കൽപറ്റ ∙ കെഎൽ 12 ജെ 7998. ചെയർമാൻ, കൽപറ്റ മുനിസിപ്പാലിറ്റി എന്ന ചുവന്ന ബോർഡ് വച്ച ഈ വാഹനത്തിൽ കൽപറ്റ നഗരത്തിലെ പിണങ്ങോട് റോഡിനരികിലെ എടഗുനി കുരുന്തൻ ഉന്നതിക്ക് സമീപം വന്നിറങ്ങുമ്പോൾ പി.വിശ്വനാഥൻ എന്ന നേതാവിന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു. അമ്മ രാധയുടെയും അച്ഛൻ കിളിയുടെയും കാലുകൾ തൊട്ടുവണങ്ങി അനുഗ്രഹം തേടിയപ്പോൾ ആ അമ്മയ്ക്കും നിറകണ്ണീർ. ‘‘എന്റെ കുട്ടി ഉയരെ എത്തി. ഏറെ സന്തോഷം’’ – രാധ പറഞ്ഞു.
ഗോത്രവിഭാഗത്തിലെ പണിയ സമുദായത്തിൽ നിന്ന് രാജ്യത്തെ ആദ്യത്തെ നഗരസഭാ അധ്യക്ഷൻ എന്ന തലക്കെട്ടുമായാണു കഴിഞ്ഞ ദിവസം പി.വിശ്വനാഥൻ കുരുന്തൻ ഉന്നതിയിൽ എത്തിയത്. ‘‘ഞാൻ ജനിച്ചുവളർന്നത് ഇവിടെയാണ്. ആദ്യം രണ്ടു വീടായിരുന്നു. ഇപ്പോൾ നാലു വീടാണുള്ളത്. 7 കുടുംബങ്ങൾ ഇവിടെയുണ്ട്. ടാർപോളിനും മറ്റും മറയാക്കുന്ന ഈ വീടുകളിലും മാറ്റം വരുത്തണം. 56 ൽ ഏറെ ഉന്നതികളാണ് കൽപറ്റയിലുള്ളത്. സർക്കാർ പിന്തുണയോടെയും മറ്റും ഒരു ഉന്നതിയെങ്കിലും മാതൃകാപരമായി നവീകരിക്കണം എന്നാണ് മനസ്സിലെ ആഗ്രഹം.’’ – വിശ്വനാഥൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. കൽപറ്റ നഗരസഭയുടെ ചെയർമാൻ സ്ഥാനം ഇത്തവണ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തതോടെയാണു പി.വിശ്വനാഥന് മുനിസിപ്പാലിറ്റി തലപ്പത്തേക്ക് വഴിതെളിഞ്ഞത്.
Also Read മുഖ്യമന്ത്രിയും പോറ്റിയും ഒന്നിച്ചുള്ള ചിത്രം: എൻ.സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ, പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൽപറ്റ സർവീസ് സഹകരണ ബാങ്കിന്റെ സിവിൽ സ്റ്റേഷൻ ശാഖയിൽ വാച്ച്മാൻ ആയി സേവനം അനുഷ്ഠിച്ചു വരുന്ന വിശ്വനാഥൻ ചെയർമാനായി അധികാരമേറ്റ ദിനത്തിലും ജോലിക്ക് തടസ്സം വരുത്തിയില്ല. സത്യപ്രതിജ്ഞ ചെയ്ത ദിനം വൈകിട്ടും പതിവുപോലെ ബാങ്കിൽ വാച്ച്മാൻ ജോലിക്കെത്തിയ ശേഷമാണ് വിശ്വനാഥൻ ശനിയാഴ്ച രാവിലെ കൽപറ്റ നഗരസഭാപിതാവ് എന്ന ഔദ്യോഗിക പദവിയുടെ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയത്.
സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
‘‘ചെയർമാനായെങ്കിലും നിലവിൽ ഉണ്ടായിരുന്ന ജോലിയും ഗൗരവത്തോടെയാണ് കാണുന്നത്. ചിലപ്പോൾ കുറച്ചു ദിവസം കൂടി ഇത് തുടരും. വാച്ച്മാൻ ജോലിയും ചെയർമാൻ ജോലിയും ഒന്നിച്ചു കൊണ്ടുപോകേണ്ടതില്ലെന്നാണു പാർട്ടിയിൽ അഭിപ്രായം ഉയർന്നിരിക്കുന്നത്.’’ – വിശ്വനാഥൻ പറഞ്ഞു.
