ഗാസ സിറ്റി/ജറുസലം ∙ ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ നടപടികളിൽ അയവില്ല. ഇസ്രയേൽ കുടിയേറ്റം സ്ഥാപിച്ച വെസ്റ്റ് ബാങ്കിലെ ടർക്കുമിയ പട്ടണത്തിൽ സ്വന്തം കൃഷിയിടത്ത് ഒലിവ് വിളവെടുപ്പിനെത്തിയ പലസ്തീൻ കർഷകരെ സുരക്ഷാസേന തടഞ്ഞു.
- Also Read ‘ഇവിടെ നിന്ന് ഒരാളെയും അയയ്ക്കില്ല’; കടുപ്പിച്ച് നെതന്യാഹു; ഇസ്രയേൽ പ്രതിനിധികളില്ലാതെ രാജ്യാന്തര ഉച്ചകോടി, മോദിയും പങ്കെടുക്കില്ല
സമാധാന പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ വിട്ടയയ്ക്കാനൊരുങ്ങുന്ന പലസ്തീൻ തടവുകാരുടെ വീടുകളുള്ള മേഖലകളിൽ പരിശോധന നടത്തി സേനാംഗങ്ങൾ റോന്തുചുറ്റി. അതേസമയം, ഇസ്രയേൽ ആക്രമണം മൂലം നേരത്തേ വടക്കൻ ഗാസ വിട്ട പലസ്തീൻകാർ വെടിനിർത്തൽ നിലവിൽ വന്നതോടെ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലികളും പുരോഗമിക്കുന്നു. ഗാസ സിറ്റിയിൽ യുദ്ധത്തിൽ തകർന്നടിഞ്ഞ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും കൂമ്പാരം ബുൾഡോസറുകളുപയോഗിച്ച് നീക്കുന്നതിനൊപ്പം ഒട്ടേറെ മൃതദേഹങ്ങളും വീണ്ടെടുക്കുന്നുണ്ട്.
- Also Read പരസ്പരം പുകഴ്ത്തി മോദിയും ട്രംപും; വ്യാപാരക്കരാർ ചർച്ച വീണ്ടും ട്രാക്കിലേക്ക്, യുഎസ്-ചൈന തീരുവയുദ്ധവും നേട്ടമാക്കാൻ ഇന്ത്യ
കഴിഞ്ഞ 24 മണിക്കൂറിനകം 124 മൃതദേഹങ്ങളാണ് ഗാസയിലെ വിവിധ ആശുപത്രികളിൽ രക്ഷാപ്രവർത്തകർ എത്തിച്ചത്. ഇതിൽ 117 മൃതദേഹങ്ങൾ കെട്ടിടാവശിഷ്‌ടങ്ങളിൽനിന്നു വീണ്ടെടുത്തതാണ്. ഇതോടെ, രണ്ടുവർഷം നീണ്ട യുദ്ധത്തിൽ ഗാസയിലെ മരണസംഖ്യ 67,806 ആയി. ഗാസയിലേക്കു മരുന്നും ഭക്ഷണവും ഉൾപ്പെടെ സഹായവുമായി ഈജിപ്തിൽനിന്ന് ഇന്നലെ 400 ട്രക്കുകൾ റഫാ അതിർത്തി വഴി ഗാസയിലെത്തി.
അതേസമയം, ഗാസയിലേക്കുള്ള യാത്രയ്ക്കിടെ ഇസ്രയേൽ തടഞ്ഞ ഫ്രീഡം ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ 45 പേരും കസ്റ്റഡിയിൽനിന്നു മോചിതരായി ജോർദാനിലെത്തി. ഇന്ന് ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ ഖത്തറിന്റെ മൂന്നു നയതന്ത്ര പ്രതിനിധികൾ കാർ അപകടത്തിൽ മരിച്ചു. English Summary:
West Bank Tensions Rise: Despite the ceasefire in Gaza, tensions remain high in the West Bank, with restrictions on Palestinian farmers. |