തിരുവനന്തപുരം ∙ വ്യാപക പരാതികളെ തുടർന്ന്, തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള കരടുവോട്ടർപട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ (എപിക് നമ്പർ) ഒഴിവാക്കിയതു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുനഃസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലായ www.sec.kerala.gov.in ലെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ സവിശേഷ തിരിച്ചറിയൽ നമ്പറിനൊപ്പം എപിക് നമ്പർ വീണ്ടും ഉൾപ്പെടുത്തി. എപിക് നമ്പർ നൽകാതെ പട്ടികയിൽ പേരു ചേർത്തവർക്കു സവിശേഷ തിരിച്ചറിയൽ നമ്പർ മാത്രമായിരിക്കും ഉണ്ടാവുക.
- Also Read പൂർത്തിയാകാത്തൊരു തിരക്കഥ; നായകൻ മോഹൻലാൽ
എപിക് നമ്പറോ പേരോ ഉപയോഗിച്ചു സംസ്ഥാന, തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പട്ടികയിൽ പേരു തിരയാനുള്ള സംവിധാനവും പുനഃസ്ഥാപിച്ചു. എപിക് നമ്പർ വോട്ടർപട്ടികയിൽനിന്നു നീക്കിയതും വാർഡ് അടിസ്ഥാനത്തിൽ മാത്രം പേരു തിരയുന്നതരത്തിൽ പോർട്ടലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നിൽ കൂടുതൽ വാർഡുകളിലെ പട്ടികകളിൽ വോട്ടർമാരുടെ പേരു കണ്ടെത്താൻ നിയന്ത്രണങ്ങൾ തടസ്സമായിരുന്നു.
പോർട്ടലിലെ വോട്ടർ സേർച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ 3 തലങ്ങളിൽ പട്ടികയിൽ പേര് തിരയാമെന്നു കമ്മിഷൻ ഇന്നലെ വൈകിട്ട് ഇറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. പട്ടികയിലേക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, എപിക് നമ്പർ (പഴയത് അല്ലെങ്കിൽ പുതിയത്) എന്നിവ നൽകി പേരു തിരയാം. കമ്മിഷൻ നൽകിയിട്ടുള്ള പഴയതോ പുതിയതോ ആയ SEC നമ്പർ ഉപയോഗിച്ചും പേരുണ്ടോയെന്നു പരിശോധിക്കാം.
അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേരും വോട്ടർ ഐഡി കാർഡ് നമ്പറും നൽകിയാൽ മാത്രമേ പരിശോധനയിൽ പേരു കണ്ടെത്താനാകൂ.
ഇരട്ടവോട്ട്: ഇആർഒയോട് പരാതിപ്പെടാം
തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ പട്ടികയിൽ ഇരട്ടവോട്ടുണ്ടെന്ന് പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട ഇലക്ടറൽ റജിസ്‌ട്രേഷൻ ഓഫിസറെ അറിയിക്കാമെന്നു കമ്മിഷൻ. സംസ്ഥാന, തദ്ദേശ സ്ഥാപനതലങ്ങളിലായി പേരും എപിക് നമ്പറും ഉപയോഗിച്ചു പട്ടികയിൽ തിരയാനുള്ള സംവിധാനം പുനഃസ്ഥാപിച്ചതിനു പിന്നാലെയാണ് അറിയിപ്പ്. വോട്ടർപട്ടികയിൽ പേരു ചേർക്കാനും നീക്കം ചെയ്യാനും വിവരങ്ങൾ തിരുത്താനും വാർഡ് മാറിയവർക്കു സ്ഥാനമാറ്റം വരുത്താനും 14 വരെ അവസരമുണ്ട്. തുടർന്ന് അന്തിമപട്ടിക 25നു പ്രസിദ്ധീകരിക്കും. English Summary:
Kerala Local Body Election: EPIC Number and Name Search Restored for Kerala\“s Local Electoral Roll |