LHC0088                                        • 7 day(s) ago                                                                                        •                views 1226                    
                                                                    
  
                                
 
  
 
    
 
     
 
  
 
തിരുവനന്തപുരം ∙ രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ,  മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്നലെ രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി ഇന്നു ശബരിമലയിൽ ദർശനം നടത്തും. രാവിലെ ഹെലികോപ്റ്ററിൽ നിലയ്ക്കലിലും തുടർന്ന് റോഡ് മാർഗം പമ്പയിലുമെത്തിയശേഷം ഗൂർഖാ വാഹനത്തിൽ പന്ത്രണ്ടോടെ സന്നിധാനത്തെത്തും. പമ്പയിലാണ് ഇരുമുടിക്കെട്ടു നിറയ്ക്കുക. ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തും. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്.  
  
 -  Also Read  സ്വന്തം പിൻകോഡുള്ളവർ, അയ്യപ്പനും രാഷ്ട്രപതിയും   
 
    
 
നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം    കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽനിന്നു ഡൽഹിക്കു  തിരിക്കും.  
 
രാഷ്ട്രപതിയെ വരവേൽക്കാൻ ഒരുങ്ങി പാലാ സെന്റ് തോമസ് കോളജ് 
  
 കോട്ടയം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കോട്ടയം ജില്ലയിലെ ആദ്യ സന്ദർശനം നാളെ. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രപതി കുമരകം താജ് ഹോട്ടലിൽ ആണു താമസിക്കുന്നത്.  
 
പദവിയിലിരിക്കെ ഒരു രാഷ്ട്രപതി പാലാ സെന്റ് തോമസിൽ എത്തുന്നത് ആദ്യമായാണ്. ഡോ. എ.പി.ജെ.അബ്ദുൽ കലാം രാഷ്ട്രപതിപദം ഒഴിഞ്ഞതിനു ശേഷം കോളജിൽ എത്തിയിരുന്നു. പ്രധാനമന്ത്രിമാരായിരിക്കെ ജവാഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും കോളജിൽ എത്തിയിട്ടുണ്ട്.  
 
ഉഴവൂർ സ്വദേശിയായ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ രാജ്ഭവനിൽ അനാഛാദനം ചെയ്ത ശേഷമാണ് ദ്രൗപദി മുർമു കോട്ടയത്ത് എത്തുന്നത്. തിരുവനന്തപുരത്തുനിന്നു ഹെലികോപ്റ്ററിൽ നാളെ വൈകിട്ട് 3.50ന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ എത്തുന്ന രാഷ്ട്രപതി 4.15ന് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.    പാലാ സെന്റ് തോമസ് കോളജ്.  
 
പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാഫലകവും രാഷ്ട്രപതി അനാഛാദനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിക്കും. പ്രത്യേക ക്ഷണം ലഭിച്ച 800 പേർ പങ്കെടുക്കും.  
 
തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയത്ത് എത്തുന്ന രാഷ്ട്രപതി പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം കുമരകത്തേക്കു പോകും. താജ് ഹോട്ടലിൽ താമസിക്കുന്ന ദ്രൗപദി മുർമു 24നു രാവിലെ 11ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തി ഹെലികോപ്റ്ററിൽ കൊച്ചിയിലേക്കു പോകും. 23ന് ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് 7 വരെയും 24ന് രാവിലെ 6 മുതൽ 11 വരെയും കോട്ടയം നഗരത്തിൽ കടുത്ത ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. English Summary:  
Thiruvananthapuram: President Droupadi Murmu Commences Four-Day Kerala Visit with Sabarimala Darshan |   
                
                                                    
                                                                
        
 
    
                                     
 
 
 |