പാലക്കാട് ∙ പാലക്കാട്ടുകാർക്ക് അബദ്ധം പറ്റില്ലെന്നും തിരഞ്ഞെടുപ്പു കാലത്ത് കിറ്റും ചില ടൂളുകളുമായി എത്തുന്നവരെ സൂക്ഷിക്കണമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. പാലക്കാട് നഗരസഭയിൽ വിവിധ വികസന പദ്ധതികളും വികസന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   
 
ഇരട്ട എൻജിൻ സർക്കാരിന്റെ നേട്ടമാണ് പാലക്കാട് നഗരസഭയിലെ മാതൃകാപരമായ വികസനം. കേന്ദ്രവും പാലക്കാടും ഭരിക്കുന്നതു ബിജെപിയാണ്. ഈ നവംബറോടെ കേരളം മുഴുവൻ അതു വ്യാപിപ്പിക്കണം. ഉദ്ഘാടനം ബഹിഷ്കരിച്ച ചിലരുണ്ട്. വസ്തുത മനസ്സിലാക്കി അവരെ വോട്ടർമാർ തിരസ്കരിക്കണം. എംപിമാർ മണ്ഡലത്തിൽ എന്തു ചെയ്തു എന്നത് ജനം ഓഡിറ്റ് ചെയ്യണം. അതിന്റെ അടിസ്ഥാനത്തിലാകണം വോട്ടു നൽകേണ്ടത്.   
 
തിരുവനന്തപുരത്ത് 3 തവണ എംപിയായ വ്യക്തിയെക്കാൾ കൂടുതൽ കാര്യങ്ങൾ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സിനിമാക്കാരനായ തനിക്കു ചെയ്യാൻ സാധിച്ചെങ്കിൽ അതു തിരുവനന്തപുരത്തുകാർ വിളംബരം ചെയ്യണം.  തൃശൂരിൽ ശക്തൻ മാർക്കറ്റും തൃശൂർ റൗണ്ടും നവീകരിക്കാൻ ഇതുവരെ തന്നെ അനുവദിച്ചില്ല.  
 
ഇതിനു കാരണം കോർപറേഷനിൽ ബിജെപിക്കു ഭരണമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ വികസന നേട്ടങ്ങളിൽ ഭരണനേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്റെ ഗ്രാൻഡ് ഉപയോഗിച്ചു പൂർത്തീകരിച്ച ടൗൺഹാൾ അനക്സ്, സുൽത്താൻപേട്ട കോംപ്ലക്സ്, സ്റ്റേഡിയം ബൈപാസിലെ ഓർഗാനിക് മാർക്കറ്റ്, ഒലവക്കോട് കംഫർട്ട് സ്റ്റേഷൻ, നഗരസഭയിലെ ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതിയ കോംപ്ലക്സുകളെല്ലാം 2026 ജനുവരിയോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകും.   
 
നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ അധ്യക്ഷനായി. ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.േബബി, മിനി കൃഷ്ണകുമാർ, പി.സാബു, ടി.എസ്.മീനാക്ഷി, ബിജെപി കക്ഷിനേതാവ് കെ.വി.വിശ്വനാഥൻ, മുതിർന്ന അംഗം എൻ.ശിവരാജൻ, വി.നടേശൻ, മുനിസിപ്പൽ എൻജിനീയർ ജി.ജീന, എക്സിക്യൂട്ടീവ് എൻജിനീയർ വി.ആർ.പ്രവിത എന്നിവർ പ്രസംഗിച്ചു.   
 
പ്രവർത്തന മികവിന് നഗരസഭ സെക്രട്ടറി അൻസൽ ഐസക്, അസിസ്റ്റന്റ് എൻജിനീയർ എസ്.ജ്യോതിസ്, ഓവർസിയർ ഷൈൻ എന്നിവരെ ചടങ്ങിൽ കേന്ദ്രമന്ത്രി ആദരിച്ചു. മികവു പുലർത്തിയ അയൽക്കൂട്ടങ്ങൾക്ക് മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 25,000 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും സിപിഎമ്മും ചടങ്ങ് ബഹിഷ്കരിച്ചു.    
 
നവീകരിച്ച കൗൺസിൽ ഹാൾ തുറന്നു 
 പാലക്കാട് നഗരസഭയിൽ നവീകരിച്ച കൗൺസിൽ ഹാൾ കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ, ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻമാർ എന്നിവരെ കേന്ദ്രമന്ത്രി സീറ്റിലേക്ക് ആനയിച്ചു. നിയമസഭ മാതൃകയിലാണ് കൗൺസിൽ ഹാൾ നവീകരിച്ചിട്ടുള്ളത്. കൗൺസിലർമാരുടെ ഇരിപ്പിടത്തിൽ നിന്നു നേരിട്ട് അധ്യക്ഷയുടെ സീറ്റിനു മുന്നിലേക്ക് പ്രവേശനം ഇല്ല. അധ്യക്ഷയുടെ മുന്നിലെത്തിയുള്ള പ്രതിഷേധത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനും ഇതുവഴി സാധിക്കും. ഇല്ലെങ്കിൽ മേശയുടെ മുകളിലൂടെ ചാടി വരണം. English Summary:  
Suresh Gopi inaugurated various development projects in Palakkad Municipality, emphasizing the benefits of a double-engine government. He urged voters to evaluate the work of MPs and highlighted the achievements possible with central support. The event included the inauguration of renovated facilities and recognition of outstanding municipal staff and community groups. |   
                
                                                    
                                                                
        
 
    
                                     
 
 
 |