ചവറ / ആലപ്പുഴ ∙ പ്രസവ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ചികിത്സപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തേവലക്കര പാലയ്ക്കൽ വടക്ക് കോട്ടപ്പുറത്ത് വീട്ടിൽ നൗഫലിന്റെ ഭാര്യ ജെ.ജാരിയത്ത് (22) ആണു മരിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സീസേറിയനു ശേഷം ഗുരുതരാവസ്ഥയിലായ ജാരിയത്ത് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഞായർ പുലർച്ചെ മരിച്ചത്.   
 
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിക്ക് വ്യാഴം രാത്രി അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനസ്തീസിയ നൽകിയതിലുണ്ടായ പിഴവാണ് മരണത്തിനു കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.   
 
3 വർഷം മുൻപ് സാധാരണ പ്രസവത്തിലൂടെ പെൺകുഞ്ഞിനു ജാരിയത്ത് ജന്മം നൽകിയതാണ്. രണ്ടാമത്തെ പ്രസവം നോർമൽ ആയി നടത്താതെ ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം.   
 
ബന്ധുക്കൾ പറയുന്നത്: 14ന് പ്രസവവുമായി ബന്ധപ്പെട്ട് ജാരിയത്തിനെ കരുനാഗപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17ന് സീസേറിയൻ നടത്തി. അവിടെ അനസ്തീസിയ ഡോക്ടർക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടർക്ക് 3000 രൂപയും നൽകി. ഐസിയു സൗകര്യം ഉള്ള ആംബുലൻസിൽ അയയ്ക്കാതെ സാധാരണ 108 ആംബുലൻസിൽ ഡോക്ടറുടെ സേവനം പോലും ഇല്ലാതെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. ജാരിയത്തിനെ എത്തിക്കുമ്പോൾ ഹൃദയത്തിലേക്കുള്ള പമ്പിങ്ങും രക്തസമ്മർദവും, ഹൃദയമിടിപ്പും കുറവായിരുന്നെന്നും തുടർന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു.   
 
ജാരിയത്തിന് സാധ്യമായ എല്ലാ സേവനവും പിഴവു കൂടാതെ നൽകിയിട്ടുണ്ടെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പന്മന പറമ്പിമുക്ക് വഴുതന തറ തെക്കേതിൽ (പള്ളിവേലിൽ) ജമാലുദ്ദീൻ – റസിയ ബീവി ദമ്പതികളുടെ മകളാണ് ജാരിയത്ത്. മകൾ: സൈറ മറിയം. തെക്കുംഭാഗം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 
  English Summary:  
Maternity death occurred after a caesarean section due to suspected medical negligence. The family alleges improper care and lack of proper documentation during the transfer to Vandanam Medical College. Authorities are investigating the incident, and the baby is under observation. |   
                
                                                    
                                                                
        
 
    
                                     
 
 
 |