രണ്ടുവർഷത്തിനുശേഷം ഗാസയിൽ ഇസ്രയേലിന്റെ തീമഴ നിലയ്ക്കുമ്പോൾ പലസ്തീൻകാർക്കൊപ്പം ലോകമെങ്ങുമുള്ള സമാധാനപ്രിയരായ മനുഷ്യരുടെ മനസ്സുകളിൽ ആശ്വാസത്തിന്റെ നക്ഷത്രങ്ങൾ തെളിയുകയായി. സെപ്റ്റംബർ 29നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാനപദ്ധതിയുടെ ആദ്യഘട്ടം അംഗീകരിക്കുന്നതിൽ ഈജിപ്തിൽ നടന്ന ചർച്ചയിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തി.
പലസ്തീൻ പ്രശ്‌നപരിഹാരത്തിനായി പതിറ്റാണ്ടുകളായി രാജ്യാന്തരസമൂഹം തുടരുന്ന പരിശ്രമങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്കു കടക്കുകയാണ്.
- Also Read രണ്ട് വർഷം പിന്നിട്ട തീമഴ തോർന്നു; ഗാസ സമാധാനപദ്ധതി: ആദ്യഘട്ട കരാറിൽ ഒപ്പുവച്ച് ഇസ്രയേലും ഹമാസും
ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും ഒരൊറ്റ രാത്രികൊണ്ടു ചർച്ചചെയ്തു തീർപ്പാക്കാവുന്നതല്ല. കൂടുതൽ രാജ്യങ്ങൾ സംഘർഷത്തിൽ ചേർന്നതോടെ പശ്ചിമേഷ്യയാകെ പിടിച്ചുകുലുക്കുന്ന പ്രശ്‌നമായി അതു കത്തിപ്പടർന്നിരിക്കുന്നു. അതിനിടെ രണ്ടു വർഷമായി ഗാസാ മുനമ്പിൽ 22 ലക്ഷത്തോളം പലസ്തീൻകാർ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കഴിയുംവേഗം പരിഹാരമുണ്ടാക്കുകയെന്നതായിരുന്നു ഈജിപ്തിലെ മധ്യസ്ഥചർച്ചയുടെ അടിയന്തര ദൗത്യം.
ട്രംപ് മുന്നോട്ടുവച്ച പദ്ധതി ഇസ്രയേലും ഹമാസും തത്വത്തിൽ അംഗീകരിച്ചതിനു പുറമേ അറബ് രാജ്യങ്ങളടക്കം ഭൂരിപക്ഷം ലോകരാജ്യങ്ങളും പിന്തുണ അറിയിക്കുകയും ചെയ്‌തതോടെയാണ് ചർച്ചയ്ക്കു കളമൊരുങ്ങിയത്.
- Also Read ട്രംപിന്റെ നയതന്ത്രം; തീരില്ലെന്നു കരുതിയ ഗാസ യുദ്ധം സമാധാനക്കരാറിലേക്ക്
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ തെക്കൻ മേഖലയിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ആയിരത്തി ഇരുനൂറോളം പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു. തുടർന്ന്, ഹമാസിനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ ആരംഭിച്ച ആക്രമണം രണ്ടുവർഷം പിന്നിടുമ്പോൾ 67,000ൽ ഏറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. പട്ടിണി പടർന്ന ഗാസയിലെ ജീവിതം നരകതുല്യമായി തുടരുന്നതിനിടെയാണ് മധ്യസ്ഥചർച്ച ഫലം കണ്ടത്.
സമാധാനശ്രമങ്ങൾക്കു വലിയ തിരിച്ചടികളുണ്ടായെങ്കിലും ഖത്തർ അടക്കം മധ്യസ്ഥരാജ്യങ്ങൾ പിന്മാറിയില്ല. സമാധാനത്തിനു വേണ്ടി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലടക്കം വലിയതോതിൽ ജനകീയസമരങ്ങളുമുണ്ടായി. ഐക്യരാഷ്ട്രസംഘടനയിൽ പലസ്തീനു സ്വതന്ത്ര രാഷ്ട്രപദവി നൽകാൻ ഇസ്രയേലിന്റെ സഖ്യകക്ഷികളടക്കം മുന്നോട്ടുവന്നതും ശ്രദ്ധേയമായി. സംഘർഷം അവസാനിപ്പിക്കണമെന്ന നിർദേശത്തിന് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചെങ്കിലും ഗാസയിൽ പലസ്തീൻകാരുടെ അസ്തിത്വം അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടു തുടരുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചെയ്തത്. കരാറിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരാനുള്ള കാരണവും ഇതാണ്.
