കുടിശിക തീർക്കുന്നതിനു സർക്കാരിൽനിന്നു നടപടി ഉണ്ടാകാത്തതുകൊണ്ട് കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിലെയും എറണാകുളം ജനറൽ ആശുപത്രിയിലെയും ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങൾ തിരിച്ചെടുക്കാനുള്ള വിതരണക്കാരുടെ സംഘടനയുടെ നീക്കം അതീവ ആശങ്കയ്ക്കു കാരണമായിരിക്കുന്നു.  
 
 ഹൃദയശസ്ത്രക്രിയയ്ക്കടക്കം സർക്കാർ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന കേരളത്തിലെ സാധാരണക്കാർക്കു ഹൃദയഭേദകം തന്നെയായ വാർത്തയാണിത്.    
  
 -  Also Read  പണം മാത്രമല്ല പിഎം ശ്രീ പദ്ധതി: എല്ലാ വ്യക്തമാക്കി പദ്ധതിരേഖ; കേരളം നടപ്പാക്കേണ്ടി വരും ദേശീയ വിദ്യാഭ്യാസനയം   
 
    
 
കുടിശിക തീർക്കാമെന്ന ഉറപ്പ് സർക്കാർ ലംഘിച്ചതിനു പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രികൾ ഉൾപ്പെടെ പ്രധാന സർക്കാർ ആശുപത്രികളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം മെഡിക്കൽ ഉപകരണ വിതരണക്കാരുടെ സംഘടന (സിഡിഎംഐഡി) കഴിഞ്ഞമാസം മുതൽ നിർത്തിവച്ചിരുന്നു. എന്നിട്ടും, കുടിശിക കിട്ടാത്ത സാഹചര്യത്തിലാണ്, ഏറ്റവും കൂടുതൽ കുടിശികയുള്ള ആശുപത്രികളിൽനിന്നു സ്റ്റോക്ക് തിരിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്.  
 
ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു മാത്രമാണ് സർജിക്കൽ ഉപകരണങ്ങൾ തിരിച്ചെടുത്തു തുടങ്ങിയത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും എറണാകുളം ജനറൽ ആശുപത്രിയിലും ഉപകരണങ്ങൾ എടുക്കാൻ വിതരണക്കാർ എത്തിയെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ല. ഇതോടെ നിയമപരമായി നീങ്ങാനാണു സംഘടനയിലെ ചർച്ചകൾ. അവശേഷിക്കുന്ന സ്റ്റോക്ക് മൊത്തമായും തിരിച്ചെടുത്താൽ നാല് ആശുപത്രികളിലെയും കാത് ലാബിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കും.   
  
 -  Also Read  തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് സംവരണം പൂർണം; ഇനി അധ്യക്ഷസംവരണം   
 
    
 
158 കോടിയിലേറെ രൂപയുടെ കുടിശിക തീർക്കാതെ മുന്നോട്ടുപോകാനാകില്ലെന്നു സംഘടന നേരത്തേ സർക്കാരിനെ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ച് വരെയുള്ള തുകയെങ്കിലും നൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 26 കോടിയിൽ താഴെ മാത്രമാണു നൽകിയത്. ഇതോടെയാണു ശേഷിക്കുന്ന സ്റ്റോക്ക് കൂടി തിരിച്ചെടുക്കാൻ നീക്കം തുടങ്ങിയത്.  
 
കോഴിക്കോട് മെഡിക്കൽ കോളജിൽ ഏകദേശം 34 കോടിയും തിരുവനന്തപുരത്ത് 29 കോടിയും കുടിശികയുണ്ട്. ശേഷിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ ചികിത്സകൾ നൽകി പരമാവധി പിടിച്ചുനിൽക്കാനാണ് മെഡിക്കൽ കോളജുകൾ ശ്രമം നടത്തുന്നതെങ്കിലും അതെത്രനാൾ മുന്നോട്ടുപോകുമെന്നു വ്യക്തമല്ല. വിതരണക്കാരുടെ സമ്മർദം മറികടക്കാൻ ഹിന്ദുസ്ഥാൻ ലൈഫ്കെയർ വഴി ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഹൃദയശസ്ത്രക്രിയകൾ നിർത്തിവച്ചതടക്കം അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾത്തന്നെ പലയിടത്തുമുള്ളത്.    
  
