രാത്രി വീടിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ കാട്ടാന. കൈകൂപ്പി തൊഴുതു കരഞ്ഞപ്പോൾ തിരികെ പോയി. വളർത്തു നായയെ പുലി കടിച്ചെടുത്ത് ഓടിയതും കൺമുന്നിൽ വച്ച്. ചെങ്ങറ സമരഭൂമിയിൽനിന്നു പട്ടയം വാങ്ങി കാന്തല്ലൂർ ചന്ദ്രമണ്ഡലത്തിലെ കുന്നിൻമുകളിൽ 5 വർഷമായി ഒറ്റയ്ക്ക് കഴിയുന്ന കുടുംബം ഓരോ ദിവസവും ജീവിക്കുന്നത് ഇങ്ങനെ...
- Also Read മധുരമുണ്ടോ ചൈനയിൽ?
2012ലെ ഒരു രാത്രിയിലാണ് ഇന്ദിര കാന്തല്ലൂരിലെ ചന്ദ്രമണ്ഡലത്ത് എത്തുന്നത്. ചെങ്ങറയിൽ ഭൂമിക്കായി സമരം ചെയ്ത കുടുംബങ്ങളിൽ 647 പേർക്ക് അവിടെ സർക്കാർ നൽകിയ ഭൂമിയിലേക്കു ജീവിതം പറിച്ചു നടാൻ. ചന്ദ്രമണ്ഡലത്തിലേക്കുള്ള വഴിയിൽ കാട്ടാന ഇറങ്ങിയതിനാൽ ആ രാത്രി ഒട്ടിയ വയറുമായി ഇന്ദിരയും ഭർത്താവ് സുകുമാരനും മാനസിക വെല്ലുവിളി നേരിടുന്ന മകൻ രതീഷും വില്ലേജ് ഓഫിസിന്റെ വരാന്തയിൽ കിടന്നു നേരം വെളുപ്പിച്ചു. അവരുടെ ജീവിതം അവിടം മുതൽ മാറുകയായിരുന്നു.
ഭൂമി ലഭിച്ചവരിൽ പകുതി പേർ മാത്രമാണ് ചന്ദ്രമണ്ഡലത്ത് എത്തിയത്. വന്യമൃഗങ്ങൾ കയ്യടക്കിവാണ അവിടെനിന്ന് കുടുംബങ്ങൾ ഓരോന്നായി പിന്നീടു കൊഴിഞ്ഞു. കഴിഞ്ഞ 5 വർഷമായി ഇവിടെ ഇന്ദിരയുടെ കുടുംബം മാത്രം. 6 മാസം മുൻപു ഭർത്താവ് സുകുമാരൻ മരിച്ചതോടെ ഇപ്പോൾ ഈ കുന്നിൻ മുകളിൽ മനുഷ്യരായി ശേഷിക്കുന്നത് 65കാരിയായ ഇന്ദിരയും രതീഷും മാത്രം.
രക്ഷപ്പെടാനുള്ള യാത്ര
19–ാം വയസ്സിലാണ് കൊട്ടാരക്കര തലൂർക്കാരിയായ ഇന്ദിര ഇഷ്ടികത്തൊഴിലാളിയായ കോന്നി സ്വദേശി സുകുമാരനെ വിവാഹം കഴിക്കുന്നത്. മകളുടെ വിവാഹ ശേഷം സ്വന്തമായി അൽപം ഭൂമിക്കായി ചെങ്ങറയിലെത്തി സമരത്തിന്റെ ഭാഗമായി. 5 വർഷം പ്ലാസ്റ്റിക് വിരിച്ച ഷെഡിൽ പുല്ലിൽ കിടന്നാണ് സമരം ചെയ്തത്. പട്ടിണി കിടക്കാൻ വയ്യാത്തതുകൊണ്ടാണ് താമസയോഗ്യമല്ലെന്നു പലരും പറഞ്ഞിട്ടും കാന്തല്ലൂരിലേക്കു മാറിയത്.
