കൊച്ചി ∙ നഗരത്തിൽ തിരക്കേറിയ ഭാഗത്തുള്ള സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അടിമുടി ദുരൂഹതയും നാടകീയതയും. നോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ടാണു സംഭവമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത വടുതല സ്വദേശിയും സ്ഥാപന ഉടമയായ തോപ്പുംപടി സ്വദേശിയും തമ്മിലുള്ള ഇടപാടിനിടെയാണ് കവർച്ച നടന്നത് എന്നാണ് അറിയുന്നത്. കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. സംഭവത്തിൽ കേസെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
- Also Read പണം എണ്ണിക്കൊണ്ടിരിക്കവെ മുഖംമൂടി ധാരികളെത്തി, തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ; കൊച്ചിയിൽ ‘സിനിമാ സ്റ്റൈൽ’ കവർച്ച
80 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുന്ന ‘ട്രേഡ് പ്രോഫിറ്റ് ഫണ്ട്’ എന്ന ഓമനപ്പേരിലുള്ള നോട്ടിരട്ടിപ്പാണ് നടന്നത് എന്നാണു വിവരം. വടുതല സ്വദേശി വഴി പരിചയപ്പെട്ട എറണാകുളം സ്വദേശികളായ രണ്ടു പേരുമായിട്ടായിരുന്നു ഇടപാട്. ഇവർ ഉച്ചയ്ക്കു ശേഷം മൂന്നോടെ കമ്പനിയിലെത്തി പണം എണ്ണുന്നതിനിടെയാണു മുഖംമൂടി ധരിച്ച 4 പേർ എത്തിയത്. വടിവാൾ വീശിയും തോക്കു ചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കമ്പനിയിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പണവുമായി സംഘം കുണ്ടന്നൂർ ഭാഗത്തേക്ക് കാറിൽ കടന്നു. കാറിന്റെ നമ്പർ കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ബഹളത്തിനിടെ ഇടപാടുകാർ രണ്ടുപേരും മുങ്ങി. അങ്കലാപ്പിലായി നിന്നുപോയ വടുതല സ്വദേശിയെ സ്ഥാപന ഉടമയും മറ്റു ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കമ്പനിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്.
- Also Read പൊലീസിനു മുന്നിൽ കൂളായി സാം, ഉത്തരങ്ങൾ മനഃപാഠം; ജെസിയെ വകവരുത്താൻ നേരത്തേ പദ്ധതി തയാറാക്കി
ആദ്യം രണ്ടു പേർ എത്തി കമ്പനിയുടെ പരിസരങ്ങൾ വീക്ഷിച്ചു പോയ ശേഷം മുഖംമൂടി ധരിച്ച അഞ്ചു പേർ കാറിലെത്തി പണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന ആദ്യവിവരം. എന്നാൽ, വടുതല സ്വദേശി ഇടനില നിന്ന് എത്തിയ രണ്ടു പേർ ഈ സമയം പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു എന്ന വിവരമാണ് പിന്നീട് പുറത്തു വരുന്നത്. ഇവർ വഴി വിവരം ചോർന്ന് കിട്ടിയാണോ നാലംഗ സംഘം ആയുധങ്ങളുമായി എത്തിയത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വടുതല സ്വദേശിക്ക് വിവരം അറിയാമായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നു.
- Also Read കയ്യിലിരിക്കുന്ന പണം മ്യൂച്വൽ ഫണ്ടിൽ ഇട്ടാൽ ഇരട്ടിക്കുമോ? പ്രവാസികൾക്കുണ്ട് ഈ മികച്ച പ്ലാനുകൾ; നികുതിയിൽ റീഫണ്ടും
കമ്പനിയിൽ ഇത്രയധികം തുക ഉണ്ടാകുമെന്ന് അറിഞ്ഞാണു സംഘം എത്തിയത് എന്നതിനാൽ ഇടപാടുകാർ അറിയാതെ വിവരം പുറത്തു പോകില്ല എന്നാണ് പൊലീസ് കരുതുന്നത്. മൊത്തവിതരണ സ്ഥാപനമായതിനാൽ സ്റ്റോക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത് എന്നും നേരത്തെ പുറത്തു വന്നിരുന്നു. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കവർച്ചക്കാർ വന്ന വാഹനം കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. English Summary:
Kundannoor Steel Company Robbery, Mystery: Kochi Kundannoor Robbery involved a note doubling scam where a steel company was robbed. Police are investigating the incident, which appears to be related to an illegal money-doubling scheme. The probe focuses on identifying the perpetrators and uncovering the truth behind the suspicious circumstances. |