 -  Also Read  പിഎം ശ്രീ: ഒപ്പുവയ്ക്കാതെ ബംഗാളും തമിഴ്നാടും; തടഞ്ഞത് 4,000 കോടി, കുലുങ്ങാതെ തമിഴ്നാട്   
 
    
 
സർക്കാർ സൗജന്യചികിത്സ നൽകിയതുകൊണ്ടുണ്ടായ കുടിശികയാണ് ഇതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ പറയുന്നതുകേട്ടു. അതുകൊണ്ട് ശസ്ത്രക്രിയാ ഉപകരണങ്ങൾ വിതരണക്കാർ സർക്കാരിനു സൗജന്യമായി നൽകണമെന്നാണോ ധ്വനി എന്നറിയില്ല. അതിനപ്പുറം, സൗജന്യചികിത്സ തേടിയവരെ അപമാനിക്കുന്ന ഒരു തലം ആ പ്രസ്താവനയ്ക്കില്ലേ?    
 
ഭീമമായ കുടിശികയുടെ ഭാരം വഹിക്കുന്ന വിതരണക്കാരെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ കുറ്റപ്പെടുത്താനാവില്ല. കുടിശിക കിട്ടാത്തതിനാൽ, ഉപകരണങ്ങൾ ലഭ്യമാക്കുന്ന കമ്പനികൾക്കു നൽകാൻ പണമില്ലെന്നും കൂടുതൽ സ്റ്റോക്ക് എടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ആരോഗ്യവകുപ്പിനുള്ള കത്തിൽ വിതരണക്കാരുടെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നതുമാണ്.  
 
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിനോടു പിന്നീടു സർക്കാർസംവിധാനങ്ങൾ കാട്ടിയ പ്രതികാരനടപടികൾ കേരളം കണ്ടതാണ്.  
 
 പ്രശ്നപരിഹാരത്തിനുപകരം ഇത്തരം വിലകുറഞ്ഞ നടപടികളല്ല സർക്കാരിൽനിന്നുണ്ടാകേണ്ടത്. നമ്മുടെ മൂന്നു സർക്കാർ മെഡിക്കൽ കോളജുകളും ഒരു ജനറൽ ആശുപത്രിയും ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് ഫലപ്രദവും അടിയന്തരവുമായ ഇടപെടലിലൂടെയേ പരിഹാരം കാണാനാവൂ. ആ പരിഹാരമാകട്ടെ ഏറ്റവും ലളിതവും: വാങ്ങിയ സാധനങ്ങളുടെ കുടിശിക കൊടുത്തുതീർക്കുക!    
 
കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്കുമുന്നിൽ ആയുസ്സിന്റെ വിലയുള്ള പ്രതിസന്ധിയാണിപ്പോൾ ഉരുത്തിരിഞ്ഞിട്ടുള്ളത്. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള ആഘോഷങ്ങളെയൊന്നും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നില്ലെന്ന് അറിയാവുന്നവരാണ് ഈ നാട്ടിൽ ജീവിക്കുന്നവർ. ജനങ്ങൾക്ക് ആശ്രയമാകേണ്ട സർക്കാർ അവരോടുള്ള പ്രതിബദ്ധത മറക്കുന്നിടത്തോളം അപലപനീയമായ മറ്റൊന്നുമില്ല. മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലെന്ന കാരണത്താൽ ഒരു അടിയന്തര ഹൃദയശസ്ത്രക്രിയയെങ്കിലും ഇവിടെ നടക്കാതെവന്നാൽ കേരളത്തിനുമുന്നിൽ സർക്കാരിനും ആരോഗ്യവകുപ്പിനും തലകുനിച്ച് അതിനു മറുപടി പറയേണ്ടിവരുമെന്നു തീർച്ച. English Summary:  
Kerala\“s Heart Crisis: Unpaid Dues Threaten Cardiac Surgeries in Government Hospitals |