ബാലരാമപുരം∙ രണ്ടുവയസ്സുകാരി ദേവേന്ദുവിനെ അമ്മാവൻ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ഇന്നലെ സംഭവം നടന്ന കോട്ടുകാൽക്കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ജനരോഷം പരിഗണിച്ച് രാവിലെ 7 മണിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. അരമണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ വീടും പരിസരവും പരിശോധിച്ച പൊലീസ് ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി. മകളെ കിണറ്റിലെറിഞ്ഞതിൽ പങ്കുണ്ടോയെന്ന പൊലീസിന്റെ ചോദ്യത്തിന് ഇവർ മൗനം പാലിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കി.  
 
4 ദിവസത്തേക്കാണ് ഇവരെ  നെയ്യാറ്റിൻകര കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസം ശേഷിക്കെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പൊലീസ് നീക്കം. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്നാണ് അമ്മയ്ക്കും പങ്കുള്ളതായി തെളിഞ്ഞത്. അമ്മ ശ്രീതു നുണപരിശോധനയ്ക്ക് വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവരുടെ പങ്ക് പൊലീസ് സ്ഥിരീകരിച്ചത്. ജനുവരി 30ന് പുലർച്ചെയാണ് ദേവേന്ദുവിനെ ഇവർ താമസിക്കുന്ന വാടക വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  
 
ശ്രീതുവിനെ പുറത്തിറക്കിയത് മാഫിയ സംഘം 
 റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും എത്താത്തതിനാൽ 7 മാസത്തിലധികം ജയിലിൽ കഴിഞ്ഞ ശ്രീതുവിനെ പുറത്തിറക്കിയത്  ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും സെക്സ് റാക്കറ്റും നടത്തുന്ന സംഘം. വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ ഇളയരാജ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേർന്നാണ് ശ്രീതുവിനെ ജാമ്യത്തിലിറക്കി തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിച്ചത്.   
 
തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിൽ കേരളത്തിലെത്തുന്ന ഇവർ മോഷണവും ലഹരിക്കച്ചവടവും  നടത്തും. തുടർന്ന് വാഹനങ്ങൾ മാറിക്കയറി തമിഴ്നാട്ടിലെത്തും. കഴക്കൂട്ടം, തുമ്പ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ശ്രീതുവിനെ ഉപയോഗിച്ച് തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ബന്ധപ്പെട്ടതിന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന് പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. ഇതുസംബന്ധിച്ച് പാലക്കാട് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. English Summary:  
Balaramapuram Murder Case focuses on the investigation of the murder of a two-year-old child by her uncle. The child\“s mother was taken to the crime scene for evidence collection after the uncle\“s lie detector test pointed to her involvement, and later it was revealed that she was released from jail by a drug mafia gang. |   
                
                                                    
                                                                
        
 
    
                                     
 
 
 |