കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് മെഡിക്കൽ ഓഫിസർ ഡോ. ടി.പി.വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സനൂപ് കൊടുവാൾ സൂക്ഷിച്ച ബാഗുമായി ആശുപത്രിയില്‍ എത്തുന്നതിന്റെയും ഡോക്ടറെ ആക്രമിച്ചതിനു പിന്നാലെ ഇയാളെ സൂപ്രണ്ടിന്റെ മുറിയിൽ നിന്ന് ആശുപത്രി ജീവനക്കാര്‍ പിടിച്ചിറക്കുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തുവന്നത്. വെട്ടേറ്റ ഡോക്ടർ തലയിലെ മുറിവിൽ കൈ അമർത്തി സൂപ്രണ്ടിന്റെ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
- Also Read ‘ആശുപത്രിയിൽ വരാൻ ഭയം’: കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ
മക്കളുടെ സ്‌കൂള്‍ ബാഗില്‍ കൊടുവാൾ ഒളിപ്പിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. കുട്ടികൾക്കൊപ്പം എത്തിയ സനൂപ് കുറച്ചു നേരം സൂപ്രണ്ടിന്റെ ഓഫിസിലെ സന്ദർശക കസേരയിൽ കാത്തിരിക്കുന്നതും തുടർന്ന് പുറത്തുനിൽക്കുന്ന കുട്ടികളെ നോക്കിയ ശേഷം സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറുന്നതും ദൃശ്യങ്ങളിൽ കാണാം. സനൂപിന്റെ പിന്നാലെ വരുന്ന കുട്ടികൾ സൂപ്രണ്ടിന്റെ മുറിയുടെ വാതിലിനു സമീപം എത്തുന്നതിനിടെ അകത്ത് ഡോക്ടറെ സനൂപ് വെട്ടുകയും ആശുപത്രി ജീവനക്കാർ ഇയാളെ പിടികൂടി പുറത്തുകൊണ്ടുവരുന്നതുമാണ് ദൃശ്യങ്ങളിലുളളത്. മുറിക്കുള്ളിലെ ശബ്ദം കേട്ട് മുറിയിലേക്ക് ഓടിക്കയറിയ ജീവനക്കാരാണ് ഇയാളെ പിടിച്ചുമാറ്റിയത്.
- Also Read ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണ ഒഴിച്ച് ഭാര്യ; പൊള്ളലേറ്റ ഇടങ്ങളിൽ മുളകുപൊടി വിതറി
ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ് പ്രതി കഴിഞ്ഞ ദിവസം ബാലുശ്ശേരി ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടു പറഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരി അനയയുടെ പിതാവാണ് സനൂപ്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടി.പി.വിപിന്‍ എന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഡോക്ടറുടെ തലയില്‍ പത്തു സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോ. വിപിന്റെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
- Also Read കുട്ടികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം; ഉത്തരവാദിത്തം ആർക്കെല്ലാം?
ഓഗസ്റ്റ് 14 നാണ് അനയ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിക്കുന്നത്. അനയയെ പനിലക്ഷണങ്ങളോടെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്കു നയിച്ചതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. English Summary:
CCTV Footage of Thamaraserry Hospital Attack: Hospital attack refers to an incident where a doctor was attacked with a knife in Tamaraserry Taluk Hospital. CCTV footage shows the attacker entering the hospital with a weapon, leading to his arrest and the victim being treated in a private hospital in Kozhikode. |