മക്കളോട് അടങ്ങിയിരിക്കാൻ പറഞ്ഞ ചില മാതാപിതാക്കളുടെ ഇപ്പോഴത്തെ പ്രധാന പരാതി വീട്ടിൽ അടയിരിക്കുന്ന മക്കളെക്കുറിച്ചാണ്. പുറത്തേക്കിറങ്ങേണ്ട, ലോകത്തോടു മിണ്ടേണ്ട, ആരെയും കാണേണ്ട. തങ്ങളുടെ സ്പേസിൽ, തങ്ങൾ സൃഷ്ടിക്കുന്ന സ്പേസിൽ–അവിടെയാണ് അവർ എപ്പോഴും. ഫോണിൽ കുത്തിയിരിക്കുന്നതുകൊണ്ട് കിളി പറക്കുന്നതാണെന്നു പറയാൻ വരട്ടെ.  
  
 -  Also Read  \“കളിയാക്കൽ മനോഭാവം അവസാനിപ്പിക്കണം\“: കൃഷ്ണപ്രഭയുടെ വിവാദ പരാമർശം; സൈക്കോളജിസ്റ്റ് സംസാരിക്കുന്നു   
 
    
 
പണിയെടുത്താലും ഇല്ലെങ്കിലും വിഷാദം പണി തരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പണി കിട്ടും. സമൂഹമാധ്യമങ്ങളിലും അതു തന്നെയാണല്ലോ ചർച്ച. നന്നായി പഠിച്ചിരുന്ന, കളിച്ചിരുന്ന, ജോലി ചെയ്തിരുന്ന ഒരാൾ പെട്ടെന്ന് ഉൾവലിയുന്നു. കാരണങ്ങളേതുമില്ലാതെ ദേഷ്യപ്പെടുന്നു. ഡിജിറ്റൽ യുഗത്തിൽ അവനവന്റെ മുറികളിൽ ഒതുങ്ങുന്നവരാണ് ജെൻ സീകളിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ, അവരുടെ മാനസികപ്രശ്നങ്ങൾ പെട്ടെന്നാർക്കും കണ്ടെത്താനാകില്ല.    ഡോ. ആർ.ജയപ്രകാശ്  
 
ഒരാൾക്കു വിഷാദരോഗം വരുന്നതിനു പിന്നിൽ മാനസികവും ശാരീരികവും സാമൂഹികവുമായ കാരണങ്ങളുണ്ടാകും. വിഷാദരോഗം വരുന്നവരിൽ തലച്ചോറിലെ സീറോട്ടോണിന്റെ അളവു കുറയും. ഇതിന്റെ അളവു ക്രമപ്പെടുത്തിയാൽ സാധാരണജീവിതം നയിക്കാനുമാകും. അതിനു മരുന്നു കഴിക്കേണ്ടതു പ്രധാനമാണ്. സീറോട്ടോണിന്റെ അളവു കുറയുന്നതു ശാരീരികമാറ്റമാണെങ്കിൽ പ്രതികൂല ജീവിത സാഹചര്യങ്ങളാണു വിഷാദത്തിലേക്കു നയിക്കുന്ന മാനസികാഘാതങ്ങൾ. മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് പല കുട്ടികളെയും പല തരത്തിലാണു ബാധിക്കുക. അതുപോലെയാണു പ്രണയനൈരാശ്യവും. ഒരാളുടെ ജനറ്റിക്കൽ വൾനറബിലിറ്റി അഥവാ പാരമ്പര്യ ദുർബലത വിഷാദത്തിന്റെ ആക്കം കൂട്ടും.  
  
 -  Also Read  കൃഷ്‌ണപ്രഭ എന്ന നടി അട്ടഹസിക്കുന്ന ആഭാസ വിഡിയോ കണ്ടു, അറിയില്ലെങ്കിൽ വിവരക്കേട് ഛർദ്ദിക്കരുത്: ഡോ. ഷിംന അസീസ്   
 
    
 
മൂഡ് സ്വിങ്സിനെയും അങ്ങനെ തള്ളിക്കളയാനാകില്ല. സ്ത്രീകളിലെ വിഷാദരോഗവും ആർത്തവദിനങ്ങൾക്കു മുന്നോടിയായുള്ള മാനസിക സമ്മർദവും തമ്മിൽ വലിയ ബന്ധമുണ്ട്. അതിനർഥം എല്ലാവർക്കും വിഷാദരോഗമുണ്ടെന്നല്ല. മറിച്ച്, വിഷാദരോഗമുള്ള സ്ത്രീകളിൽ ആർത്തവം തുടങ്ങുന്നതിനു മുന്നോടിയായി മൂഡ് സ്വിങ്സ് പ്രകടമായി കാണാനാകും.  
  
 -  Also Read   കണ്ണടയ്ക്കുമ്പോൾ മാഞ്ഞു പോകട്ടെ ആ ഓർമകൾ; മരണം ഭയന്ന് കഴിഞ്ഞ നാളുകൾ; പ്രതീക്ഷകളിലേക്ക് അവർ വീണ്ടും...   
 
    
 
ഇപ്പോഴത്തെ ജെൻ സീകൾക്ക് ഒരു ‘നോ’ പോലും താങ്ങാനാകില്ല. സമൂഹമാധ്യമങ്ങളിലെ ബുള്ളിയിങ്, അവഗണനകൾ എന്നിവ പോലും അവരെ തളർത്തും. പരസ്പരം തളർത്താൻ അവരുപയോഗിക്കുന്ന പ്രധാന ആയുധവും ഈ അവഗണനതന്നെ. അതുകൊണ്ട്, സമൂഹമാധ്യമങ്ങളിലെ ‘സൈക്കോളജി ടിപ്പുകൾ’ക്ക് ആവശ്യക്കാരേറെയാണ്. എന്തിനും ഏതിനും ഡിജിറ്റൽ സ്പേസിനകത്തു നിൽക്കുന്നവർ അതിൽനിന്നുതന്നെ തങ്ങൾക്കുവേണ്ട മരുന്നും കണ്ടെത്തുന്നു. അതു വലിയ അപകടമാണ്.  
 
മാനസിക രോഗങ്ങളെക്കുറിച്ചുള്ള അവബോധമാണ് പ്രധാനപ്പെട്ടത്. അവരോടു കരുണാപൂർവം പെരുമാറാനും കഴിയണം. പരിഹാസച്ചിരികൾ ഒഴിവാക്കിയാൽ, പരിഗണന വേണ്ടവർക്കു കൃത്യമായ വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞാൽ വലിയമാറ്റം സൃഷ്ടിക്കാനാകും. 
  
 (തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റിൽ പീഡിയാട്രിക്സ് പ്രഫസറും ചൈൽഡ് സൈക്യാട്രിസ്റ്റുമാണു ലേഖകൻ) English Summary:  
Depression in Gen Z: Depression in Gen Z is a rising concern, influenced by digital spaces and societal pressures. Understanding the mental health challenges faced by young people and seeking timely intervention are essential. Addressing this critical issue requires a compassionate and informed approach. |   
                
                                                    
                                                                
        
 
    
                                     
 
 
 |