സർക്കാരിൽനിന്ന് ആകെ ലഭിച്ച 3000 രൂപയ്ക്ക് പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി കാന്തല്ലൂർ വേട്ടക്കാരൻമേട്ടിൽ ഷെഡ് കെട്ടി. കീഴാന്തൂർ ഗ്രാമത്തിലുള്ളവർ നൽകിയ കുറച്ച് അരിയും പച്ചക്കറികളുമായിരുന്നു ആദ്യ ദിവസങ്ങളിലെ ഭക്ഷണം. പിന്നീടു കാട്ടിൽനിന്നു ലഭിക്കുന്ന ചക്ക പുഴുങ്ങി കഴിച്ചു വെള്ളം കുടിച്ചായി ജീവിതം. വേട്ടക്കാരൻമേട്ടിൽ അട്ടശല്യവും രൂക്ഷമായിരുന്നു. ചോരയിൽ കുളിച്ചാണ് രാവിലെ എഴുന്നേൽക്കുന്നത്. പതിയെ ചന്ദ്രമണ്ഡലത്തിലേക്കു കയറാം എന്ന് അതോടെ തീരുമാനിച്ചു.
ജീവിച്ചേ മതിയാകു|
വനത്തിനുള്ളിലൂടെ കുത്തനെയുള്ള കുന്ന് കയറി വേണം ചന്ദ്രമണ്ഡലത്തിലെത്താൻ. കാടും മരങ്ങളും നിറഞ്ഞ കുന്നിൻമുകളിലാണ് താമസിക്കാൻ സ്ഥലം കണ്ടെത്തിയത്. സുകുമാരനും ഇന്ദിരയും ചേർന്ന് ആഴ്ചകൾ എടുത്താണ് കാട് വെട്ടിമാറ്റിയത്. മലയിലും കാട്ടിലുമായി നട്ടുവളർത്തിയ പുല്ല് പറിച്ചു ചൂൽ നിർമിക്കുന്നവർക്കു നൽകുന്നതായിരുന്നു വരുമാനമാർഗം. അതിനൊപ്പം പുൽച്ചൂൽ നിർമിക്കുന്നത് കണ്ടു പഠിച്ചു. താമസിക്കുന്ന ഷെഡിനു സമീപത്തായി പുല്ല് നട്ടുപിടിപ്പിച്ചു. പതിയെ പുൽത്തൈലം നിർമിക്കുന്നത് എങ്ങനെയെന്നു പഠിച്ചു അതും ചെയ്യാൻ തുടങ്ങി. ചേമ്പ്, കാപ്പി, കിഴങ്ങ് തുടങ്ങിയവ ചെറിയ തോതിൽ കൃഷി ചെയ്തു.
മലയിറങ്ങിയ മനുഷ്യർ
ഇന്ദിരയ്ക്കു വളരെ അടുപ്പമുള്ള ഒരു കുടുംബമാണ് ആദ്യം ചന്ദ്രമണ്ഡലം വിട്ടുപോകുന്നത്. ഒരു ദിവസം അവരെ കാണാതായപ്പോൾ നാട്ടിൽ പോയതാകും എന്നു കരുതി. പക്ഷേ മടങ്ങി വന്നില്ല. താമസം തുടങ്ങി ഒരു വർഷം തികയും മുൻപായിരുന്നു അത്. പിന്നീടു കൃത്യമായ ഇടവേളകളിൽ ആൾക്കാർ കുടിയിറങ്ങി. 5 വർഷം മുൻപു സമീപത്ത് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബം നാട്ടിൽ പോയി വരാം എന്നു പറഞ്ഞു മലയിറങ്ങിയതോടെ ചന്ദ്രമണ്ഡലത്തിൽ അതിജീവിച്ചവരുടെ പട്ടികയിൽ ഇന്ദിരയും കുടുംബവും മാത്രമായി.
