ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശിയതു സംബന്ധിച്ച വിവാദം പുതിയ തലങ്ങളിലേക്കു വളരുകയാണ്. യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് അറിയാൻ വിജിലൻസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒന്നിനും വ്യക്തമായ ഉത്തരം ഇല്ല. സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയങ്ങളും അതിനു ലഭ്യമായ വിശദീകരണവും:
- Also Read \“അന്ന് എത്തിച്ചത് പഴയ ചെമ്പ്\“: വെളിപ്പെടുത്തലിൽ ചെമ്പ് പുറത്ത്
? 1998 ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞല്ലോ? ആ സ്വർണം എവിടെ?
ഈ ചോദ്യത്തിന് മറുപടി നൽകേണ്ടത് ദേവസ്വം ബോർഡാണ്. രേഖകൾ പരിശോധിച്ചാൽ എൻ. ഭാസ്കരൻ നായർ പ്രസിഡന്റും എം.വി.ജി.നമ്പൂതിരി അംഗവുമായ ദേവസ്വം ബോർഡിന്റെ കാലത്താണ് ശ്രീകോവിൽ സ്വർണം പൊതിയാൻ അനുമതി നൽകിയത്. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഇതിനു വേണ്ടിവന്നതായ് പറയപ്പെടുന്നത്.
ശ്രീകോവിലിന്റെ മേൽക്കൂരയും ഇരുവശത്തെയും ഭിത്തികളും അയ്യപ്പ ചരിത്രം ആലേഖനം ചെയ്ത സ്വർണപ്പാളി ഉപയോഗിച്ചു പൊതിഞ്ഞു. കൂടാതെ ഭണ്ഡാരം, ശ്രീകോവിലിന്റെ മുകളിലുള്ള 3 താഴികക്കുടങ്ങൾ, കന്നിമൂല ഗണപതി, നാഗരാജാവ് എന്നിവയുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപങ്ങൾ എന്നിവയും സ്വർണം പൊതിഞ്ഞു.
ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോൾ സ്വർണം പൂശി നൽകാൻ ദേവസ്വം ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് 2019 ൽ അനുമതി നൽകി. എ.പത്മകുമാർ പ്രസിഡന്റും കെ.പി.ശങ്കരദാസ്, എ.രാഘവൻ എന്നിവർ അംഗങ്ങളായ ബോർഡാണ് ഇതിന് അനുമതി നൽകിയത്. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വന്തമായി പൊളിച്ചു കൊണ്ടുപോകാൻ പറ്റില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ഇത് അഴിച്ച് നൽകിയത്.
? വിജയ് മല്യ നൽകിയതു സ്വർണമായിരുന്നെങ്കിൽ 2019 ൽ പ്ലേറ്റിങ്ങിന് എങ്ങനെ ചെമ്പുപാളി നൽകാനാകും ?
ഇതും ദേവസ്വം ബോർഡ് മറുപടി പറയേണ്ട കാര്യമാണ്. ദേവസ്വം വിജിലൻസിന്റെ അസാന്നിധ്യത്തിലാണ് പാളികൾ 2019 ൽ അഴിച്ചത്. ദേവസ്വം പ്രതിനിധിയില്ലാതെ സ്പോൺസറുടെ കൈവശം 14 പാളികൾ കൊടുത്തയച്ചു. 39 ദിവസത്തിനു ശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിച്ചത്. തങ്ങൾക്കു ലഭിച്ചത് ചെമ്പു പാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണു ചെയ്തതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
സ്വർണം പൊതിഞ്ഞ പാളികൾ അഴിച്ചപ്പോൾ രേഖകളിൽ കൃത്രിമം കാണിച്ചെന്നും യഥാർഥ പാളികൾ പുറത്തെത്തിച്ച് അവയുടെ പകർപ്പ് ചെമ്പിൽ പുതുതായി ഉണ്ടാക്കിയെന്നതുമടക്കം ആരോപണങ്ങളുയരുന്നുണ്ട്. ഇതെല്ലാം അന്വേഷണത്തിൽ തെളിയണം.
? 1998 ൽ സ്വർണം പൊതിയുമ്പോൾ ചെമ്പു പാളിയും ഉപയോഗിച്ചിരുന്നോ?
സ്വർണം പൂശുന്നതും പൊതിയുന്നതും ചെമ്പു പാളിയിലാണ്. വിജയ് മല്യ സ്വർണം പൊതിയുന്ന ജോലികൾ സന്നിധാനത്താണ് നടത്തിയത്. ഇതിനായി ശ്രീകോവിലിൽ നേരത്തെ ഉണ്ടായിരുന്ന ചെമ്പ് തകിടും മേൽക്കൂരയിലെ പലകയും നീക്കി. അതിനു ശേഷം പുതിയ തേക്കുപലക അടിച്ചുറപ്പിച്ച് മുകളിൽ പുതിയ ചെമ്പുപാളി തറച്ചു. അതിനു മുകളിൽ വേറെ ചെമ്പുപാളികളിൽ സ്വർണം പൊതിഞ്ഞത് സ്ക്രൂ ചെയ്ത് ഉറപ്പിച്ചു. ചെന്നൈ മൈലാപ്പുർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികളാണ് ഇതിന്റെ പണി നിർവഹിച്ചത്
? വിജയ് മല്യ പണി നടത്തിയതു സന്നിധാനത്തു വച്ചായിട്ടും പിന്നീട് അറ്റകുറ്റപ്പണിക്ക് പുറത്തു കൊണ്ടുപോയത് എന്തുകൊണ്ടാണ്?
സൗജന്യ അറ്റകുറ്റപ്പണിക്ക് കരാർ വ്യവസ്ഥയുണ്ടെന്ന് സ്പോൺസർ അറിയിച്ചതിനെ തുടർന്നാണ് 2019 ൽ സ്വർണം പൂശാനെന്ന് രേഖാമൂലം ഉത്തരവിറക്കി പാളികൾ പുറത്തു കൊണ്ടു പോയത്.
? ഈ ജോലികളിൽ ആചാര ലംഘനമുണ്ടായോ?
ശ്രീകോവിലിനു രൂപമാറ്റം വരും വിധമുള്ള വലിയ മാറ്റങ്ങൾ വരുത്തണമെങ്കിൽ ദേവപ്രശ്നം നടത്തണം. കൂടാതെ തന്ത്രിയുടെ അനുമതിയും വാങ്ങണം. ചെറിയ പണികളാണെങ്കിൽ തന്ത്രിയുടെ അനുമതി മാത്രം മതി. ഇതു സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ തന്ത്രിക്കു നൽകുന്ന ശുപാർശ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകാറുള്ളത്. English Summary:
Sabarimala Gold Plating Controversy: The Copper Truth Emerges Amidst Vigilance Probe |