയർ 
  
 8. 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾ  
 
‘‘2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു വിട്ടുനൽകിയിട്ടില്ല. പോറ്റിക്കു നൽകരുതെന്നത് എന്റെ നിർദേശമായിരുന്നു. 2024ൽ തിരുവാഭരണ കമ്മിഷണർക്കുണ്ടായ ആശയക്കുഴപ്പമാണു കാരണം. ആ പിശക് പിന്നീടു റിപ്പോർട്ട് ചെയ്തു തിരുത്തി. 2025ൽ പാളികൾ കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ബോർഡിനാണ്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചു. ഞാൻ പ്രതിയാണെങ്കിൽ രാജിവയ്ക്കാനും ശിക്ഷ നേരിടാനും തയാറാണ്’’ -പി.എസ്.പ്രശാന്ത് (തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്)  
 
‘‘ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന  അന്വേഷണത്തിലൂടെ ശബരിമലയിലെ കുറ്റക്കാരെ പിടികൂടും. അന്വേഷണം പൂർത്തിയാകുംവരെ കാത്തിരിക്കണം’’ -കടകംപള്ളി സുരേന്ദ്രൻ എംഎൽഎ English Summary:  
Sabarimala Gold Plating Row: Ballari Sponsor Gooverdhan Confirms Gold Handover to Unnikrishnan Potty |