ശബരിമല ∙ സന്നിധാനത്ത് കീഴ്‌ശാന്തിയുടെ പരികർമിയായെത്തി ചുരുങ്ങിയ കാലം കൊണ്ട് അമ്പരിപ്പിക്കുന്ന വളർച്ചയാണ് കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കുണ്ടായത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ശബരിമലയിലെ സ്വർണം പൂശുന്നതിന്റെയും വഴിപാടുകളുടെയും മറ്റു പൂജകളുടെയും പേരിൽ ഇയാൾ വ്യാപക പണപ്പിരിവ് നടത്തിയെന്നും ആരോപണമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അടിമുടി ദുരൂഹത സംശയിക്കുന്നു. സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടിയിരുന്നു.  
  
 -  Also Read  തദ്ദേശ വോട്ടർപട്ടിക: പേരു തിരച്ചിൽ പുനഃസ്ഥാപിച്ചു; ഇരട്ടവോട്ട് കണ്ടെത്താൻ തടസ്സമെന്ന പരാതിക്കു പിന്നാലെ നടപടി   
 
    
 
ഉണ്ണിക്കൃഷ്ണൻ  പോറ്റി ശബരിമലയിൽ എത്തിയത് 2008ലാണ്. പല ഭാഷകൾ അറിയാവുന്നതാണ് യോഗ്യതകളിലൊന്ന്. കീഴ്ശാന്തിയുടെ സഹായിയായിരിക്കെ സന്നിധാനത്തു ദർശനത്തിനു വന്ന പ്രമുഖരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് അവരുമായി ബന്ധം സ്ഥാപിച്ചു. ഇതറിഞ്ഞതോടെ അദ്ദേഹത്തെ ശബരിമലയിലെ ചുമതലകളിൽനിന്ന് ഒഴിവാക്കി. ഇതോടെ കിളിമാനൂരിൽ ഹോട്ടൽ നടത്തി. അത് നിർത്തിയ ശേഷം പ്രവർത്തന മേഖല ബെംഗളൂരുവിലേക്കു മാറ്റി. പിന്നീടാണ് സ്പോൺസറുടെ റോളിൽ എത്തിയത്.   
 
ദ്വാരപാലക ശിൽപം മാത്രമല്ല ശ്രീകോവിലിൽ വാതിലും ഉണ്ണിക്കൃഷ്ണൻ മുൻകൈ എടുത്ത് സ്വർണം പൂശി നൽകി. അതിനു പുറമേ എല്ലാവർഷവും മകരവിളക്കു കാലത്ത് സന്നിധാനത്ത് സദ്യനടത്താറുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി മട്ടന്നൂരിന്റെ തായമ്പക സന്നിധാനത്ത് അവതരിപ്പിക്കുന്നതിനു മുൻകൈ എടുത്തതും അദ്ദേഹമാണ്. ഇതിനിടെ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നതായും സൂചനയുണ്ട്.   
 
ദ്വാരപാലക ശിൽപങ്ങളുടെ താങ്ങു പീഠങ്ങളും താൻ ശബരിമലയിൽ നൽകിയെന്നും അവ ഇപ്പോൾ കാണാനില്ലെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹത്തിന്റെ വെഞ്ഞാറമ്മൂട്ടിലെ ബന്ധുവീട്ടിൽനിന്നു തന്നെ ഇവ കണ്ടെടുത്തു.   
 
ശബരിമലയിലെ ശ്രീകോവിലിന്റെ വാതിലും കട്ടിളയുമാണെന്ന് അവകാശപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രദർശനവും പൂജയും നടത്തിയിരുന്നു. ശബരിമലയിലേക്കുള്ള കട്ടിളപ്പടിയുടെ പൂജ എന്നു പറഞ്ഞ് ചലച്ചിത്ര മേഖലയിലെ ഉൾപ്പെടെ പ്രമുഖരെ ക്ഷണിക്കുകയും ചെയ്തു. 2019 ൽ ഇദ്ദേഹം ശബരിമലയിലേക്ക് ഒരു വാതിൽ സ്പോൺസർ ചെയ്തിരുന്നെന്നും സന്നിധാനത്ത് വലിയ ബന്ധങ്ങളുണ്ടെന്നു വരുത്താനാണ് ഇത്തരം കാര്യങ്ങൾ ചെയ്തതെന്നുമാണു സൂചന.  
 
മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ ദുരുപയോഗം ചെയ്തെന്ന് സംശയം 
  
 തിരുവനന്തപുരം ∙ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഉന്നത ബന്ധങ്ങളും കോടികളുടെ ഇടപാടുകളും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. ശബരിമലയിൽ തുടർച്ചയായി സ്പോൺസർഷിപ്പിന് പോറ്റിയെ തന്നെ ചുമതലപ്പെടുത്തുന്നതിനു പിന്നിൽ എന്താണെന്നും അന്വേഷിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇൗ ദിവസങ്ങളിൽ പോലും ഒരു കോടി രൂപയുടെ വസ്തു ഇടപാട് നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു.  
 
വൻ തുക പലിശയ്ക്കു കൊടുക്കുന്നുണ്ടെന്ന വിവരവുമുണ്ട്.  മുഖ്യമന്ത്രിയുമായും ഡിജിപിയുമായും എഡിജിപിയുമായും ഒക്കെ വിവിധ പരിപാടികളുടെ പേരിൽ അടുപ്പം പുലർത്തി ഫോട്ടോയെടുത്തത് കേരളത്തിനു പുറത്ത് ഉന്നതർക്കിടയിൽ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.  
 
മുഖ്യമന്ത്രിയും ഡിജിപിയുമായി നിൽക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു. ശബരിമലയ്ക്ക് തലസ്ഥാനത്തെ ജ്വല്ലറിയുടമ ആംബുലൻസ് സ്പോൺസർ ചെയ്തതിന്റെ താക്കോൽദാന ചടങ്ങിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒപ്പം ഫോട്ടോയിൽ ഉൾപ്പെട്ടത്. ഡിജിപി റാവാഡ ചന്ദ്രശേഖറെയും എഡിജിപി എസ്.ശ്രീജിത്തിനെയും ഇൗ ചടങ്ങിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഷാൾ അണിയിക്കുകയും ചെയ്തിരുന്നു.  English Summary:  
Sabarimala Gold Plating Controversy: Sabarimala Sponsor Unnikrishnan Potti Under Scanner for Alleged Financial Irregularities |   
                
                                                    
                                                                
        
 
    
                                     
 
 
 |