കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷൈൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ സാദിഖ് ബാഷ, ഇമ്രാൻ ഖാൻ എന്നിവരാണ് വാഹനക്കടത്തിന് ചുക്കാൻ പിടിച്ചത് എന്ന വിവരമാണു പുറത്തു വന്നിരിക്കുന്നത്. ഭൂട്ടാൻ മുൻ സൈനികനും ഇടനിലക്കാരനായ ഷാ കിൻലിക്കൊപ്പം ചേർന്ന് ഇരുവരും 16 വാഹനങ്ങൾ വാങ്ങി ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇ.ഡിയോട് സമ്മതിച്ചു. ഇന്നലെ നടന്ന റെയ്‍ഡിൽ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായും അവയുടെ പരിശോധന പുരോഗമിക്കുന്നതായും ഇ.ഡി വ്യക്തമാക്കി.
- Also Read സ്വർണപ്പാളി വിവാദം: നിയമസഭയിൽ പ്രതിപക്ഷ ബഹളം; മൂന്നു പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് സ്പീക്കർ
കേരളത്തിലെ 5 ജില്ലകളിലായി നടന്ന കസ്റ്റംസ് പരിശോധനയിൽ 39 വാഹനങ്ങൾ പിടികൂടിയതിനു പിന്നാലെയാണ് ഇ.ഡിയും വിഷയത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഇന്നലെ ചലച്ചിത്ര താരങ്ങൾ, വാഹന ഇടപാടുകാർ, വാഹന ഷോറൂമുകൾ എന്നിങ്ങനെ 17 ഇടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയത്. സാദിഖ് ബാഷയും ഇമ്രാൻ ഖാനും ഭൂട്ടാനിൽ നിന്ന് പഴയ വാഹനങ്ങൾ വാങ്ങി വ്യാജ എൻഒസികൾ തയാറാക്കുകയായിരുന്നു എന്നും ഇവയ്ക്കായി അനധികൃത മാർഗങ്ങളിലൂടെ പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്.
- Also Read കൊച്ചിയിൽ തോക്ക് ചൂണ്ടി കവർച്ച: 5 പേർ പിടിയിൽ; നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ്
കോയമ്പത്തൂരുകാർ 2023–24 സമയങ്ങളിലായി ഭൂട്ടാനിൽ നിന്ന് ഷാ കിൻലിയുടെ സഹായത്തോടെ 16 വാഹനങ്ങൾ വാങ്ങിയെന്ന് ഇ. ഡി കണ്ടെത്തി. ഈ വാഹനങ്ങൾ ഇന്ത്യ–ഭൂട്ടാൻ അതിർത്തിയായ ജയ്ഗാവോണിൽ എത്തിച്ച് അവിടെ നിന്ന് കണ്ടെയ്നർ ട്രക്കുകളിൽ കയറ്റി കൊൽക്കത്ത, ഭൂവനേശ്വർ, ചെന്നൈ വഴി കോയമ്പത്തൂരില്‍ എത്തിക്കുകയായിരുന്നു. ഇതിനായി ഇവർ കസ്റ്റംസ് അനുമതി തേടുകയോ ഇറക്കുമതിച്ചുങ്കം നൽകുകയോ െചയ്തിട്ടില്ല. കോയമ്പത്തൂരിലെത്തിക്കുന്ന വാഹനങ്ങൾ പൊളിച്ച് അവയുടെ സ്പെയർപാർട്സുകൾ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘം വിറ്റു. ഒഎൽഎക്സ് അടക്കമുള്ള ഓൺലൈൻ സൈറ്റുകളെയാണ് ഇതിനാശ്രയിച്ചത്. പണമിടപാടുകൾ കാഷ് ആയിട്ടോ വ്യക്തിഗത അക്കൗണ്ടുകളിലൂടെയോ ആയിരുന്നു. ഈ ഇടപാടുകൾക്കുള്ള ഇൻവോയിസുകളടക്കം രേഖകൾ ഒന്നും ഇവർ സൂക്ഷിച്ചിട്ടില്ലെന്നും ഇ.ഡി കണ്ടെത്തി.
- Also Read ഭൂട്ടാൻ കാറുകൾക്ക് മുൻപേയും മലയാളി ബന്ധം; അവയോട് പിടിച്ചു നിൽക്കില്ല ഇന്ത്യൻ വിദേശ വണ്ടികൾ! ടിവി ഇല്ല, പകരം കാറുകൾ നിറഞ്ഞു?
എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലുള്ള 17 സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്. കേരളത്തിലെ ഗരേജുകളിലും വർക്ഷോപ്പുകളിലും നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ പൊളിച്ചു വിറ്റ വാഹനങ്ങളുടെ സ്പെയർപാർടസുകൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭൂട്ടാൻ കേന്ദ്രമായുള്ള വാഹന ഇടപാടുകാരുമായി ബന്ധപ്പെട്ടതിന്റെ ഡിജിറ്റൽ തെളിവുകളും ലഭിച്ചു. വ്യാജ എൻഒസികൾ, വാട്സ്ആപ് ചാറ്റുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇവ വാങ്ങിയവരുടെ വിവരങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തതിൽ ഉൾപ്പെടും.
വിദേശനാണയ വിനിമയ നിയമത്തിലെ 3, 4, 8 വകുപ്പുകൾ അനുസരിച്ച് വിദേശ വാഹനങ്ങൾ വാങ്ങിയതിനും അനധികൃത വിദേശ പണമിടപാടിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഇഡി പറയുന്നു. പണമിടപാടിന്റെയും വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ലഭിക്കുന്നതിനായി പിടിച്ചെടുത്ത രേഖകളുടെ ഫോറൻസിക് പരിശോധന നടത്തുകയാണെന്നും ഇഡി വ്യക്തമാക്കി. കസ്റ്റംസ്, സംസ്ഥാനങ്ങളിലെ ആർടിഒകൾ, മറ്റ് ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇഡി പരിശോധനകൾ പുരോഗമിക്കുന്നത്. നിയന്ത്രണങ്ങൾ കുറവുള്ള അതിർത്തി പ്രദേശങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് അനധികൃത മാർഗങ്ങളിലൂടെ വിദേശത്തു നിന്ന് വാഹനങ്ങൾ കടത്തുന്ന സംഘത്തെയാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ഇഡി പറയുന്നു. പണമിടപാടിന്റെ തെളിവുകളും ഈ വാഹനക്കടത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവരുടെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. English Summary:
Bhutan vehicle smuggling is under investigation after an ED raid: Revealed illegal activities by Shine Motors. The focus is on identifying individuals involved in the scheme, tracing financial transactions, and preventing further illicit vehicle imports. |