കാക്കനാട്∙ വ്യാഴം ഉച്ചയ്ക്കു സീപോർട്ട് എയർപോർട്ട് റോഡിലെ ചിറ്റേത്തുകരയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ ‘മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ’ അന്വേഷിക്കുകയാണ് ആർടിഒ അധികൃതർ. പെർമിറ്റ് ഇല്ലാതെയാണ് ബസ് സർവീസെന്നും ആളെ ഇറക്കിയ ശേഷം ബസ് കലക്ടറേറ്റിൽ എത്തിക്കണമെന്നുമാണ് ‘എംവിഐ’ നിർദേശിച്ചത്. കാറിലെത്തിയാണ് ബസ് തടഞ്ഞു കണ്ടക്ടറോട് ബസിന്റെ പോരായ്മകൾ നിരത്തിയത്.  
 
ഇതു വിശ്വസിച്ച കണ്ടക്ടറും ഡ്രൈവറും പിന്നാലെ വന്ന ബസിൽ യാത്രക്കാരെ മാറ്റി കയറ്റിയ േശഷം ബസുമായി കലക്ടറേറ്റിലെത്തി. ആർടി ഓഫിസിൽ അന്വേഷിച്ചപ്പോൾ ഏത് എംവിഐ, എന്ത് എംവിഐ എന്നൊക്കെയായി ചോദ്യം. കെഎസ്ആർടിസി ബസ് തടയാറില്ലെന്നും നിങ്ങളെ ആരോ കബളിപ്പിച്ചതാണെന്നും ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞിട്ടും ഡ്രൈവർക്കും കണ്ടക്ടർക്കും വിശ്വാസം വന്നില്ല.  
 
യൂണിഫോം ധരിക്കാതെ എത്തിയ ‘എംവിഐ’യുടെ വേഷവും ഉയരവും വണ്ണവും നിറവുമൊക്കെ ഇരുവരും വിശദീകരിച്ചെങ്കിലും അങ്ങനെയൊരു എംവിഐ ഇല്ലെന്നായി ആർടിഒ അധികൃതർ. ഏതെങ്കിലും സ്വകാര്യ ബസുകാർ കൊടുത്ത പണിയായിരുക്കുമെന്നാണ് ആർടിഒ അധികൃതരുടെ വിലയിരുത്തൽ. ഒടുവിൽ കണ്ടക്ടറും ഡ്രൈവറും ബസുമായി തിരികെ പോയി. 
  
  English Summary:  
Fake MVI incident reported in Kakkanad. A KSRTC bus was stopped by an imposter claiming to be a Motor Vehicle Inspector (MVI), leading to confusion and an investigation by RTO officials. |   
                
                                                    
                                                                
        
 
    
                                     
 
 
 |