അന്റനാനാരിവോ ∙ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള ദ്വീപ് രാജ്യമായ മഡഗാസ്കർ ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. സെപ്റ്റംബർ അവസാനം വൈദ്യുതി പ്രതിസന്ധി, വെള്ളത്തിന്റെ ലഭ്യതക്കുറവ്, പണപ്പെരുപ്പം എന്നിവ കാരണം യുവജനങ്ങൾ തെരുവിലിറങ്ങി. പക്ഷേ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ അത് അഴിമതി, ഭരണ പരാജയം, തൊഴിൽ അഭാവം തുടങ്ങിയ വിഷയങ്ങളിലേക്കും വ്യാപിച്ചു. പ്രതിഷേധത്തെ നയിച്ചത് #GenZMadagascar എന്ന പേരിലുള്ള യുവജന കൂട്ടായ്മയാണ്. പ്രതിഷേധം ശക്തമായതോടെ അഴിമതി ആരോപണം നേരിട്ടിരുന്ന പ്രസിഡന്റ് നാടുവിടുകയും ചെയ്തു. നേപ്പാൾ മാതൃകയിലുള്ള പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറില്‍ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ പോലെ തന്നെ ലാറ്ററൈറ്റ് മണ്ണിന്റെ സാന്നിധ്യം കൊണ്ട് ‘മഹത്തായ ചുവന്ന ദ്വീപ്’ എന്ന് പേർ കിട്ടിയ മഡഗാസ്കറിൽ വിപ്ലവം അലയടിക്കുകയാണോ? എന്താണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിൽ സംഭവിക്കുന്നത്.   
  
 -  Also Read  പാർട്ടിയുമായി ചേർന്ന് പോകണം, ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം: ജി.സുധാകരന് സജി ചെറിയാന്റെ ഉപദേശം   
 
    
 
എന്താണ് സംഭവിച്ചത്?  
  
 - പ്രസിഡന്റ് അൻഡ്രി റജോയിലിനയ്ക്ക് (51) എതിരെ ഉയർന്ന പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ജെൻസീ കലാപമായി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്. സൈന്യവും പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നതോടെ പ്രസിഡന്റ് രാജ്യം വിടുകയായിരുന്നു. ഫ്രഞ്ച് സൈനിക വിമാനത്തിലാണ് ഞായറാഴ്ച പ്രസിഡന്റ് അൻഡ്രി രാജ്യം വിട്ടത്.  
 
  - പിന്നാലെ മഡഗാസ്കറിനെ നശിക്കാൻ അനുവദിക്കില്ലെന്നും പാർലമെന്റായ നാഷനൽ അസംബ്ലി പിരിച്ചുവിട്ടതായും പ്രഖ്യാപിച്ചുകൊണ്ട് സൈന്യം ഭരണം ഏറ്റെടുത്തു. 
 
  - സൈന്യം ഭരണഘടന സസ്‌പെൻഡ് ചെയ്തു. പുതിയ ഭരണഘടനയും തിരഞ്ഞെടുപ്പും രണ്ടുവർഷത്തിനുള്ളിൽ നടത്താമെന്നു വാഗ്ദാനം നൽകി. 
 
  - സൈന്യം സമാധാനപരമായ ജനാധിപത്യത്തിലേക്കുള്ള മാറ്റം ഉറപ്പാക്കുമെന്നു പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ജനറൽ റുഫിൻ ഫോർച്യൂനാറ്റ് സാഫിസാംബോ അറിയിച്ചു. 
 
  - ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ഉടമ്പടി ഉണ്ടാക്കിയ ശേഷമാണ് അൻഡ്രി രജോലിന രാജ്യം വിട്ടതെന്ന് ഫ്രഞ്ച് റേഡിയോ വ്യക്തമാക്കി. സെപ്റ്റംബർ 25ന് തുടങ്ങിയ പ്രക്ഷോഭത്തിൽ ഇതുവരെ 22 പേരാണ് കൊല്ലപ്പെട്ടത്. 
 
    
 
എന്താണ് പ്രക്ഷോഭകർക്കു വേണ്ടത്?  
  