തലൂരിൽ ആനക്കാവലായിരുന്നു ഇന്ദിരയുടെ രക്ഷിതാക്കളുടെ തൊഴിൽ. ചെറുപ്പം മുതൽ കാട്ടാനകളെ കണ്ടിട്ടുണ്ട്. പക്ഷേ തലൂരിലെ പോലെ അല്ലായിരുന്നു കാന്തല്ലൂരിലെ സ്ഥിതി. രാത്രി ഷെഡിനു പുറത്ത് ശബ്ദം കേട്ടു വാതിൽ തുറക്കുമ്പോൾ കാട്ടാനക്കൂട്ടം മുന്നിൽ നിൽക്കുന്നു. കൈകൂപ്പി കരയുക മാത്രമാണ് ചെയ്തത്. അതു തുടക്കം മാത്രമായിരുന്നു. കാട്ടാനകളുടെ സന്ദർശനം പതിവായി. ആക്രമിക്കില്ലെങ്കിലും കൃഷി മുഴുവനായി തകർക്കും. വീടിനു മുന്നിൽ നട്ടുപിടിപ്പിച്ച റോസച്ചെടിയിൽ ഒരു പൂ വിരിഞ്ഞാൽ അതു കാട്ടുപോത്ത് അകത്താക്കും.
സുകുമാരൻ മരിച്ചു മാസങ്ങൾ കഴിഞ്ഞെങ്കിലും ഫോട്ടോയുടെ മുന്നിൽ ഒരു റോസപ്പൂ വയ്ക്കാൻ പോലും പറ്റിയിട്ടില്ലെന്നതാണ് ഇന്ദിരയുടെ ഏറ്റവും വലിയ സങ്കടം. കൂട്ടിനുണ്ടായിരുന്ന വളർത്തുനായ്ക്കളിൽ ഒന്നിനെ രാത്രി പുലി കടിച്ചെടുത്ത് ഓടുന്നത് കരഞ്ഞുകൊണ്ട് കണ്ടു നിൽക്കേണ്ടി വന്നു. ആന ചവിട്ടി തകർത്ത പുല്ല് വീണ്ടും നട്ടുപിടിപ്പിച്ചും, പുൽത്തൈലം വിറ്റും മറ്റിടങ്ങളിൽ ജോലിക്കു പോയും ജീവിതം മുന്നോട്ട്.
മരണത്തിലും തനിയെ
ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരുന്നു സുകുമാരന്. ഒപ്പം വൻകുടലിന് അണുബാധ ഉണ്ടായി. ഒരു ദിവസം പെട്ടെന്ന് അസുഖം കൂടി. വിളിച്ചാൽ വിളികേൾക്കില്ലാത്ത കുന്നിൻചെരുവിലൂടെ ഇന്ദിര സുകുമാരനെ താങ്ങി മലയിറങ്ങി. കുറച്ചു ദൂരം നടന്നാൽ സുകുമാരൻ വീഴും. അവിടെ വിശ്രമിക്കും. നിലവിളിച്ച് ഇന്ദിര ചുറ്റും ഓടിയെങ്കിലും ആരും കേൾക്കാനുണ്ടായിരുന്നില്ല.
മണിക്കൂറുകൾ കഴിഞ്ഞു മലയിറങ്ങി അടിവാരത്തെത്തിയപ്പോൾ അവിടെയുള്ളവർ ആംബുലൻസ് വിളിച്ചു നൽകി. കീഴാന്തൂർ ഗ്രാമത്തിലുള്ളവർ നൽകിയ പണവുമായാണ് ആശുപത്രിയിലെത്തിയത്. പൈസ തീർന്ന് ആശുപത്രിയിലും പട്ടിണി കിടക്കേണ്ട സ്ഥിതി വന്നതോടെ മൂന്നാം ദിവസം ഡിസ്ചാർജ് വാങ്ങി, തിരികെ ഷെഡിലെത്തി. തുടർച്ചയായി പിന്നീട് ആശുപത്രിയിൽ പോകേണ്ടതായി വന്നു.
