തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന് വാർഡുകളുടെ സംവരണക്രമം നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്നു മുതൽ. സംവരണ വാർഡുകൾ വ്യക്തമാകുന്നതോടെ രാഷ്ട്രീയപാർട്ടികൾ സ്ഥാനാർഥിനിർണയ നടപടികളിലേക്കു നീങ്ങും. 941 ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ 16 വരെ നടക്കും. അതത് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഗ്രാമപ്പഞ്ചായത്തുകളുടെ നറുക്കെടുപ്പ്.
കണ്ണൂരിലേത് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റു ജില്ലകളിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും രാവിലെ 10ന് നറുക്കെടുപ്പ് ആരംഭിക്കും. ഗ്രാമപ്പഞ്ചായത്തുകളിൽ വനിതകളുടെ മാത്രം സംവരണ വാർഡുകൾ 8852 ആണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽനിന്ന് വനിതകൾക്കായി സംവരണം ചെയ്തവ ഉൾപ്പെടെയുള്ള എണ്ണമാണിത്.
- Also Read സ്വർണംപൂശൽ: യഥാർഥ സ്പോൺസർ ബെള്ളാരി സ്വദേശി; പോറ്റി വഴി സ്വർണം നൽകിയത് സ്ഥിരീകരിച്ച് ഗോവർധൻ
152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18നും 14 ജില്ലാ പഞ്ചായത്തുകളിലേത് 21നും കലക്ടറേറ്റുകളിൽ നടക്കും. 16നാണ് നഗരസഭാ വാർഡുകളുടെ നറുക്കെടുപ്പ്. കോർപറേഷനുകളിലേത് 17, 18, 21 തീയതികളിലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ കലക്ടർമാർക്കും നഗരസഭകളിൽ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കും കോർപറേഷനുകളിൽ തദ്ദേശവകുപ്പ് അർബൻ ഡയറക്ടർക്കുമാണു സംവരണം നിശ്ചയിക്കാനുള്ള അധികാരം. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കു സംവരണം ചെയ്ത എണ്ണവും സ്ഥാനവും ആവർത്തനക്രമമനുസരിച്ച് ഏത് വാർഡുകൾക്കാണ് നൽകേണ്ടതെന്ന് തീരുമാനിക്കാനാണു നറുക്കെടുപ്പ്. ചില നഗരസഭകളുടെയും കോർപറേഷനുകളുടെയും നറുക്കെടുപ്പ് സ്ഥലത്തിലും തീയതിയിലും ഭേദഗതി വരുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി.
സംവരണം കണ്ടുപിടിക്കുന്നത് ഇങ്ങനെ
∙ വാർഡ് വിഭജനത്തിനു ശേഷം, നിലവിലെ ഒരു വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യ ഉൾപ്പെട്ടു വരുന്ന പുതിയ വാർഡിന് പഴയ വാർഡിന്റെ അതേ സംവരണനില എന്നു കണക്കാക്കിയാകും നടപടികൾ ആരംഭിക്കുക. വാർഡ് വിഭജനത്തിനു ശേഷമുള്ള വാർഡുകളുടെ നമ്പറും പേരും, ഓരോ വിഭാഗത്തിനും സംവരണം ചെയ്യേണ്ട വാർഡുകളുടെ എണ്ണം, പുതിയ വാർഡുകളുടെ 2015ലെയും 2020ലെയും സംവരണവിവരം, 2015ലും 2020ലും തുടർച്ചയായി സംവരണം ചെയ്തിരുന്ന വാർഡുകൾ തുടങ്ങിയ വിവരങ്ങൾ നേരത്തേ തയാറാക്കിവയ്ക്കും.
ഒരു സംവരണവിഭാഗത്തിന് 2025ൽ സംവരണം നീക്കിവയ്ക്കുന്നതിന്, അതേ വിഭാഗത്തിന് 2020ലോ 2015ലോ സംവരണം ചെയ്ത വാർഡുകൾ ഉണ്ടെങ്കിൽ അവ ആദ്യം ഒഴിവാക്കിയാണ് ആവർത്തനക്രമം പാലിക്കേണ്ടത്.
ആവർത്തനക്രമം പാലിക്കുന്നത് ഇങ്ങനെ: ഉദാഹരണത്തിന് സ്ത്രീ സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി, 2015ലും 2020ലും തുടർച്ചയായി സംവരണം ചെയ്ത വാർഡുകളും 2020ൽ സ്ത്രീകൾക്ക് സംവരണം ചെയ്ത വാർഡുകളും ആദ്യം ഒഴിവാക്കി ശേഷിക്കുന്നവയിൽ നിന്നാകും നറുക്കെടുപ്പ് നടത്തുക.
അപ്രകാരം നിശ്ചിത എണ്ണം സ്ത്രീ സംവരണ വാർഡുകൾ ലഭിക്കാത്ത സാഹചര്യത്തിൽ, 2020ൽ സ്ത്രീകൾക്കു സംവരണം ചെയ്ത വാർഡുകളിൽ 2015ലും സംവരണം വന്നിട്ടുള്ള വാർഡുകൾ ഒഴിവാക്കി നറുക്കെടുക്കണം. എന്നിട്ടും സ്ത്രീ സംവരണ വാർഡുകൾ പൂർത്തിയാക്കാൻ കഴിയാതിരുന്നാൽ 2020ലും 2015ലും തുടർച്ചയായി സംവരണം ചെയ്തിരുന്ന വാർഡുകൾ നറുക്കെടുപ്പിനു പരിഗണിക്കണം. English Summary:
Kerala Local Body Elections: Draw for Reserved Wards Kicks Off Today |
|