Also Read തദ്ദേശതിരഞ്ഞെടുപ്പ് ഫലം: എന്തുകൊണ്ട് തോറ്റു? ചർച്ചകളിലേക്ക് സിപിഎമ്മും സിപിഐയും
‘‘ജാതിമതകക്ഷി ഭേദമില്ലാതെ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകണം. കൽപറ്റയുടെ സമഗ്രവികസനത്തിനുളള ശ്രമമാകും ചെയർമാൻ എന്ന നിലയിൽ നടത്തുക. കൽപറ്റക്കാരുടെ വലിയ ആവശ്യങ്ങളിലൊന്നായ ടൗൺ ഹാൾ യാഥാർഥ്യമാക്കും. വയോജനക്ഷേമം ഉൾപ്പെടെ മറ്റിടങ്ങളിൽ വിജയിച്ച മാതൃകകൾ കൽപറ്റയിലും നടപ്പാക്കാൻ ശ്രമമുണ്ടാകും. നഗരസഭാ പരിധിയിലുള്ള ഊരുകളുടെ വികസനം ഉറപ്പാക്കും. പണിയ വിഭാഗം കൂടാതെ കാട്ടുനായ്കർ, അടിയ, കുറുമ, കുറിച്യ, ഊരാളി തുടങ്ങി പല ഗോത്രവിഭാഗങ്ങളുണ്ട്. എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി ഒരുപോലെ നിലപാടെടുക്കും.
ഗോത്രമേഖലയ്ക്കായി സർക്കാർ ധനസഹായം ഉണ്ടാകുന്നെങ്കിലും ചില മേഖലകളിലെ ദീർഘവീക്ഷണമില്ലായ്മയാണു പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. ഒരേ വീട്ടിൽ തന്ന പല കുടുംബങ്ങൾ താമസിക്കുന്ന സാഹചര്യമുണ്ട്. അവരെ ഒന്നിപ്പിച്ച് താമസിപ്പിക്കാൻ ആകുന്ന തരത്തിലുള്ള വീടുകളാണ് വേണ്ടത്. നടപ്പാക്കാൻ പദ്ധതിയിടുന്ന മാതൃകാ ഉന്നതി അവതരിപ്പിക്കുമ്പോൾ ഇതും മനസ്സിലുണ്ടാകും’’ – നഗരസഭാ അധ്യക്ഷൻ എന്ന പദവിയിൽ എല്ലാവരെയും ഒത്തൊരുമിപ്പിച്ച് വികസനം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയോടെ വിശ്വനാഥൻ വിശദീകരിച്ചു. സുനിതയാണ് വിശ്വനാഥന്റെ ഭാര്യ. പ്ലസ് വൺ വിദ്യാർഥി വൈഷ്ണവ് ദാസ്, നാലാം ക്ലാസുകാരി വൈഷ്ണവി എന്നിവർ മക്കളാണ്. അറിയപ്പെടുന്ന നാടൻപാട്ട് കലാകാരൻ കൂടിയായ വിശ്വനാഥൻ കരിന്തണ്ടൻ നാടൻ പാട്ട് കലാ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാണ്.
ആദിവാസി ക്ഷേമസമിതി (എകെഎസ്) ജില്ലാ അധ്യക്ഷൻ കൂടിയായ ഈ നാൽപതുകാരൻ കൽപറ്റ നഗരസഭയിലെ ഇരുപത്തിയെട്ടാം വാർഡ് ആയ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച് നഗരസഭയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്. 424 വോട്ട് വിശ്വനാഥന് ലഭിച്ചപ്പോൾ 228 വോട്ട് മാത്രമാണ് കോൺഗ്രസിലെ ബിജു കരിമത്തിക്ക് ലഭിച്ചത്–196 വോട്ടിന്റെ ഭൂരിപക്ഷം.
ഡിവൈഎഫ്ഐയിലൂടെയാണ് വിശ്വനാഥൻ സിപിഎമ്മിലേക്ക് എത്തിയത്. 2013 ൽ പാർട്ടി അംഗത്വം ലഭിച്ചു. 2015 ൽ കൽപറ്റ മുനിസിപ്പാലിറ്റിയിൽ കൗൺസിലർ ആയി. 30 ഡിവിഷനിൽ 17 എണ്ണവും നേടിയാണ് കൽപറ്റ നഗരസഭയിൽ എൽഡിഎഫ് ഇത്തവണ അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ തവണ 15 സീറ്റ് നേടിയ യുഡിഎഫിന് ഇത്തവണ 11 സീറ്റാണ് നേടാനായത്. രണ്ടു സീറ്റ് എൻഡിഎ നേടി. English Summary:
From Watchman to Chairman, The Inspiring Journey of P. Viswanathan: P. Viswanathan has made history as the first person from the Paniya tribal community to become the Chairman of the Kalpetta Municipality in Wayanad. Despite his new role, the former watchman and folk singer remains committed to his vision for the comprehensive development of all communities in Kalpetta.