ഒരു ദിവസം ഉച്ചയ്ക്ക് സുകുമാരൻ തളർന്നു വീണു. ഒരു കയ്യും കാലും തളർന്ന നിലയിലായിരുന്നു. അന്നു രാത്രി മരിച്ചു. മലയിറക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഷെഡിനു സമീപം തന്നെയാണ് മൃതദേഹം സംസ്കരിച്ചത്. അന്നു രാത്രിയും കാട്ടാനക്കൂട്ടം ഇന്ദിരയുടെ വീടു തേടിയെത്തി.
പോകാൻ ഒരിടം
മനുഷ്യരേക്കാൾ കൂടുതൽ വന്യമൃഗങ്ങളുള്ള കുന്നിൻ ചെരുവ് സ്വർഗമാക്കി മാറ്റിയാണ് ഇന്ദിരയും സുകുമാരനും ജീവിച്ചത്. മറ്റിടങ്ങളിൽ ജോലിക്കു പോകുമ്പോൾ തിരികെ ഒരു ചെടിയുമായാണ് മടങ്ങി വരവ്. അതു പ്രദേശത്ത് നട്ടുപിടിപ്പിച്ചു. കഴിഞ്ഞ ഓണത്തിനു ഗ്രാമത്തിലുള്ളവർ ചേർന്നു ചെറിയൊരു വീട് നിർമിച്ചു നൽകി.
പതിവായി അമ്പലത്തിൽ പോകാൻ കഴിയാത്തതിനാൽ ചെറിയ കോവിൽ മണ്ണ് ഉപയോഗിച്ച് നിർമിച്ചു. ഒടുവിലുണ്ടായിരുന്ന അയൽക്കാരും ചന്ദ്രമണ്ഡലത്തിൽ നിന്ന് പോയ രാത്രി അവിടം വിടുന്നതിനെപ്പറ്റി ഇന്ദിരയും സുകുമാരനും ആലോചിച്ചിരുന്നു. പക്ഷേ, പോകാൻ ഒരിടവും കയ്യിൽ പണവുമില്ലാത്തതിനാൽ അവിടെ തന്നെ തുടരാൻ തീരുമാനിച്ചു.
നേരിൽ കാണുമ്പോൾ ഒരു കെട്ട് പുല്ല് ഇന്ദിരയുടെ കൈവശമുണ്ട്. അതു വാറ്റി തൈലം വിറ്റുകിട്ടുന്ന തുക മുൻകൂറായി തന്നെ വാങ്ങിയാണ് കഴിഞ്ഞ മാസത്തെ ചെലവ് നടന്നത്. മകൻ രതീഷിന് 45 വയസ്സായെങ്കിലും ഇന്ദിര എപ്പോഴും കൂടെ തന്നെ വേണം. കൂടുതൽ നേരം തൊഴിൽ ചെയ്യാനുള്ള ആരോഗ്യവും കുറഞ്ഞു തുടങ്ങി. സുരക്ഷിതമായ മറ്റൊരിടം ലഭിച്ചാൽ ചേക്കേറാൻ അവർ തയാറാണ്.
‘ഇനി മലയിറങ്ങിക്കോ, ആനക്കൂട്ടം ഇറങ്ങാൻ സാധ്യതയുണ്ട്’– വൈകുന്നേരമായപ്പോൾ ആ അമ്മ മുന്നറിയിപ്പു നൽകി. പതിയെ ആ ചെറിയ വീടിന്റെ വാതിൽ അടഞ്ഞു. വന്യമൃഗങ്ങൾ മുറ്റം കയ്യടക്കുന്നതിനാൽ സുര്യപ്രകാശം വീഴുന്നതു വരെ ആ വാതിൽ അടഞ്ഞുതന്നെ കിടക്കും. English Summary:
Kanthalloor\“s Lone Hilltop Family: A Battle for Survival Against Wild Elephants and Solitude |
|