തിരുവനന്തപുരം∙ ദേവസ്വം ബോർഡിനെ ചതിച്ച് ലാഭം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ദ്വാരപാലക ശിൽപങ്ങളിലെയും തെക്കുവടക്കു മൂലകളിൽ സ്ഥാപിച്ചിരുന്ന പാളികളിലെയും സ്വർണം ഉദ്യോഗസ്ഥ പിന്തുണയോടെ കൊണ്ടുപോയതെന്നു വിജിലൻസ് നിഗമനം. അറ്റകുറ്റപ്പണികൾ നടത്തിത്തരാം എന്ന വ്യാജേന 2 കിലോയോളം സ്വർണം കൈവശപ്പെടുത്താനായിരുന്നു നീക്കം.   
  
 
2019 സെപ്റ്റംബർ 19, 20 തീയതികളിലായി 42800 ഗ്രാം തൂക്കം വരുന്ന തകിടുകളാണു കൈമാറിയത്. ആദ്യം ബെംഗളൂരുവിലേക്കും പിന്നീട് ഹൈദരാബാദിലേക്കും തുടർന്ന് 2019 ഒക്ടോബർ 29ന് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിലും എത്തിച്ചു.  ഇവിടെ 394.900 ഗ്രാം സ്വർണം മാത്രം പൂശിയ ശേഷം ബാക്കി സ്വർണം കൈവശപ്പെടുത്തി.  ദ്വാരപാലക ശിൽപങ്ങളിലെ തകിടുകൾ പലയിടത്തുംകൊണ്ടു നടന്നു പൂജ നടത്തി വലിയ ലാഭമുണ്ടാക്കി.  42800 ഗ്രാം തൂക്കമുണ്ടായിരുന്ന തകിടുകൾ സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ 38258.100 ഗ്രാമായി കുറഞ്ഞു.   
  
 -  Also Read  അന്നദാനവും പടിപൂജയും മോഷണം നടത്തി നേടിയ ലാഭത്തിനു പ്രത്യുപകാരമാവാം; സ്വർണപ്പാളി വിവാദത്തിൽ വിജിലൻസ് റിപ്പോർട്ട്   
 
    
 
 പോറ്റിയുടെ 2017 മുതൽ 2025 വരെയുള്ള ആദായനികുതി രേഖകളും വിജിലൻസ് പരിശോധിച്ചു. പോറ്റിക്ക് സ്ഥിരവരുമാനമുള്ളതായി കണ്ടെത്തിയില്ല. ഈ വർഷം കാമാക്ഷി എന്റർപ്രൈസസിന്റെ പേരിൽ 10,85,150 രൂപ അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. ശബരിമലയിൽ പല സഹായങ്ങളും ചെയ്ത് പോറ്റി ലാഭം ഉണ്ടാക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.   
 
തിരുപ്പതിയിൽ തെളിവെടുത്തു 
  
 1998ൽ വിജയ് മല്യ ശ്രീകോവിലിൽ സ്വർണം പൂശിയതിന്റെ വിവരങ്ങൾ തേടി വിജിലൻസ് സംഘം തിരുപ്പതിയിലും പോയി. യുബി ഗ്രൂപ്പിനു വേണ്ടി ശബരിമലയിൽ സ്വർണ ജോലികൾ ചെയ്ത തിരുപ്പതി സ്വദേശികളായ 2 പേരെ കണ്ടെത്തി.  
 
 ദ്വാരപാലക ശിൽപത്തിലും ശ്രീകോവിലിന്റെ വാതിലിലും 15, 16 സ്വർണപ്പാളികൾ വീതം പതിപ്പിച്ചിരുന്നു എന്നും മുൻഭാഗത്തിനു കൂടുതൽ ശോഭ കിട്ടാൻ അവിടെ കൂടുതൽ സ്വർണപ്പാളികൾ ഉപയോഗിച്ചിരുന്നു എന്നുമാണ് അവർ നൽകിയ വിവരം. English Summary:  
Sabarimala Gold Plating Scandal: Officials allegedly colluded to steal gold under the guise of repairs, resulting in significant financial irregularities and a loss of temple assets. |