ടെൽ അവീവ്/കയ്റോ ∙ വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ച് ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 57 ആയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. കഴിഞ്ഞ 10ന് വെടിനിർത്തൽ പ്രഖ്യാപിച്ചശേഷം 80 തവണ ഇസ്രയേൽ അതു ലംഘിച്ചു. ഇതുവരെ 97 പലസ്തീൻകാർ കൊല്ലപ്പെട്ടു; 230 പേർക്കു പരുക്കേറ്റു.
- Also Read ‘വീണത് 7 വിമാനങ്ങൾ, 200% തീരുവ ചുമത്തുമെന്നു ഭീഷണിപ്പെടുത്തി’: ഇന്ത്യ–പാക്ക് യുദ്ധം നിർത്തിച്ചെന്ന് വീണ്ടും ട്രംപ്
വെടിനിർത്തൽ രണ്ടാം ഘട്ടം വിജയകരമായി നടപ്പാകുമോയെന്ന കാര്യം ആശങ്കയിലായിരിക്കെ, ചർച്ചകൾക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാറദ് കുഷ്നറും നേരത്തേ നിശ്ചയിച്ചപ്രകാരം ഇന്നലെ ഇസ്രയേലിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ന് എത്തുമെന്നു കരുതുന്നു.
വെടിനിർത്തൽ ഒന്നാം ഘട്ടം വ്യവസ്ഥയനുസരിച്ച് ഇസ്രയേൽ സൈന്യം ഇപ്പോൾ ‘മഞ്ഞവര’ മേഖലയിലേക്ക് പിൻമാറിയിരിക്കുകയാണ്. ഇവിടെ കടന്നുകയറിയവർക്കു നേരെ വെടിവയ്പു നടത്തിയെന്നും 3 പേർ കൊല്ലപ്പെട്ടെന്നും ഇസ്രയേൽ പറഞ്ഞു. മധ്യഗാസയിൽ ദെയ്ർ അൽബലയിൽ പട്ടാളടാങ്കുകൾ ആക്രമണം നടത്തിയതായി ജനങ്ങൾ സ്ഥിരീകരിച്ചു.
വെടിനിർത്തൽ വ്യവസ്ഥയിൽ സൂചിപ്പിക്കുന്ന വരകൾ ഗാസയിൽ പലയിടങ്ങളും രേഖപ്പെടുത്തിയിട്ടില്ലാത്തത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. മഞ്ഞനിറത്തിലുള്ള കോൺക്രീറ്റ് കട്ടകൾ നിരത്തി വരകൾ തീർക്കുന്നതിന്റെ വിഡിയോ ഇസ്രയേൽ സൈന്യം ഇന്നലെ പുറത്തുവിട്ടിരുന്നു. ഇസ്രയേൽ നേരത്തേ സഹായവിതരണം തടഞ്ഞിരുന്നു. ഭക്ഷണ വണ്ടികൾ ഇപ്പോൾ വീണ്ടും എത്തിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഹമാസ് ആക്രമണത്തിൽ 2 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടെന്നും അതു വെടിനിർത്തൽ ലംഘനമാണെന്നും ആരോപിച്ചായിരുന്നു ഇസ്രയേൽ ഞായറാഴ്ച റഫായിൽ ഉൾപ്പെടെ ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ, വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേലും ഹമാസും പറയുകയും ചെയ്തു. വെടിനിർത്തൽ തുടരുകയാണെന്ന് ട്രംപും അവകാശപ്പെട്ടു.
വെടിനിർത്തൽ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയും സംഘവും കയ്റോയിൽ എത്തിയിട്ടുണ്ട്. ഹമാസ് നിരായുധീകരണം, ഇസ്രയേൽ സേനാ പിന്മാറ്റം, ഗാസ ഭരണം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രീകരിച്ചുള്ളതാണ് വെടിനിർത്തൽ രണ്ടാം ഘട്ടം.
ഇതിനിടെ, ഹമാസ് കഴിഞ്ഞദിവസം വിട്ടുനൽകിയ രണ്ടു മൃതദേഹങ്ങൾ റോനൻ ഏംഗൽ, സൊന്തയ ഓഖരശ്രീ എന്നീ ബന്ദികളുടേതാണെന്ന് ഇസ്രയേൽ അറിയിച്ചു. ഹമാസിന്റെ ബന്ദിയായിരിക്കെ കൊല്ലപ്പെട്ട നേപ്പാൾ സ്വദേശി ബിപിൻ ജോഷിയുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു.
ഇതേസമയം, തെക്കൻ ലെബനനിൽ മൂന്നു തവണ ഇസ്രയേൽ വ്യോമാക്രമണം നടന്നു. അൽ മഹ്മൂദിയ, അൽ അയ്ഷിയ ഉൾപ്പെടെ മേഖലകളിലാണ് ആക്രമണം നടന്നത്. വെടിനിർത്തൽ ലംഘിച്ചാണ് ലബനനിലും ഇസ്രയേൽ ആക്രമണം. English Summary:
Gaza Ceasefire Shattered: Israel Accused of 80 Violations, Nearly 100 Dead |