തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ 2019 ൽ സ്വർണംപൂശി സ്ഥാപിച്ച പാളികൾ വീണ്ടും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ടും തട്ടിപ്പിനു ശ്രമം. 2019 ൽ സ്ഥാപിച്ചത് 50 പവനോളം സ്വർണം പൂശിയ പാളികളായിരുന്നെങ്കിലും ചെന്നൈയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാൻ കഴിഞ്ഞ വർഷം ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു നടത്തിയ കത്തിടപാടിലും ഫയലിലും അതു വീണ്ടും ‘ചെമ്പ്’ പാളികളായി.
- Also Read പാക്കിങ് പിഴച്ചു, തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; ആർസിസിയിൽ 2125 കുപ്പി മരുന്ന് രോഗികൾക്കു നൽകി
1999 ൽ ഒന്നര കിലോഗ്രാം സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപത്തിന്റെ പാളികൾ 2019 ൽ ചെമ്പ് പാളിയെന്നു മഹസറിൽ രേഖപ്പെടുത്തി തട്ടിപ്പിനു കളമൊരുക്കിയതും മുരാരി ബാബുവായിരുന്നുവെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് മുരാരിയെ സസ്പെൻഡ് ചെയ്തിരുന്നു.
ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം പാളികൾ ഇളക്കി കൊടുത്തുവിടാനായിരുന്നു ശ്രമം. സ്വർണം പൂശിയതിന്റെ 40 വർഷത്തെ വാറന്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനായി മുരാരി ബാബു ദേവസ്വം ബോർഡിനോട് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. എന്നാൽ, ആ നടപടിയുടെ തുടർച്ചയായാണ് കഴിഞ്ഞ മാസം പാളികൾ ഇളക്കിയെടുത്ത് ഉദ്യോഗസ്ഥർ മുഖേന ചെന്നൈയിൽ എത്തിച്ചത്. ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയായിരുന്നു ഇത്.
തട്ടിപ്പു നടന്ന 2019 ൽ പുതിയതായി സ്ഥാപിച്ച പാളികളിൽ 397 ഗ്രാം സ്വർണമാണ് പൂശിയത്. 4 വർഷത്തിനു ശേഷം 2023 ൽ തന്നെ ഇതിനു കേടുപറ്റിയെന്നു ചൂണ്ടിക്കാട്ടി വീണ്ടും ഇളക്കിയെടുത്തു കൊണ്ടുപോകാനുള്ള നീക്കം ആരംഭിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി തന്നെയാണ് ഇതിനും ചരടു വലിച്ചതെന്നാണ് വിവരം.
2024 ഒക്ടോബർ 10ന് മുരാരി ബാബു സ്മാർട് ക്രിയേഷൻസിന് അയച്ച കത്തിൽ ശിൽപത്തിലെ ‘ചെമ്പ്’ പാളികളുടെ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അവർ ഒക്ടോബർ 16ന് അയച്ച മറുപടിക്കത്തിൽ വ്യക്തമാകുന്നു. ഒരു ചെലവുമില്ലാതെ 3–4 ആഴ്ചയ്ക്കുള്ളിൽ ഇതു ചെയ്തു നൽകാമെന്നും പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നും കത്തിൽ പറയുന്നുണ്ട്. ഈ മറുപടിക്കത്തിന്റെ പകർപ്പിലാണ് ‘ദ്വാരപാലക ശിൽപങ്ങൾ കൊടുത്തുവിടാൻ അനുവദിക്കണം’ എന്ന കുറിപ്പ് മുരാരി ബാബു ദേവസ്വം ബോർഡിനു നൽകിയത്. പിന്നാലെ ഉണ്ണിക്കൃഷ്ണൻ പോറ്റി നേരിട്ടു വിളിച്ച് ഈ വിഷയം സംസാരിച്ചെങ്കിലും അനുമതി നിരസിച്ചുവെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറയുന്നു.
എല്ലാം ആസൂത്രിതം
പാളികൾ എടുത്തപ്പോഴും തിരികെ വച്ചപ്പോഴും ദേവസ്വം വിജിലൻസ് സാന്നിധ്യമില്ല. തിരികെ വച്ചപ്പോൾ തൂക്കം നോക്കിയതുമില്ല. തട്ടിപ്പിനു പിന്നിലെ ആസൂത്രിത ഗൂഢാലോചന വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. English Summary:
Sabarimala Gold Plating Fraud: Murari Babu Suspended Amidst \“Gold Became Copper\“ Scandal |