തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ജീവനക്കാർക്കും സർവീസ്, ക്ഷേമ പെൻഷൻകാർക്കും മറ്റു വിവിധ മേഖലകളിലെ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. ശമ്പള–പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന, ഡിഎ കുടിശികയുടെ ഒരു പങ്ക്, ആശാ വർക്കർമാർക്ക് ഓണറേറിയം വർധന തുടങ്ങിയവ നവംബർ ഒന്നിനു മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
- Also Read ‘വന്യജീവി ആക്രമണം തടയാൻ വയ്യെങ്കിൽ വനംവകുപ്പ് പിരിച്ചുവിടൂ, മറ്റു വഴി നോക്കാം’
തുടർന്ന് ഒരാഴ്ചയ്ക്കകം തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. സർക്കാർ കാലാവധി പൂർത്തിയാക്കാൻ 6 മാസത്തോളം മാത്രമാണ് ബാക്കി. എന്നിട്ടും ശമ്പളപരിഷ്കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തതിന്റെ പേരിൽ ഭരണപക്ഷ സർവീസ് സംഘടനകൾ വലിയ പ്രതിഷേധം നേരിടുന്നുണ്ട്. പ്രതിപക്ഷ സംഘടനകൾ അടിക്കടി സമരം നടത്തുന്നുമുണ്ട്.
- Also Read സജി – സുധാകരൻ ഭിന്നത: അച്ചടക്ക വടി എടുക്കാതെ തീർക്കാൻ നേതൃത്വം
സർക്കാർ പ്രഖ്യാപനങ്ങൾ തങ്ങളുടെ സമ്മർദത്തിന്റെ കൂടി ഫലമായിട്ടാണെന്നു വരുത്താൻ സിപിഎം അനുകൂല സർവീസ് സംഘടനകൾ ഇന്നു സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തുന്നുണ്ട്. ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ഡിഎ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ മാർച്ച്.
പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ
∙ 12–ാം ശമ്പള പരിഷ്കരണ കമ്മിഷന്റെ നിയമനം. അതിവേഗം റിപ്പോർട്ട് വാങ്ങി ഇൗ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കാം.
∙ 1600 രൂപ ക്ഷേമ പെൻഷൻ 2000 രൂപ വരെയാക്കാൻ സാധ്യത. നിലവിലെ ഒരു മാസത്തെ കുടിശികയും നൽകും.
∙ ജീവനക്കാർക്കു 17% ഡിഎ കുടിശികയാണ്. ഇതിൽ 2023 ജനുവരിയിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന 4% അനുവദിച്ചേക്കാം. എന്നാൽ ഇതുവരെയുള്ള കുടിശികത്തുക പ്രതീക്ഷിക്കേണ്ട.
∙ ഭിന്നശേഷി സംവരണ വ്യവസ്ഥകൾ മൂലമുള്ള എയ്ഡഡ് സ്കൂൾ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കാം.
∙ ആശാ വർക്കർമാരുടെ ഓണറേറിയം വർധന സർക്കാരിന്റെ പരിഗണനയിലാണ്.
∙ ജീവനക്കാരുടെ കഴിഞ്ഞ ശമ്പളപരിഷ്കരണത്തിന്റെ കുടിശികയിൽ 2 ഗഡുക്കൾ ബാക്കിയാണ്. ഇതു പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചേക്കും.
∙ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നു കഴിഞ്ഞ 2 ബജറ്റുകളിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. പകരം, ശമ്പളത്തിന്റെ പകുതിയെങ്കിലും പെൻഷൻ ലഭിക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ സാധ്യത. English Summary:
\“Election Bumper\“ for Kerala government employee: Benefits are expected soon. The government is likely to announce salary revisions, welfare pension increases, and DA arrears distribution before the upcoming local body elections. |