പാലക്കാട് ∙ ജനങ്ങളുടെ പരാതികൾക്ക് 48 മണിക്കൂറിനകം പരിഹാരം വാഗ്ദാനം ചെയ്ത് തുടങ്ങിയ ‘സിഎം വിത് മി’ (മുഖ്യമന്ത്രി എന്നോടൊപ്പം) സിറ്റിസൻ കണക്ട് സെന്ററിലേക്കു വിളിച്ചിട്ടു കിട്ടുന്നില്ലെന്നു പരാതി. ടോൾഫ്രീ നമ്പറിൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടാത്ത അവസ്ഥയാണ്. ‘കോൾ കണക്ട് ആകുന്നതുവരെ കാത്തിരിക്കുക’ എന്ന മറുപടിയാണു പലപ്പോഴും ലഭിക്കുന്നത്.
കർഷകരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുത്താൻ ടോൾഫ്രീ നമ്പറിൽ വിളിച്ചു പരാതി അറിയിച്ച പാലക്കാട് സ്വദേശിയെ 11 ദിവസം കഴിഞ്ഞാണ് സിറ്റിസൻ കണക്ട് സെന്ററിൽ നിന്നു തിരികെ വിളിച്ചത്. പരാതി അറിയിച്ചയാളുടെ ഫോണിലേക്ക് കംപ്ലയിന്റ് നമ്പറുൾപ്പെടെ വന്നിരുന്നെങ്കിലും മറ്റു മറുപടികളൊന്നും കിട്ടിയില്ല.പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ടോൾഫ്രീ നമ്പറിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. ഒരാഴ്ച കഴിഞ്ഞ് തിരികെ വിളിച്ച ഉദ്യോഗസ്ഥർ പരാതികളെല്ലാം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിഗണിക്കാമെന്നും മാത്രമാണു പറഞ്ഞതെന്നു പരാതിക്കാരൻ പറഞ്ഞു.
ടോൾ ഫ്രീ നമ്പറിൽ ലഭിക്കുന്ന പരാതികളിൽ, 48 മണിക്കൂറിനുള്ളിൽ അതുവരെ സ്വീകരിച്ച നടപടികൾ പരാതിക്കാരനെ വിളിച്ച് അറിയിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.സെപ്റ്റംബർ 29നാണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. അടിയന്തര പരാതികൾ അവധി ദിവസമാണെങ്കിലും പരിഹരിക്കാൻ ക്രമീകരണം ചെയ്യണമെന്നായിരുന്നു ഉദ്യോഗസ്ഥർക്കു നിർദേശമുണ്ടായിരുന്നത്.1800 425 6789 എന്നതാണ് ‘സിഎം വിത് മി’ ടോൾ ഫ്രീ നമ്പർ. English Summary:
CM With Me, a Kerala government initiative promising resolution within 48 hours, faces accessibility issues as citizens report difficulty reaching the helpline. Many users report being unable to connect despite repeated attempts, with delayed responses or no follow-up on their complaints. This raises concerns about the effectiveness of the citizen grievance redressal system. |
|