ന്യൂഡൽഹി ∙ അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച അന്വേഷണം ജുഡീഷ്യൽ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അപകടത്തിൽ തകർന്ന എഐ -171 വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
- Also Read ശ്കതമായ കാറ്റും മഴയും; ചെറുവിമാനം തകർന്നു വീണ് രണ്ടു മരണം
മാനുഷിക പിഴവാണ് ദുരന്തത്തിനിടയാക്കിയതെന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെയാണ് സുപ്രീം കോടതിയിൽ ഹർജികൾ എത്തുന്നത്. വിമാനാപകടവുമായി ബന്ധപ്പെട്ട് നടന്ന പ്രാഥമികാന്വേഷണത്തിൽ ഒരുപാട് പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാൻ ജീവനോടെ ബാക്കിയില്ലാത്ത പൈലറ്റുമാരിലാണ് അന്വേഷണസംഘം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
- Also Read ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി
ദുരന്തത്തിലേക്ക് നയിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന സാങ്കേതികമായ ഘടകങ്ങൾ പരിശോധിക്കുന്ന തരത്തിൽ ആയിരുന്നില്ല നിലവിലെ അന്വേഷണം. സ്വയം പ്രതിരോധിക്കാനാകാത്ത ജീവനക്കാർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഇത് ഭാവിയിൽ വിമാന സുരക്ഷയ്ക്ക് ഭീഷണിയാകും. ആയതിനാൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. അന്വേഷണ സംഘത്തിൽ അധികവും ഡിജിസിഎയിലെ ഉദ്യോഗസ്ഥരാണ്. സ്വന്തം കേസിൽ ആരും ജഡ്ജിയാകരുതെന്ന അടിസ്ഥാന തത്വം ലംഘിക്കപ്പെടുകയാണെന്നും ഹർജിയിൽ പറയുന്നു. എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് കഴിഞ്ഞ ജൂൺ 12ന് അഹമ്മദാബാദിൽ തകർന്നുവീണത്. യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും ദുരന്തത്തിൽ മരിച്ചിരുന്നു. |