കുന്നംകുളം ∙ ചികിത്സാ സഹായം നൽകാൻ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ (കെബിടിഎ) നേതൃത്വത്തിൽ 90 ബസുകൾ കാരുണ്യയാത്ര നടത്തി. ബോൺമാരോ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന സഹോദരങ്ങൾ ചെമ്മന്തിട്ട സ്വദേശികളായ അവനിക, ആയുഷ് എന്നിവരുടെ ചികിത്സാചെലവിലേക്ക് സഹായം നൽകാനാണ് യാത്ര നടത്തിയത്. കാരുണ്യയാത്രത്തിൽ പങ്കെടുത്ത ബസുകളിൽ ഇന്നലെ യാത്രക്കാരിൽ നിന്നു ലഭിച്ച മുഴുവൻ തുകയും ചികിത്സാ ഫണ്ടിലേക്ക് നൽകും.
ദശരഥ ഗ്രൂപ്പിന്റെ തൃശൂർ – മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന 6 ബസ്സുകളും ഇന്നലെ ആയുഷിനും അവനികയ്ക്കും വേണ്ടിയാണു സർവീസ് നടത്തിയത്. ചൊവ്വന്നൂർ ചെമ്മന്തിട്ട സ്വദേശികളായ മനോജിന്റെയും സുധയുടെയും മക്കളാണ് ഏഴാം ക്ലാസുകാരി അവനികയും രണ്ടാം ക്ലാസുകാരൻ ആയുഷും. 5 വർഷം മുൻപാണു മൂത്ത മകൾ അവനികയ്ക്കു മാരകരോഗം സ്ഥിരീകരിച്ചത്. ഇളയ മകൻ ആയുഷിനും രണ്ടു വയസ്സ് ആയപ്പോൾ അതേരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന ജനിതക രോഗമാണു രണ്ടുപേർക്കും. വെൽഡറാണു മനോജ്.
രണ്ടുപേർക്കും കൂടി ശസ്ത്രക്രിയയ്ക്കായി ഒരു കോടി 20 ലക്ഷം രൂപ ആവശ്യമുണ്ട്. അക്കൗണ്ട് പേര്: സുധ, രാധാകുമാരി, എ.സജി, അക്കൗണ്ട് നമ്പർ: 279902000000300, ബാങ്ക്: ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബ്രാഞ്ച്: കുന്നംകുളം, ഐഎഫ്എസ്‌സി: IOBA0002799, ഗൂഗിൾ പേ: 8281643876. കാരുണ്യയാത്ര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.ആർ.സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി വി.വി.മുജീബ് റഹ്മാൻ അധ്യക്ഷനായി. എം.ബാലാജി, നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ഭാരവാഹികളായ എം.എൻ.രതീഷ്, എം.വി.വിനോദ്, എം.ആർ.മധുസൂദനൻ, പി.ജി.വിശ്വനാഥൻ, സുജിത്ത് ജയ്ഗുരു എന്നിവർ പ്രസംഗിച്ചു. English Summary:
Karunya Yathra, a charity event, organized by KBTA in Kunnamkulam to raise funds for the bone marrow transplant of siblings Avanika and Ayush. The event involved 90 buses donating their day\“s earnings towards the 1.2 crore INR needed for the children\“s treatment. |