ന്യൂഡൽഹി ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഒരാഴ്ച തികയുംമുൻപേയാണ് ഐആർസിടിസി അഴിമതിക്കേസിൽ വിചാരണ നേരിടാൻ ലാലു പ്രസാദ് യാദവും തേജസ്വി യാദവും ഉൾപ്പെടെയുള്ള പ്രതികളോടു കോടതി നിർദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുകാലത്തുതന്നെ വിചാരണ തുടങ്ങാൻ കോടതി തീരുമാനിക്കുമോ, അങ്ങനെയുണ്ടായാൽ മേൽക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങാൻ ലാലു പ്രസാദവും കുടുംബവും ശ്രമിക്കുമോ തുടങ്ങിയവ ഇനി വ്യക്തമാകേണ്ടതുണ്ട്.
- Also Read 8 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എതിരെ ദേശീയ സുരക്ഷാനിയമം
ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാളിനു ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ സുപ്രീം കോടതി ഇടക്കാല ജാമ്യമനുവദിച്ചെന്നതു ശ്രദ്ധേയമാണ്. കോടതി നടപടി ബിഹാർ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്നതാണു മറ്റൊരു പ്രസക്തമായ വിഷയം. കഴിഞ്ഞ വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ദ് സോറനും കേജ്‌രിവാളും അറസ്റ്റിലായത്. സോറനു ജാമ്യം ലഭിച്ചതു തിരഞ്ഞെടുപ്പിനുശേഷമാണ്, കേജ്‌രിവാളിനു തിരഞ്ഞെടുപ്പു കാലത്തുതന്നെയും. പിന്നീട് ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ സോറന്റെ ജെഎംഎം ഭരണത്തുടർച്ച നേടി. ഡൽഹി തിരഞ്ഞെടുപ്പിൽ ഈ വർഷം കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്കു ഭരണം നഷ്ടമായി.
ഏതാണ്ട് 30 വർഷമായി അഴിമതിക്കേസുകൾ നേരിടുന്ന ലാലു പ്രസാദിനെ ഇപ്പോൾ തിരഞ്ഞെടുപ്പിന് ആഴ്ചകളുള്ളപ്പോൾ കോടതിയിലെത്തിച്ചു എന്നു വ്യാഖ്യാനിക്കുക എളുപ്പമല്ല. ലാലു പ്രസാദിനും കുടുംബത്തിനുമെതിരെ കേസുണ്ടെന്നത് തിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കുമെന്നു വിലയിരുത്താനും പ്രയാസമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ലാലു പ്രസാദ് കാലിത്തീറ്റ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ ആർജെഡിയാണ് ഏറ്റവും കൂടുതൽ സീറ്റ് നേടിയത്.
ലാലു പ്രസാദും കുടുംബവും അഴിമതിക്കാരെന്ന ആരോപണം എൻഡിഎയ്ക്കു ശക്തമായി ഉന്നയിക്കാം. ഇന്ത്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സൂചിപ്പിക്കപ്പെടുന്ന തേജസ്വിയെ പ്രതിസ്ഥാനത്തു നിർത്താം. ഒന്നാം യുപിഎയുടെ ഭരണകാലത്താണ് കേസിന് അടിസ്ഥാനമായ അഴിമതിയുണ്ടായതെന്നു പറഞ്ഞ് കോൺഗ്രസിനെയും വിമർശിക്കാം. പക്ഷേ, അതൊക്കെ വോട്ടർമാരെ എത്രകണ്ടു സ്വാധീനിക്കുമെന്നു തിരഞ്ഞെടുപ്പിലേ വ്യക്തമാകൂ.
തിരഞ്ഞെടുപ്പുകാലത്തു തങ്ങളുടെ നേതാക്കളെ കോടതിയിലെത്തിക്കുന്നു എന്നതു കൂടുതൽ ആവേശത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ യാദവ വിഭാഗത്തെ പ്രേരിപ്പിക്കാം. അങ്ങനെവരുമ്പോൾ തങ്ങളുടെ പക്ഷത്തെ വോട്ട് ഏകോപനം ജാതീയമായി ശക്തിപ്പെടുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. English Summary:
Bihar Elections: How Lalu Family Case Impacts RJD and INDIA Bloc Prospects |