- Also Read റൂബിയോ കാതിൽ ഒരു രഹസ്യം മന്ത്രിച്ചു, പിന്നെയൊരു കുറിപ്പും; ട്രംപ് ഉടൻ പ്രഖ്യാപിച്ചു: ‘ഞങ്ങൾ മധ്യ പൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പോകുന്നു’
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക, ബന്ദികളെയും ഇസ്രയേൽ തടവുകാരെയും കൈമാറ്റം ചെയ്യുക, സേനാ പിന്മാറ്റത്തിനുമുള്ള വ്യവസ്ഥകൾ എന്നിവയാണ് നിലവിൽ ഇരുകൂട്ടരും അംഗീകരിച്ചിരിക്കുന്നത്. ഗാസയുടെ ഭരണം യുഎസിന്റെ മേൽനോട്ടത്തിൽ വിവിധ രാജ്യങ്ങൾ പങ്കാളികളായ ബാഹ്യ സംവിധാനത്തിനു കൈമാറണമെന്ന വ്യവസ്ഥ ഹമാസ് പൂർണമായി അംഗീകരിച്ചിട്ടില്ല. ആയുധം ഉപേക്ഷിക്കണമെന്ന നിബന്ധനയും ഹമാസ് തള്ളിയിട്ടുണ്ട്. ഈ വിഷയങ്ങളിലെ ഗുരുതരമായ ഭിന്നതകൾ ഉയർത്തുന്ന ആശങ്കകൾ ചെറുതല്ല.
യുഎസ് ഇടപെടലുകളെ എക്കാലത്തും സംശയത്തോടെ മാത്രം കണ്ടിട്ടുള്ള പലസ്തീൻ നേതൃത്വം ട്രംപ് ഫോർമുലയെ എത്രത്തോളം വിശ്വസിക്കുമെന്നതും കണ്ടറിയണം. ഗാസയിൽ ഇസ്രയേലിന് ഔദ്യോഗികമായി നിയന്ത്രണാധികാരം ഉറപ്പാക്കാനുള്ള തന്ത്രമാണു ട്രംപിന്റെ ഫോർമുലയെന്ന വിമർശനം ഇതിനകംതന്നെ പലസ്തീൻപക്ഷത്തുനിന്ന് ഉയർന്നുകഴിഞ്ഞു. സമാധാന നൊബേൽ സമ്മാനത്തിനുള്ള അവകാശവാദം ബലപ്പെടുത്താനാണു ട്രംപിന്റെ നീക്കമെന്നു കരുതുന്നവരുമുണ്ട്.
പ്രശ്‌നപരിഹാരങ്ങളിൽ പലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കേണ്ടതും അവരുടെ വിശ്വാസം നേടിയെടുക്കേണ്ടതും ഈ സാഹചര്യത്തിൽ യുഎസ് ഉൾപ്പെടെയുള്ള മധ്യസ്ഥരുടെ ഉത്തരവാദിത്തമാണ്.
യുദ്ധം തുടരാൻ ബെന്യാമിൻ നെതന്യാഹുവിനും വെടിനിർത്തൽ പദ്ധതി വേഗത്തിലാക്കാൻ ഡോണൾഡ് ട്രംപിനും സ്വകാര്യമായ കാരണങ്ങളുണ്ടായിരിക്കാം. അതെന്തുമാകട്ടെ, ലോകം ആഗ്രഹിക്കുന്നതു സമാധാനമാണ്. English Summary:
Gaza Ceasefire: A Glimmer of Hope for Lasting Peace in the Middle East |