കൊട്ടാരക്കര∙ പറഞ്ഞത്രയും പാൽ ലഭിച്ചില്ലെന്ന പരാതിയെത്തുടർന്ന്, പശുവിനെ വാങ്ങിയ ആൾക്ക് 82000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ജില്ലാ  ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 12 ലീറ്റർ പാൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ലഭിച്ചത് ആറു ലീറ്റർ മാത്രമായിരുന്നുവെന്നു കാട്ടി കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തിൽ രമണൻ നൽകിയ ഹർജിയിലാണ് നടപടി. ഇടനിലക്കാരൻ വഴിയാണ്  രമണൻ പശുവിനെ വാങ്ങിയത്.  56000 രൂപ നൽകിയാണ് ഗർഭിണിയായ പശുവിനെ വാങ്ങിയത്. 2023 മാർച്ച് 11ന് പശു പ്രസവിച്ചു. മൂന്നുമാസം പശുവിനെ കറന്നെങ്കിലും   ആറു ലീറ്റർ പാലിൽ കൂടുതൽ ലഭിച്ചില്ല. പശുവിനെ നൽകിയവരോട് വിവരം പറഞ്ഞെങ്കിലും   തിരികെ പശുവിനെ കൊണ്ടുപോകാൻ തയാറായില്ല.     
 
തുടർന്ന് പരാതിക്കാരൻ പൊലീസിൽ പരാതി നൽകിയെങ്കിലും  പരിഹാരം ഉണ്ടായില്ല. തുടർന്ന്    ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷനെ   സമീപിക്കുകയായിരുന്നു. 56000 രൂപയും മാനസിക സംഘർഷത്തിന് നഷ്ടപരിഹാരമായി 26000 രൂപയും കോടതി ചെലവിനത്തിൽ പതിനായിരം രൂപയും കൊടുക്കാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. 45 ദിവസത്തിനുള്ളിൽ   തുക കൊടുത്തില്ലെങ്കിൽ 9 % പലിശ  കൂടി നൽകണം. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പ്രവീൺ. പി പൂവറ്റൂർ ഹാജരായി. English Summary:  
Cow milk yield dispute leads to compensation verdict in Kottarakkara. The consumer court ordered compensation due to the difference between promised and actual milk production from a purchased cow. The buyer was awarded financial compensation for the loss incurred. |