തിരുവനന്തപുരം ∙ പത്രപ്രവർത്തനത്തിൽ ഉയരങ്ങൾ കീഴടക്കിയ ടി.ജെ.എസ് ജോർജിന് തിരക്കഥാകൃത്ത് എന്ന ഖ്യാതി കൂടി കൈവരുമായിരുന്നു. നടൻ മോഹൻലാലിന്റെ വ്യത്യസ്തമായ അഭിനയശൈലി ടി.ജെ.എസിന് ഇഷ്ടമായിരുന്നു. മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നും ആഗ്രഹിച്ചു.  
  
 -  Also Read  തദ്ദേശ വോട്ടർപട്ടിക: പേരു തിരച്ചിൽ പുനഃസ്ഥാപിച്ചു; ഇരട്ടവോട്ട് കണ്ടെത്താൻ തടസ്സമെന്ന പരാതിക്കു പിന്നാലെ നടപടി   
 
    
 
കേന്ദ്രമന്ത്രിയും നയതന്ത്ര വിദഗ്ധനും മലയാളിയുമായ വി.കെ. കൃഷ്ണമേനോന്റെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിദേശ രാജ്യങ്ങളിൽ നിന്ന് പിന്തുണ നേടുന്നതിൽ കൃഷ്ണമേനോൻ നിർണായക പങ്കു വഹിച്ചിരുന്നു. സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തിന്റെ വിദേശയനയം രൂപപ്പെടുത്തുന്നതിലും വലിയ സംഭാവനയാണു നൽകിയത്. ഈ തലങ്ങൾക്ക് ഊന്നൽ നൽകി മോഹൻലാലിനെ അവതരിപ്പിക്കാനായിരുന്നു ശ്രമം.   
 
പണം മുടക്കാൻ ഒരു നിർമാതാവും ഒത്തുവന്നതോടെ എഴുത്ത് മുന്നേറി. പക്ഷേ ആ സിനിമ യാഥാർഥ്യമായില്ല. നിർമാണം തടസ്സപ്പെട്ടതോടെ തിരക്കഥാരചനയും അവസാനഘട്ടത്തിൽ നിലച്ചു. തിരക്കഥ പുസ്തകമാക്കണമെന്ന് പലരും നിർദേശിച്ചെങ്കിലും പൂർണമാകാത്തതിനാൽ അച്ചടി രൂപം കൈവരിച്ചില്ല. കാമ്പുള്ള രചനയായിരുന്നു അതെന്ന് ടി.ജെ.എസിന്റെ സഹോദരനും കോവളം ഫുട്ബോൾ ക്ലബ്ബിന്റെ ചെയർമാനുമായ ടി.ജെ. മാത്യു ഓർമിക്കുന്നു.   
 
ടിജെഎസിന്റെ സ്കൂൾ പഠനം കരുനാഗപ്പള്ളിയും അമ്പലപ്പുഴയിലും ആയിരുന്നു. തുടർന്ന് 3 വർഷം കുടുംബം തിരുവനന്തപുരത്തു നെയ്യാറ്റിൻകരയിൽ താമസത്തിനെത്തി. കൗമാരത്തിന്റെ കൗതുകങ്ങൾ തിരുവനന്തപുരം നഗരവുമായി ബന്ധപ്പെട്ടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വദേശാഭിമാനി– കേസരി മാധ്യമപുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് തലസ്ഥാന നഗരവുമായുള്ള ഓർമകൾ പങ്കുവച്ചത്.   
 
ഇന്റർമീഡിയറ്റിന് യൂണിവേഴ്സിറ്റി കോളജിൽ എഴുത്തുകാരനും ഐഎഎസ് ഓഫിസറുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ സഹപാഠിയായിരുന്നു. എഴുത്തും വായനയുമായി കെട്ടുപിണഞ്ഞു കിടന്ന സൗഹൃദമായിരുന്നു അത്. ടി.ജെ.എസിന്റെ ആദ്യപുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്തതും മലയാറ്റൂർ ആയിരുന്നു. English Summary:  
Mohanlal\“s Unseen Role: T.J.S. George\“s Unfinished V.K. Krishna Menon Biopic |