വൈപ്പിൻ∙ തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനേയും ഫോർട്ടുകൊച്ചിയേയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിർമാണത്തിന് താൽപര്യപത്രം ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങി. കെ റെയിൽ നൽകിയ സാധ്യത പഠന റിപ്പോർട്ട് പരിഗണിച്ചാണിതെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. നിയമസഭയിൽ എംഎൽഎയുടെ ചോദ്യത്തിനു നൽകിയ മറുപടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാക്കിയത്. 2672.25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ഡിബിഎഫ്ഒടി) മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നീക്കം. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകും.
9 ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേയ്ക്ക് എറണാകുളം ജില്ലയിൽ ചെല്ലാനം മുതൽ മുനമ്പം വരെ 48 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഫോർട്ടുകൊച്ചിക്കും വൈപ്പിനുമിടയിൽ കപ്പൽച്ചാലിന്റെ ഭാഗത്ത് കടലിനു മുകളിലൂടെ പാലം നിർമിക്കുക അപ്രായോഗികമായതിലാണ് തുരങ്കപാതയ്ക്കുള്ള സാധ്യത ആരാഞ്ഞത്. തീരദേശ ഹൈവേയെ റോഡ് മാർഗം ബന്ധിപ്പിക്കാൻ 16 കിലോമീറ്റർ ദൈർഘ്യം വേണ്ടി വരുമ്പോൾ തുരങ്കപാതയാണെങ്കിൽ കേവലം 3 കിലോമീറ്റർ മതിയാകും. കപ്പൽച്ചാലിനു കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. 10 മുതൽ 13 മീറ്റർ വരെയാണ് കപ്പൽച്ചാലിന്റെ ആഴം. ഇരട്ട ടണലുകളിൽ മൂന്നര മീറ്റർ വീതിയുള്ള സർവീസ് റോഡും നാലര മീറ്റർ വീതിയിൽ ഹൈവേയുമാണ് ഉദ്ദേശിക്കുന്നത്.
പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് തുരങ്കപാത തുറക്കുക. ഓരോ 250 മീറ്ററിലും എമർജൻസി സ്‌റ്റോപ് ബേ, 500 മീറ്റർ ഇടവിട്ട് യാത്രക്കാർക്കുള്ള വെന്റിലേഷനോടു കൂടിയ എമർജൻസി എക്‌സിറ്റ് എന്നിവയുമുണ്ടാകും. രണ്ട് അലൈൻമെന്റുകൾ പരിഗണനയിലുണ്ട്.
ഫോർട്ട് കൊച്ചി റോ-റോ ബോട്ട് ജെട്ടിക്കു സമീപം കെ.വി.ജേക്കബ് റോഡിനെയും വൈപ്പിനേയും ബന്ധിപ്പിച്ചുള്ളതാണ് ഒന്ന്. കെ.വി.ജേക്കബ് റോഡിനേയും വൈപ്പിന്റെ പടിഞ്ഞാറു ഭാഗത്തെയും ബന്ധിപ്പിച്ചുള്ളതാണ് രണ്ടാമത്തേത്. യാത്രാമാർഗത്തിനപ്പുറം രാജ്യാന്തര ടൂറിസം സാധ്യതകളും ടണൽ പദ്ധതിക്ക് ഉണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. English Summary:
Vypin Fort Kochi Tunnel is set to revolutionize connectivity. The underwater tunnel project, part of the Kerala Coastal Highway, aims to connect Vypin and Fort Kochi, reducing travel distance and boosting tourism. |