 - വെള്ളം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടി തുടങ്ങിയ പ്രക്ഷോഭം വ്യാപിക്കുകയും അഴിമതിയും ദുർഭരണവും ഉന്നയിച്ച് കൂടുതൽ ശക്തമാകുകയായിരുന്നു. 
 
  - കാലാവധി പരിധികളും അഴിമതി വിരുദ്ധ വ്യവസ്ഥകളും ഉൾപ്പെടുത്തി പുതിയ ഭരണഘടന വേണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. വൈദ്യുതി, തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുനഃസംഘടന വേണമെന്നും സൈനിക ഭരണത്തിന് പകരം സിവിലിയൻ ട്രാൻസിഷൻ കൗൺസിൽ വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 
 
    
 
ഇന്ത്യയും കേരളവുമായുള്ള ബന്ധം  
  
 - ഭൂഖണ്ഡങ്ങൾ രൂപീകരിക്കപ്പെടുന്നതിന് മുൻപുള്ള ‘ഗാണ്ട്വാന’ പീരിയഡിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിനോട് ചേർന്നായിരുന്നു മഡഗാസ്കറിന്റെ സ്ഥാനം. കേരളത്തിലെ പാലക്കാട് ചുരത്തിന്റെ ബാക്കിയാണ് മഡഗാസ്കറിൽ അൻഗാവോ എൻട്രാപ്മെന്റ് എന്നും പഠനങ്ങൾ പറയുന്നു. 
 
  - ഇന്ത്യയുടെ ഇന്ത്യൻ മഹാസമുദ്ര സുരക്ഷാ വലയത്തിലെ (സാഗർ – സെക്യൂരിറ്റി ആൻഡ് ഗ്രോത് ഫോർ ഓൾ ഇൻ ജി റീജിയൻ) പ്രധാന കേന്ദ്രമാണ് മഡഗാസ്കർ. ഇന്ത്യയുടെ സഹായത്തോടെ നടത്തുന്ന ആരോഗ്യ, സോളർ, വിദ്യാഭ്യാസ പദ്ധതികളിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നുണ്ട്. 
 
    
  
 -  Also Read   ‘മരിക്കാൻ പോവുകയാണോ! ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ ശ്രമിച്ചു, ഉള്ളിൽ അലറിവിളിച്ചു’: താലിബാൻ ഭീകരത തിരികെവന്ന ആ രാത്രി   
 
    
 
മഡഗാസ്കർ: പൊതുവിവരങ്ങൾ  
  
 - 3.2 കോടിയാണ് മഡഗാസ്കറിലെ ജനസംഖ്യ; അതിൽ നാലിൽ മൂന്നു പേരും ദരിദ്രർ 
 
  - വിസ്തീർണത്തിൽ ലോകത്തെ നാലാമത്തെ വലിയ ദ്വീപാണ് മഡഗാസ്കർ. 2009 ൽ സൈന്യത്തിന്റെ പിന്തുണയോടെ പ്രസിഡന്റായിരുന്ന മാർക് രവലോമനാനയെ അട്ടിമറിച്ചാണ് അൻഡ്രി രജോലിന അധികാരത്തിലെത്തിയത്.  
 
  - തലസ്ഥാനം അന്റനാനാരിവോ. മലഗാസി, ഫ്രഞ്ച് എന്നിവയാണ് ഔദ്യോഗിക ഭാഷകൾ 
 
  - ഗ്രേറ്റ് റെഡ് ഐലന്റ്, ഐൽ ഓഫ് സെന്റ് ലോറൻസ് എന്നിവയാണ് രാജ്യത്തിന്റെ മറ്റ് പേരുകൾ 
 
  - മുൻ ഫ്രഞ്ച് കോളനിയാണ് മഡഗാസ്കർ. 1896 - 1958 വരെ ഫ്രാൻസിനു കീഴിൽ തുടർന്നു. 1960ൽ സ്വതന്ത്ര രാഷ്ട്രമായി.
 
   
   English Summary:  
Madagascar Political Crisis: It revolves around the recent upheaval and the President\“s departure. Protests against President Andry Rajoelina escalated, leading to military intervention and his subsequent exit from the country. The unrest stems from corruption allegations and widespread discontent over governance. |   
                
                                                    
                                                                
        
 
    
                                     
 
 
 |