തിരുവനന്തപുരം∙ കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ബെഞ്ചമിനെ മധുരയിലെ നാഗമലൈ പുതുക്കോട്ടയിലെത്തി പൊലീസില്‍ സംഘം പിടികൂടിയത് അതിസാഹസികമായി. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായാണ് നീക്കം നടത്തിയതെന്നു സംഘത്തിലുണ്ടായിരുന്ന തുമ്പ സിഐ ബിനു പറഞ്ഞു. പുലര്‍ച്ചെ സ്ഥലത്തെത്തിയ സംഘം ഏറെ നേരെ കാത്തിരുന്നാണ് ബെഞ്ചമിനെ കുടുക്കിയത്. ഒരു തരത്തിലും പിടിക്കപ്പെടില്ലെന്ന ആത്മസവിശ്വാസത്തില്‍ ഒരു പെണ്‍സുഹൃത്തിന്റെ അടുത്ത് കഴിയുമ്പോഴാണ് കേരളാ പൊലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ പറന്നെത്തി ബെഞ്ചമിനെ തൂക്കിയെടുത്തത്.   
  
 -  Also Read  രണ്ടു വയസുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മയും അമ്മാവനും പ്രതികള്‍, കുറ്റപത്രം സമർപ്പിച്ചു   
 
    
 
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ലോറി നമ്പര്‍ കിട്ടിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ലോറിയുടെ നമ്പര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ വിലാസവും ഫോണ്‍ നമ്പറും സംഘടിപ്പിച്ചു. ലോറി ബെഞ്ചമിന്റെ സ്വന്തമായിരുന്നതിനാല്‍ പ്രതിയുടെ വിവരങ്ങളെല്ലാം ലഭിച്ചു. മധുരയിലേക്കു തിരിച്ച ഡാന്‍സാഫ് സംഘം സൈബര്‍ സംഘത്തിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ നാലു മണിയോടെയാണ് പൊലീസ് സംഘം നാഗമലൈ പുതുക്കോട്ടയില്‍ എത്തിയത്. പരിശോധനയില്‍ ഒറ്റപ്പെട്ട സ്ഥലത്തു പാര്‍ക്ക് ചെയ്തിരുന്ന ലോറി കണ്ടെത്തി. എന്നാല്‍ ബെഞ്ചമിന്‍ ലോറിയില്‍ ഉണ്ടായിരുന്നില്ല.   
 
ദീപാവലി ദിവസമായതിനാല്‍ അധികം ശ്രദ്ധിക്കപ്പെടാതെ സംഘം പലയിടത്തായി കാത്തിരുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് ബെഞ്ചമിന്‍ ലോറിക്കരികയിലേക്ക് എത്തിയത്. ഏറെ കരുതലോടെ പ്രദേശം നിരീക്ഷിച്ചാണ് ഇയാള്‍ വന്നത്. പരിചയമില്ലാത്ത ആളുകളെ കണ്ടതോടെ അപകടം മണത്ത ഇയാള്‍ അടുത്തുള്ള വയലിലൂടെ ഓടി. ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയ പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴടക്കിയത്. പ്രദേശത്തെ ഒരു കോളനിയിലാണ് ബെഞ്ചമിന്റെ താമസം. സ്ഥിരമായി വീട്ടില്‍ പോകാത്ത ഇയാള്‍ ലോറിയിലാണ് പലപ്പോഴും രാത്രി തങ്ങാറുള്ളത്. പല സ്ത്രീകളുമായി ബന്ധമുള്ള ബെഞ്ചമിന്റെ ഭാര്യ പിണങ്ങിപ്പോയെന്നാണ് വിവരം. മൂന്നു മക്കളുണ്ട്. പൊലീസ് പിടിക്കാനെത്തുമ്പോഴും ഒപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു. തുറന്നുകിടക്കുന്ന വീടുകളില്‍ കയറി മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്. ചില മോഷണക്കേസുകളില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യമായാണ് ലോറിയില്‍ കേരളത്തിലേക്കു വരുന്നതെന്നാണ് ബെഞ്ചമിന്‍ പൊലീസിനോടു പറഞ്ഞത്.   
  
 -  Also Read  ‘കണ്ണൂരിലെ രാഷ്ട്രീയക്കാർക്ക് ധാർഷ്ട്യം; അതിവിടെ കാണിക്കരുത്’; വിചാരണയ്ക്കിടെ വിഡിയോ, ശിക്ഷിച്ച് കോടതി   
 
    
 
കഴക്കൂട്ടത്തെ അന്‍പതിലേറെ സിസിടിവി ക്യാമറകളില്‍ നടത്തിയ പരിശോധനയിലാണു പൊലീസ് പ്രതിയിലേക്കെത്തിയത്. സംഭവദിവസം അടുത്തുള്ള പല വീടുകളിലും ഇയാള്‍ മോഷ്ടിക്കാന്‍ വേണ്ടി കയറിയിരുന്നു. സിസിടിവി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ മോഷ്ടിച്ച കുടയുപയോഗിച്ച് മറച്ചാണ് ഇയാള്‍ നടന്നത്. ഒരാള്‍ നടന്ന ലോറിക്കരികിലേക്കു ചെല്ലുന്ന വിഡിയോ കിട്ടിയെങ്കിലും ലോറി നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ മറ്റൊരു സിസിടിവിയില്‍നിന്ന് ലോറി നമ്പര്‍ കിട്ടി.   
 
ലോറിയുടെ വാതിലടയ്ക്കുന്നതിന്റെയും വാഹനം നീങ്ങുന്നതിന്റെയും ശബ്ദം രാത്രി കേട്ടതായി സമീപവാസിയായ ഒരു സ്ത്രീ പറഞ്ഞതും വഴിത്തിരിവായി. സംഭവസമയം പ്രദേശത്തു വന്നുപോയ ലോറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ്, ബെഞ്ചമിന്‍ നടക്കുന്നതും പിന്നീട് ലോറി ഓടിച്ചു പോകുന്നതും സിസിടിവിയിലൂടെ കണ്ടെത്തി. ലോറിയില്‍ ഇയാള്‍ ആറ്റിങ്ങലില്‍ എത്തിയെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് അന്വേഷണം മധുരയിലേക്ക് എത്തിയത്. എസ്‌ഐമാരായ വിനോദ്, മിഥുന്‍, അരുണ്‍, വിനീത്, വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ബെഞ്ചമിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. English Summary:  
Kazhakkoottam rape case: The accused was arrested in a dramatic operation. The investigation benefited greatly from identifying the truck\“s license plate number through CCTV footage, which helped the police track and apprehend the accused in Madurai. |   
                
                                                    
                                                                
        
 
    
                                     
 
 
 |