തിരുവനന്തപുരം ∙ ‘ഇപ്പോൾ ആലോചിക്കുമ്പോൾ ആ ഇമെയിൽപോലും മറ്റ് ഉദ്ദേശ്യത്തോടെ അയച്ചതാണോയെന്നു സംശയിക്കുന്നു’– തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു ഇതു പറഞ്ഞത് തന്റെ ഭാഗം വിശദീകരിക്കാനാണെങ്കിലും അതിനു മുൻപു നടന്ന സംഭവത്തിലേക്കു വെളിച്ചംവീശുന്നതാണിത്.   
  
 -  Also Read  സ്വർണം പൂശിയ കട്ടിളയും രേഖയിൽ ചെമ്പ്; ആദ്യം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കയ്യിലെത്തിയത് കട്ടിളയിലെ സ്വർണം   
 
    
 
2019 ജൂലൈയിൽ ദ്വാരപാലകശിൽപങ്ങളുടെ സ്വർണപ്പാളി കൊണ്ടുപോകുമ്പോഴും സെപ്റ്റംബറിൽ തിരികെയെത്തിക്കുമ്പോഴും താൻ ദേവസ്വം ബോർഡിന്റെ ചുമതലയിൽ ഉണ്ടായിരുന്നില്ലെന്നു വാസു പറയുന്നു. ദേവസ്വം കമ്മിഷണറായിരുന്ന വാസു 2019 മാർച്ച് 14നു ചുമതലയൊഴിഞ്ഞു. പിന്നീട് ബോർഡ് പ്രസിഡന്റായി ചുമതലയേറ്റത് നവംബറിലാണ്.  
 
വാസു പറയുന്നത്: 
  
 ‘2019 ഡിസംബർ 9നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ എനിക്കു വന്നത്. ദ്വാരപാലകശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നുമാണ് മെയിലിൽ ഉണ്ടായിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇമെയിൽ വന്നത്.   
 
സന്നിധാനത്തെ സ്വർണമാണിതെന്ന് ഇമെയിൽ കിട്ടുമ്പോൾ കരുതാൻ കഴിയുമോ? ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വന്തം സ്വർണം ഉപയോഗിച്ചു ദ്വാരപാലകശിൽപങ്ങളിൽ പൂശാനാണ് ബോർഡുമായുള്ള കരാർ. അങ്ങനെ പൂശിയ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് ആരും കരുതുക. ഇമെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി നൽകിയതല്ലാതെ പിന്നീട് ഇതിൽ എന്തു സംഭവിച്ചെന്നുപോലും അന്വേഷിച്ചില്ല.  
 
 വിവാദമായപ്പോൾ ഞാൻ ഇന്നലെ ബോർഡിൽ അന്വേഷിച്ചു. ബോർഡിന്റെ എന്തു സഹകരണമാണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ച് ബോർഡ് ഓഫിസിൽനിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഇമെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് അറിഞ്ഞത്.  
 
ഇപ്പോഴത്തെ അന്വേഷണസംഘം ഇമെയിലിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ടില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി നേരിട്ട് ഇടപെട്ടിട്ടില്ല. ശബരിമലയിൽ സ്പോൺസർ എന്ന നിലയിൽ ഒട്ടേറെപ്പേർ വരുന്നുണ്ട്. അവരിലൊരാളായി അറിയാം. ശബരിമലയിലെ അന്നദാനത്തിനു സഹകരിച്ചിട്ടുണ്ട്. എല്ലാക്കാര്യവും അന്വേഷിക്കട്ടെ. സത്യം പുറത്തുവരട്ടെ. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം’– വാസു പറഞ്ഞു. English Summary:  
N. Vasu Speaks Out: Unnikrishnan Potty\“s Email on Sabarimala Gold Plating Confirmed |   
                
                                                    
                                                                
        
 
    
                                     
 
 
 |